ഡ്യൂറൻഡ് കപ്പ് 2025: ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്ത്!
ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ വാശിയേറിയ കൊൽക്കത്തൻ ഡെർബിയും.

ഡ്യൂറൻഡ് കപ്പ് 2025-ലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് കളമൊരുങ്ങി. ആവേശകരമായ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നാല് ഐഎസ്എൽ ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചതോടെ ടൂർണമെന്റിന് വീറും വാശിയും കൂടും.ഈസ്റ്റ് ബംഗാൾ എഫ്‌സിയുംമോഹൻ ബഗാൻ സൂപ്പർ ജയന്റുമാണ് ഇതുവരെയുള്ള ടൂർണമെന്റിലെ മിന്നും താരങ്ങൾ. രണ്ട് ടീമുകളും കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടറിലെത്തിയത്.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി, ഇന്ത്യൻ നേവി എഫ്‌ടിയെ നേരിടും. രണ്ടാം മത്സരത്തിൽ ബോഡോലാൻഡ് എഫ്‌സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ഏറ്റുമുട്ടും. ഞായറാഴ്ചജംഷഡ്‌പൂർ എഫ്‌സി, ഡയമണ്ട് ഹാർബർ എഫ്‌സിയെ നേരിടുമ്പോൾ, അവസാന ക്വാർട്ടർ പോരാട്ടത്തിൽ കൊൽക്കത്തൻ ഡെർബിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാളിനെ നേരിടും.
ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്‌സി ഇന്ത്യൻ നേവി എഫ്ടിക്ക് എതിരെ ഇറങ്ങും. ഏഴ് പോയിന്റുമായി ഗ്രൂപ്പ് എഫ്-ൽ ഒന്നാമതെത്തിയാണ് ഇന്ത്യൻ നേവി ക്വാർട്ടറിലെത്തിയത്. അതേസമയം, ഗ്രൂപ്പ് ഇ-യിൽ റണ്ണറപ്പായ ഷില്ലോങ് ലജോങ്, മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരിൽ ഒരാളായി യോഗ്യത നേടുകയായിരുന്നു. കോക്രജാറിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ, കളിച്ച എല്ലാ കളികളും ജയിച്ച് ഗ്രൂപ്പ് ഡി ജേതാക്കളായ ബോഡോലാൻഡ് എഫ്‌സി, ഗ്രൂപ്പ് ഇ ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടും. രണ്ട് വിജയവും ഒരു സമനിലയുമായാണ് നോർത്ത് ഈസ്റ്റ് മുന്നേറിയത്.
ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ജംഷഡ്പൂർ എഫ്‌സി, ഡയമണ്ട് ഹാർബർ എഫ്‌സിയെ നേരിടും. ഗ്രൂപ്പ് സി ജേതാക്കളായ 'മെൻ ഓഫ് സ്റ്റീൽ' ടൂർണമെന്റിലെ മികച്ച ഫോം തുടരാനാണ് ലക്ഷ്യമിടുന്നത്. എംബിഎസ്‌ജിക്ക് പിന്നിൽ ഗ്രൂപ്പ് ബി-യിൽ രണ്ടാം സ്ഥാനക്കാരായ ഡയമണ്ട് ഹാർബർ എഫ്‌സി, ആറ് പോയിന്റ് നേടിയ റിയൽ കശ്മീർ എഫ്‌സി, ഇന്ത്യൻ ആർമി എന്നിവരെ ഗോൾ വ്യത്യാസത്തിൽ പിന്തള്ളിയാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
എന്നാൽ, ഈ റൗണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം കൊൽക്കത്ത ഡെർബി തന്നെയാണ്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും. 17 തവണ കിരീടം നേടിയ മോഹൻ ബഗാൻ സൂപ്പർ ജയന്റും, 16 തവണ ജേതാക്കളായ ഈസ്റ്റ് ബംഗാളും തമ്മിലുള്ളത് വൈരം ചരിത്രപരമാണ്. അഭിമാന പോരാട്ടത്തിനൊപ്പം സെമിഫൈനൽ ബർത്തും ലക്ഷ്യമിട്ടാണ് ഇരു വമ്പന്മാരും കളത്തിലിറങ്ങുന്നത്.
ക്വാർട്ടർ ഫൈനൽ മത്സരക്രമം:
ഷില്ലോങ് ലജോങ് vs ഇന്ത്യൻ നേവി - ശനിയാഴ്ച, ഓഗസ്റ്റ് 16 (ഷില്ലോങ്)
ബോഡോലാൻഡ് എഫ്‌സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - ശനിയാഴ്ച, ഓഗസ്റ്റ് 16 (കൊക്രജാർ)
ജംഷഡ്‌പൂർ എഫ്‌സി vs ഡയമണ്ട് ഹാർബർ എഫ്‌സി - ഞായറാഴ്ച, ഓഗസ്റ്റ് 17 (ജംഷഡ്‌പൂർ)
മോഹൻ ബഗാൻ സൂപ്പർ ജയന്റ് vs ഈസ്റ്റ് ബംഗാൾ - ഞായറാഴ്ച, ഓഗസ്റ്റ് 17 (കൊൽക്കത്ത)