ഡ്യൂറൻഡ് കപ്പ് 2025: ആദ്യ പാദം പിന്നിടുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ നില
ഡ്യൂറൻഡ് കപ്പിന്റെ വാശിയേറിയ ആദ്യ പാദത്തിൽ കളം നിറഞ്ഞ ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുകയാണിവിടെ.

ആരവവും ആവേശവും ചോരാതെ ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പ് ആദ്യ പാദം കടന്ന് മുന്നേറുകയാണ്. കൊൽക്കത്തയിലെ രണ്ടെണ്ണം അടക്കം ഇന്ത്യയിലുടനീളം ആറ് വേദികളിലായി നടക്കുന്ന ടൂർണമെന്റിൽ ഓരോ മത്സരദിനവും വീറും വാശിയും മുറുകുകയാണ്. 2025-ലെ പതിപ്പിൽ ഐഎസ്എല്ലിൽ നിന്നും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാൾ എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുഹമ്മദൻ എസ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നിവരാണവർ.
2021 സീസൺ മുതൽ തുടർച്ചയായ എല്ലാ പതിപ്പുകളിലും ഐഎസ്എൽ ടീമുകൾ പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. ഇത്തവണ മത്സരിക്കുന്ന 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് പുരോഗമിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും, മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും.
ഗ്രൂപ്പ് ഘട്ടത്തിലെ ആകെ 36 മത്സരങ്ങളിൽ ഒമ്പതെണ്ണം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങുകയാണ് ടൂർണമെന്റ്. വാശിയേറിയ ആദ്യ പാദത്തിൽ കളം നിറഞ്ഞ ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുകയാണിവിടെ.
ഈസ്റ്റ് ബംഗാൾ എഫ്‌സി
ആദ്യ മത്സരത്തിൽ തന്നെ ഗോൾമഴ പെയ്യിച്ചാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി ടൂർണമെന്റിന് തുടക്കമിട്ടത്. ജൂലൈ 23 ബുധനാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ സൗത്ത് യൂണൈറ്റഡിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡിന്റെ ജയം. ക്ലബ്ബിനായി ലാൽചുങ്‌നുംഗ, സോൾ ക്രെസ്പോ, ബിപിൻ സിങ്, ദിമിത്രിയോസ് ഡയമന്റക്കോസ്, നവോറം മഹേഷ് എന്നിവർ ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ തുടക്കം മുതൽ കളിക്കളത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഈസ്റ്റ് ബംഗാൾ പന്ത് തട്ടിയത്. പന്ത് കൈവശം വെച്ച് കളിച്ച അവർ, എതിർ ഗോൾമുഖത്ത് നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ രൂപപ്പെടുത്തിയ കൊൽക്കത്തൻ ക്ലബ് ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി.
മത്സരത്തിലൂടെ ബിപിൻ സിംഗ്, എഡ്മണ്ട് ലാൽറിൻഡിക, മുഹമ്മദ് റാഷിദ്, മാർത്താണ്ഡ് റെയ്‌ന എന്നീ താരങ്ങൾ ഈസ്റ്റ് ബംഗാളിനായി അരങ്ങേറ്റം കുറിച്ചു. ടൂർണമെന്റിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ക്ലബ്. ഓഗസ്റ്റ് 6-ന് നാംധാരി എഫ്‌സിക്കും ഓഗസ്റ്റ് 10-ന് ഇന്ത്യൻ എയർഫോഴ്സിനുമെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.
ജംഷഡ്പൂർ എഫ്‌സി
രണ്ട് മത്സരങ്ങൾ. രണ്ട് ജയം. ആറ് പോയിന്റുകൾ. ഗ്രൂപ്പിൽ ഒന്നാമത്. 2021 മുതൽ 2024 വരെയുള്ള തുടർച്ചയായ നാല് ടൂർണമെന്റുകളിലും നോക്കൗട്ട് കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജംഷഡ്പൂർ എഫ്‌സി, മുഖ്യപരിശീലകൻ ഖാലിദ് ജാമിലിന് കീഴിൽ തിരിച്ചുവരവിന് തുടക്കമിടുകയാണ്.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ആവേശകരമായ ജയം സ്വന്തമാക്കിയാണ് ക്ലബ് ടൂർണമെന്റിന് തുടക്കമിട്ടത്. ജൂലൈ 24 വ്യാഴാഴ്ച ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ നേപ്പാൾ ക്ലബ്ബായ ത്രിഭുവൻ ആർമി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെൻ ഓഫ് സ്റ്റീൽ പരാജയപ്പെടുത്തിയത്. സാർത്ഥക് ഗോലുയി, മൻവീർ സിങ്, പകരക്കാരനായിറങ്ങിയ നിഖിൽ ബർല എന്നിവരാണ് ജംഷഡ്‌പൂരിനായി ഗോളുകൾ നേടിയത്.
രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആർമി എഫ്‌ടിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ടീം നേടിയത്. ജൂലൈ 29 ചൊവ്വാഴ്ച ജംഷഡ്‌പൂരിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, രണ്ടാം പകുതിയിൽ മലയാളി താരം മുഹമ്മദ് സനാന്റെ ഗോളിലൂടെയാണ് ടീം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ ആതിഥേയർ അല്പം പതറിയെങ്കിലും രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെ കളിച്ചു. ഗോൾ വഴങ്ങിയ ശേഷം ഇന്ത്യൻ ആർമി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, മുന്നേറ്റനിരയിൽ കൃത്യത കുറഞ്ഞത് അവർക്ക് തിരിച്ചടിയായി.ഓഗസ്റ്റ് 8-ന് 1 ലഡാക്ക് എഫ്‌സിക്കെതിരെയാണ് ജംഷഡ്‌പൂരിന്റെ അടുത്ത മത്സരം.
മുഹമ്മദൻ എസ്‌സി
ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന ഖ്യാതിയുള്ള മുഹമ്മദൻ എസ്‌സി, ടൂർണമെന്റിലെ ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിലാണ്. ജൂലൈ 28 തിങ്കളാഴ്ച വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ നടന്ന മത്സരത്തിൽ, വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഡയമണ്ട് ഹർബർ എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുഹമ്മദൻസ് പരാജയപ്പെട്ടത്. ഇഞ്ചുറി ടൈമിൽ മുൻ പഞ്ചാബ് എഫ്‌സി താരം ലൂക്കാ മജ്സെൻ നേടിയ ഗോളിലാണ് ഡയമണ്ട് ഹാർബർ എഫ്‌സി കൊൽക്കത്തൻ വമ്പന്മാർക്കെതിരെ അട്ടിമറി ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതലേ മികച്ച പ്രകടനം കാഴ്ചവെച്ചത് ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ ഡയമണ്ട് ഹാർബർ എഫ്‌സിയായിരുന്നു. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി 36-ാം മിനിറ്റിൽ അഡിസന്റെ ഗോളിലൂടെ മുഹമ്മദൻ എസ്‌സി മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ, ഒരു കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ട റുവാത്കിമയിലൂടെ സ്കോർ സമനിലയിലാക്കി ഡയമണ്ട് ഹാർബർ തിരിച്ചടിച്ചു.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ലൂക്കാ മജ്സെൻ ഒരു റീബൗണ്ടിൽ നിന്ന് പന്ത് വലയിലെത്തിച്ച് ഡയമണ്ട് ഹാർബറിനായി വിജയഗോൾ നേടി. തോൽവിയിൽ നിന്നും കരകയറാനായി ഒരുങ്ങുന്ന മുഹമ്മദൻ എസ്‌സി തങ്ങളുടെ അടുത്ത മത്സരത്തിൽ ജൂലൈ 31-ന് നടക്കുന്ന കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും.
മറ്റ് മൂന്ന് ഐഎസ്എൽ ക്ലബ്ബുകളുടെ മത്സരങ്ങൾക്ക് ഇനിയും തുടക്കമായിട്ടില്ല. മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ആദ്യ മത്സരം ജൂലൈ 30 ന് മുഹമ്മദൻ എസ്‌സിക്കെതിരായാണ്. ഓഗസ്റ്റ് രണ്ടിന് മലേഷ്യൻ ആംഡ് ഫോഴ്‌സിനെതിരെയാണ് നിലവിലെ ജേതാക്കളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ ആദ്യ മത്സരം. ഓഗസ്റ്റ് മൂന്നിന് കർബി ആംഗ്ലോങ് മോണിംഗ് സ്റ്റാർ എഫ്‌സിയെ നേരിടുന്നതോടെ പഞ്ചാബ് എഫ്‌സിയുടെ ടൂർണമെന്റിന് തുടക്കമിടും.