Image credit: KeralaBlasters@Twitter

ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്ന ഒരു പോരാട്ടമാണ് നാളെ അരങ്ങേറുന്നത്. ഗ്രൂപ്പ് സി-യിൽ നാളെ നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത് ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ ചിരവൈരികളായ ബെംഗളൂരു എഫ്സിയെയാണ്. നാളത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിയ്ക്കുന്നില്ല.

സെപ്റ്റംബർ 15-ന് കൃത്യം 3 മണിയ്ക്ക് കൊൽക്കത്തയിലെ യുബ-ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. പതിവു പോലെ അഡ-ടൈംസ് ആപ്പിൽ ആരാധകർക്ക് മത്സരം തത്സമയം കാണാൻ കഴിയുന്നതാണ്. ചരിത്രത്തിലാദ്യമായി ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെയാണ് അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി പെനാൽറ്റിയിലൂടെ ഉറുഗ്വേ താരം അഡ്രിയാൻ ലൂണയാണ് വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ നേടിയ വിജയം ആവർത്തിയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

അതേ സമയം ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ ബെംഗളൂരു എഫ്സിയുടെ ആദ്യ മത്സരമാണിത്. വിദേശ താരങ്ങൾ ആരുമില്ലാതെയാണ് ബെംഗളൂരു എഫ്സി കളത്തിലിറങ്ങുക. പക്ഷേ എഎഫ്സി കപ്പ് മത്സരത്തിൽ ടീമിനായി കളത്തിലിറങ്ങിയ പല ഇന്ത്യൻ താരങ്ങളും ബെംഗളൂരു എഫ്സിക്കായി ബൂട്ട് കെട്ടും.

ഇതു മൂന്നാം തവണയാണ് ബെംഗളൂരു എഫ്സി ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഡ്യൂറൻഡ് കപ്പ് സ്ക്വാഡിൽ ബെംഗളൂരു എഫ്സി പ്രാമുഖ്യം നൽകിയിരിക്കുന്നത് യുവതാരങ്ങൾക്കാണ്. 2019-ലാണ് ബെംഗളൂരു എഫ്സി അവസാനമായി ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തത്. ക്ലബ്ബിന്റെ പരിശീലനത്തിന് നേതൃത്വം നൽകുന്നത് സീനിയർ ടീമിന്റെ സഹപരിശീലകനായ നൗഷാദ് മൂസ, റിസർവ് ടീം സഹപരിശീലകനായ രാജൻ മണി എന്നിവരാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡിൽ നിലവിൽ ടീമിനൊപ്പമുള്ള വിദേശ താരങ്ങൾ അഡ്രിയാൻ ലൂണ, ചെഞ്ചോ, സിപോവിച്ച് എന്നിവരാണ്. അതേ സമയം പരിക്കിന്റെ പിടിയിലായ അബ്ദുൾ ഹക്കു, സഹൽ അബ്ദുൾ സമദ് എന്നീ താരങ്ങൾ ബെംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിലുണ്ടാകില്ല. നാളത്തെ മത്സരത്തിൽ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഗ്രൂപ്പ് സി-യിൽ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനത്ത് എത്താനും അതുവഴി ക്വാർട്ടർ ഫൈനൽ പ്രവേശന സാധ്യത വർദ്ധിപ്പിക്കാനും സാധിക്കും.

ഡ്യൂറൻഡ് കപ്പ് സ്ക്വാഡ്

ബെംഗളൂരു എഫ്സി

ലാറ ശർമ്മ, ഷാരോൺ പടത്തിൽ, പരാഗ് ശ്രീവാസ്, റോബിൻ യാദവ്, ഹർപ്രീത് സിംഗ്, ജഗ്ദീപ് സിംഗ്, അജിത് കുമാർ, നംഗ്യാൽ ബൂട്ടിയ, വുംഗായം മുയ്റാങ്, നൗറം റോഷൻ സിംഗ്, തോയ് സിംഗ്, ബെക്കി ഓറാം, ഡമൈറ്റ്ഫാംഗ് ലിങ്‌ഡോ, അജയ് ഛേത്രി, ബിശ്വ ഡാർജി, മക്കാർട്ടൻ ലൂയിസ് നിക്‌സൺ, ബിദ്യാ സാഗർ സിംഗ്, ലിയോൺ അഗസ്റ്റിൻ, ആകാശ്ദീപ് സിംഗ്, ഹർമൻപ്രീത് സിംഗ്, ശിവശക്തി നാരായണൻ, ലാൽതാങ്ലിയാന.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

ആൽബിനോ ഗോമസ്, പ്രഭ്സുഖൻ സിംഗ് ഗിൽ, സച്ചിൻ സുരേഷ്, ബിജോയ് വി, എനെസ് സിപോവിച്ച്, ജെസ്സൽ കാർനെയ്റോ, അബ്ദുൾ ഹക്കു, സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം റുയിവ, ഷഹജാസ് തെക്കൻ, ദെനെചന്ദ്ര മെയ്തി, സന്ദീപ് സിംഗ്, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, രാഹുൽ കെ.പി, അഡ്രിയാൻ ലൂണ  സുഖം യോയ്ഹെൻബ മെയ്തി, ലാൽതത്തംഗ ഖാവ്ൽഹ്രിംഗ്, ഗൗരവ് കെ, ഹർമൻജോത് ഖാബ്ര, ഗിവ്സൺ സിംഗ്, ആയുഷ് അധികാരി, പ്രശാന്ത് കെ, സെയ്ത്യസെൻ സിംഗ്, വിൻസി ബാരെറ്റോ, അനിൽ ഗാവ്കർ, ജോർജ് പെരേര ഡയസ്, വിഎസ് ശ്രീക്കുട്ടൻ, ചെഞ്ചോ ഗിൽറ്റ്ഷെൻ.