'ഇന്ത്യൻ സീനിയർ ടീമിന് കളിക്കുക സ്വപ്നം'; മനസ്സ് തുറന്ന് വിബിൻ മോഹനൻ
കഴിഞ്ഞ കുറച്ചു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ നിർണായക സ്ഥാനം വഹിക്കുന്ന വിബിൻ, ടീമിന്റെ നട്ടെല്ല് കൂടിയാണ്.

ഇന്ത്യൻ ദേശീയ സീനിയർ ഫുട്ബോൾ ടീമിൽ കളിക്കുക എന്നത് സ്വപ്‌നമാണെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനൻ. കഴിഞ്ഞ കുറച്ചു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ നിർണായക സ്ഥാനം വഹിക്കുന്ന താരം, ടീമിന്റെ നട്ടെല്ല് കൂടിയാണ്. മധ്യനിരയിൽ നിന്നും വിബിൻ നൽകുന്ന പന്തുകൾ ലക്ഷ്യമാക്കി ഓടുന്ന ഐമനടക്കമുള്ള താരങ്ങളെ ഈ സീസണിൽ പലതവണ കണ്ടിട്ടുണ്ട്. കൃത്യതയാർന്ന പാസുകളുമായി കളിക്കളത്തിൽ വിബിൻ തുറന്നിടുന്ന അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിലാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര ഇനിയും പ്രവർത്തിക്കേണ്ടതെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതു സീസണിലെ ആദ്യ മാച്ച് വീക്കുകൾ കാണിച്ചുതരുന്നു.
"സീനിയർ ഇന്ത്യൻ ടീമിനായി കളിക്കുന്നത് എന്റെ സ്വപ്നമാണ്. ആ ആഗ്രഹം ഉടൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഞാൻ കഠിനാധ്വാനം ചെയ്യും." - onmanorama.com നൽകിയ അഭിമുഖത്തിൽ വിബിൻ മോഹനൻ മനസ്സ് തുറന്നു.
ഈ വർഷം പരിക്ക് മൂലവും വ്യക്തിപരമായ കാരണങ്ങളാലും വിബിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തായ്‌ലൻഡിലെ പ്രീ സീസണിലും തുടർന്ന്, ഇന്ത്യയിൽ ഡ്യൂറൻഡ് കപ്പിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ രണ്ടാം പകുതിയിൽ താരം കളിക്കളത്തിലെത്തി. മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരളം തോറ്റെങ്കിലും മത്സരശേഷം മാധ്യമങ്ങളെ കണ്ട മുഖ്യപരിശീലകൻ മിക്കേൽ സ്റ്റാറെ, കളിക്കളത്തിൽ വിബിന്റെ പ്രാധാന്യത്തെകുറിച്ച് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണിൽ ഇവാൻ വുകുമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണം നയിച്ചിരുന്നത് 4-4-2 ഫോർമേഷനിൽ കളിക്കുന്ന രണ്ട് മുന്നേറ്റതാരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഇത്തവണയാകട്ടെ, ഒരു ഫോർവേഡിനും അറ്റാക്കിങ് മിഡിനും ഒപ്പം വൈഡ് ആയി കളിക്കുന്ന രണ്ട് താരങ്ങൾ വിങ്ങിൽ നിന്നും മുറിച്ചു കടക്കുന്നു. ഇത് പാസുകൾ നൽകാൻ കൂടുതൽ ഓപ്ഷനുകൾ വിബിന് നൽകുന്നു. ഈ വെല്ലുവിളി അടക്കം പരിശീലകൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് മികച്ചത് നൽകുന്നത് ഒരു ഉത്തരവാദിത്ത്വമായി എടുക്കുമെന്ന് താരം വ്യക്തമാക്കി.
"ഓരോ പരിശീലകന്റെയും ശൈലി വ്യത്യസ്തമായിരിക്കും. കഴിഞ്ഞ സീസണിൽ (വുകോമാനോവിച്ചിന് കീഴിൽ) ഞാൻ 4-4-2 എന്ന ഫോർമേഷനിൽ ധാരാളം മത്സരങ്ങൾ കളിച്ചു. ആ സമയം എനിക്ക് രണ്ട് ഫോർവേഡുകളിൽ നിന്നും തിരഞ്ഞെടുക്കമായിരുന്നു. എന്നാലിപ്പോൾ സിസ്റ്റം മാറി. ഇവിടെ (സ്റ്റാറെയുടെ കീഴിൽ) വൈഡ് ആയി കളിക്കുന്ന താരങ്ങൾ ഉള്ളിലേക്ക് മുറിച്ചു കടന്ന് സ്‌ട്രൈക്കറിനൊപ്പം ചേരുന്നതിനാൽ, എനിക്ക് നാല് മുന്നേറ്റ താരങ്ങളിലേക്ക് പാസ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. വ്യത്യസ്തമായ ഈ വെല്ലുവിളി അടക്കം, പരിശീലകൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് എന്റെ മികച്ചത് നൽകുക എന്നത് എന്റെ ഉത്തരവാദിത്തമായി ഞാൻ കാണുന്നു." വിബിൻ പറഞ്ഞു.
2023-24 സീസണിന് മുന്നോടിയായി കഴിഞ്ഞ വർഷം ജൂണിൽ വിബിൻ മോഹനൻ ഗ്രീസിലെ മുൻ നിര ക്ലബായ ഒഎഫ്ഐ ക്രീറ്റിൽ ഒരു മാസക്കാലം പരിശീലനത്തിന് പോയിരുന്നു. ആ പരിശീലനം കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള തന്റെ കഴിവിനെ പരിപോഷിപ്പിച്ചു എന്ന് താരം വ്യക്തമാക്കി.
"അവിടെ നിന്ന് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം തീരുമാനമെടുക്കലാണ്. പലപ്പോഴും ഒരു കളിക്കാരൻ പന്ത് നഷ്ടപ്പെടുത്തുമ്പോൾ, ആളുകൾ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. പന്ത് നഷ്ടമായത് ആരുടെ പിഴവുകൊണ്ടാണെന്ന് ആരും ചിന്തിക്കാറില്ല. അവന് പാസ് നൽകിയ കളിക്കാരൻ, അവൻ അത്തരത്തിലുള്ള പാസ് സ്വീകരിക്കാൻ കഴിയുന്ന സ്ഥലത്തല്ല എന്ന് മനസിലാക്കിയിരിക്കില്ല. എന്റെ യൂറോപ്യൻ അനുഭവം ഇത്തരമൊരു വീക്ഷണത്തിലേക്കും എന്നെ നയിച്ചു." വിബിൻ പറഞ്ഞു.
കളിക്കളത്തിൽ അസാധ്യമായ മികവ് പുലർത്തുന്ന വിബിനെ ആരാധകർ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന മധ്യനിര താരങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ തനിക്ക് പ്രത്യേക ഇഷ്ടമുള്ള സെൻട്രൽ മിഡ്ഫീൽഡർമാർ ഇല്ലെന്നും എല്ലാ താരങ്ങളുടെ കളിയിൽ നിന്നും ചില ഘടകങ്ങൾ മനസിലാക്കുന്നുവെന്നും വിബിൻ വ്യക്തമാക്കി. "ഞാൻ പ്രീമിയർ ലീഗും മാഡ്രിഡ് ഡെർബിയും മറ്റ് പ്രധാന മത്സരങ്ങളും കാണും. സ്വാഭാവികമായും, സെൻട്രൽ മിഡ്ഫീൽഡർമാരുടെ നീക്കങ്ങൾ ഞാൻ മനസിലാക്കും. പക്ഷേ ഞാൻ പിന്തുടരുന്ന പ്രിയപ്പെട്ടതോ അല്ലെങ്കിൽ പ്രത്യേകമായതോ ആയ ഒരു കളിക്കാരനില്ല. എല്ലാ മികച്ച സെൻട്രൽ മിഡ്ഫീൽഡർമാരിൽ നിന്നും പഠിക്കാൻ ഞാൻ ശ്രമിക്കും." - വിബിൻ പറഞ്ഞവസാനിപ്പിച്ചു.