ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ മികച്ച മുന്നേറ്റമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. എട്ടുമത്സരങ്ങൾ പൂർത്തിയാക്കി റാങ്കിങ് ടേബിളിൽ ഒന്നാമതാണ് ബ്ലാസ്റ്റേഴ്സ്. സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി വെറും ആറു കളികൾ മാത്രമേ കളിച്ചുവെങ്കിലും നാലു ഗോളുകൾ നേടി ടീമിന്റെ ടോപ് സ്കോററാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഇന്ത്യൻ സൂപ്പർ ലീഗിലും ഗോൾ സ്കോറിങ്ങിൽ രണ്ടാം സ്ഥാനത്താണ് താരം

ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സീസണിലെ തന്റെ വിലയിരുത്തലുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

താങ്കൾ എങ്ങനെയാണ് ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്, എങ്ങനെയാണ് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായത്?

ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ ഒരു അക്കാദമിയിൽ കളിക്കാൻ ആരംഭിച്ചു. ആയിടക്ക് ഗ്രീസിൽ ഒരു ടീമിനൊപ്പം നാലാം ഡിവിഷനിൽ കളിയ്ക്കാൻ എനിക്ക് അവസരം ലഭിച്ചു. അവിടെ നിന്ന് 15 വയസ്സുള്ളപ്പോൾ പ്രൊഫഷണൽ കരാറിൽ ഞാൻ ഒളിമ്പ്യാക്കോസിലേക്ക് പോയി. ഞാൻ എന്റെ അക്കാദമിയിലൂടെ ദേശീയ ടീമിനായി കളിക്കുമ്പോഴാണ് ഒളിംപിയാക്കോസിലേക്ക് കരാർ ഒപ്പുവക്കുന്നത്. ഒളിംപിയാക്കോസിൽ പോയതിനുശേഷം ഞാൻ ജർമ്മനി, ക്രൊയേഷ്യ, ഇസ്രായേൽ എന്നിവിടങ്ങളിൽ ടീമുകളിലേക്ക് ലോണിൽ പോയി, ഇപ്പോൾ ഞാൻ ഇവിടെയുണ്ട്.

ഒരു ഫുട്ബോൾ കളിക്കാരനാകാൻ നിങ്ങളുടെ പ്രചോദനം ആരായിരുന്നു, ഒരു ഫുട്ബോൾ കളിക്കാരനാകാൻ നിങ്ങൾ എങ്ങനെ തീരുമാനിച്ചു?

തുടക്കത്തിൽ, ഞാൻ ഒരു നീന്തൽക്കാരനായാണ് തുടങ്ങിയത്. നാല് വയസ്സ് മുതൽ പതിനൊന്ന് വയസ്സ് വരെ എട്ട് വർഷം ഞാൻ നീന്തി. ഒപ്പം ഫുട്ബോളും കളിച്ചു. പക്ഷെ ഒടുവിൽ രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നു. ഞാൻ ഫുട്ബോളിനെ കൂടുതൽ ഇഷ്ടപ്പെട്ടു. അങ്ങനെ ഒടുവിൽ ഞാനൊരു ഫുട്ബോൾ കളിക്കാരനാകാൻ തീരുമാനിച്ചു. പക്ഷേ ആരും എന്നെ പ്രചോദിപ്പിച്ചില്ല. കുട്ടിക്കാലം മുതൽ, ഞാനെല്ലാ സമയവും പന്തുമായി കളിച്ചുനടന്നു. എനിക്കെപ്പോഴും എന്റെ കാലിൽ പന്ത് വേണമായിരുന്നു.

നിങ്ങൾ എങ്ങനെയാണ് ഇന്ത്യയിൽ വന്നത്? എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തിയത്?

എന്റെ ഫുട്ബാൾ കരിയർ ഏഷ്യയിൽ ശ്രമിച്ചുനോക്കാൻ ചെയ്യാൻ ഞാനാഗ്രഹിച്ച സമയമായിരുന്നുവത്. ടീമിനെക്കുറിച്ചും വലിയ ആരാധകവൃന്ദത്തെക്കുറിച്ചും എനിക്കറിയാമായിരുന്നു. കൂടാതെ, ഞാൻ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചുമായി സംസാരിച്ചു. ടീമിന്റെ ഭാഗമാകുന്നതിലെ ഗുണങ്ങൾ ഞാൻ കണ്ടു. ഏഷ്യയിലേക്കും ഇന്ത്യയിലേക്കും വരാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാരണം ഓരോ വർഷവും ലീഗും ടീമും വളരുകയാണ്.

കേരളത്തിൽ ഇത്രയധികം ആരാധകരുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നോ? മഞ്ഞപ്പടയെക്കുറിച്ച് എന്താണ് അഭിപ്രായം?

സത്യം പറഞ്ഞാൽ ഇല്ല. ടീമിന് വലിയ ആരാധകവൃന്ദം ഉണ്ടെന്നും അത് അതിശയിപ്പിക്കുന്നതാണെന്നും എന്നോട് പറഞ്ഞിരുന്നു. പക്ഷേ ആദ്യ മത്സരം കളിച്ചപ്പോൾ കണ്ടത് ഞാൻ പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു, എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല, കാരണം അത്രയധികം ആളുകൾ. പക്ഷേ അത് ഹോം സ്റ്റേഡിയത്തിൽ മാത്രമല്ല. ഞാൻ വന്നപ്പോൾ ടീം ദുബായിൽ ആയിരുന്നു. അവിടെയും 5000 പേരോളം ഉണ്ടായിരുന്നു. ഞാൻ ആശ്ചര്യപ്പെട്ടു. എന്താണീ സംഭവിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഞങ്ങളുടെ ആരാധകർ ശരിക്കും അത്ഭുതകരമാണ്. ഞങ്ങൾ നാട്ടിലായാലും പുറത്തായാലും എല്ലായിടത്തും അവർ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നു.

സീസണിലെ താങ്കളുടെ പ്രകടനത്തെ എങ്ങനെ വിശകലനം ചെയ്യുന്നു?

എനിക്ക് പരിക്ക് ഉണ്ടായിരുന്നു. എല്ലാ പ്രീ-സീസണും എനിക്ക് നഷ്ടമായി. എന്നാൽ ഇപ്പോളത് കഴിഞ്ഞു. ഞാൻ ഫോമിൽ തിരിച്ചെത്തി. ഇപ്പോൾ നല്ല നിലയിലാണെന്ന് ഞാൻ കരുതുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഞാനെന്റെ ടീമിനായി സ്കോർ ചെയ്തു. ഇപ്പോൾ ഞാൻ കഴിഞ്ഞ വർഷത്തെ ദിമിയാണെന്ന് കരുതുന്നു. ഗോളുകൾ നേടുന്നതും ടീമിനെ സഹായിക്കുന്നതും എല്ലാവർക്കും അറിയാവുന്നതുമായ ദിമി.

ഇവാൻ വുകോമാനോവിച്ചിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്, അവനുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുണ്ട്?

ഇവാനുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹത്തിന് എന്നെയിപ്പോൾ നന്നായി അറിയാം. എനിക്കും അദ്ദേഹത്തെ നന്നായി അറിയാം. അദ്ദേഹത്തിന്റെ ഫുട്ബോൾ ശൈലി എന്താണെന്ന് എനിക്കറിയാം. ആക്രമണാത്മകമായി കളിക്കുന്നതിനാൽ അദ്ദേഹം കളിക്കുന്ന തരത്തിലുള്ള ഫുട്ബോൾ എനിക്ക് ഇഷ്ടമാണ്. ഫുട്ബോളിനെക്കുറിച്ച് ഇവാന് ധാരാളം അറിയാം. അദ്ദേഹം ഒരു നല്ല പരിശീലകനാണ്, ഞാൻ അദ്ദേഹവുമായി സഹകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇവാൻ നമുക്ക് സ്വാതന്ത്ര്യം നൽകുന്നു. എന്താണ് വേണ്ടതെന്ന് ഇവാനറിയാം. നമ്മൾ ഇവാനെ ഫോളോ ചെയ്താൽ നമ്മുടെ ജോലി എളുപ്പമാകുന്നു.

ഒരു സ്ട്രൈക്കർ എന്ന നിലയിൽ ഇത്രയധികം സമ്മർദ്ദങ്ങൾക്കിടയിലും നിങ്ങൾ എങ്ങനെയാണ് സ്ഥിരത പുലർത്തുന്നത്?

ഇല്ല, എന്നെ സംബന്ധിച്ചിടത്തോളം ഇത് സമ്മർദ്ദമല്ല, കാരണം എനിക്ക് എന്നെത്തന്നെ അറിയാം, എനിക്കൊരവസരം ലഭിച്ചാൽ ഞാൻ സ്കോർ ചെയ്യുമെന്ന് എനിക്കറിയാം. ഞാൻ എന്നെത്തന്നെ വിശ്വസിക്കുന്നു. പക്ഷേ ടീമിലെ കെമിസ്ട്രിയാണ് ഏറ്റവും പ്രധാനം.

സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിൽ ഡെയ്സുകെ സകായ്, ക്വാമെ പെപ്ര എന്നിവരെ ഉൾപ്പെടുത്തിയതിനൊപ്പം മറ്റുചില മാറ്റങ്ങൾകൂടി വരുത്തിയിട്ടുണ്ട്. ടീം കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാക്കാൻ ഞങ്ങൾ എല്ലാ വർഷവും ശ്രമിക്കുമെന്ന് ഞാൻ കരുതുന്നു. വർഷം കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു, പോയിന്റുകൾ നോക്കിയാലും ഞങ്ങൾ കൂടുതൽ ശക്തരായിയെന്നത് മനസിലാകും. ഡെയ്സുകെ ഞങ്ങൾക്ക് സൈഡിൽനിന്ന് അധിക സഹായം നൽകുന്നു, ഞങ്ങളത് ഉപയോഗിക്കാൻ ശ്രമിക്കുന്നു. പെപ്രയും വളരെ ശക്തനായ കളിക്കാരനാണ്.

സീസണിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് അഡ്രിയാൻ ലൂണ. അദ്ദേഹത്തിൽനിന്ന് ലഭിക്കുന്ന പിന്തുണ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

ലൂണ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. ഞാൻ നീങ്ങുമ്പോൾ എനിക്ക് എല്ലായ്പ്പോഴും പന്ത് ലഭിക്കുമെന്ന് എനിക്കറിയാം, കാരണം അദ്ദേഹത്തിന് എന്റെ ചലനങ്ങൾ അറിയാം. എനിക്ക് എപ്പോൾ, എവിടേക്ക് പന്ത് വേണമെന്നും ഞാൻ എങ്ങനെ നീങ്ങുന്നുവെന്നും ലൂണക്കറിയാം. ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്. കാരണം അയാൾക്ക് എന്നെ മനസ്സിലാക്കാനും എന്റെ കളി എളുപ്പമാക്കാനും കഴിയും.

ഇഷാൻ പണ്ഡിറ്റയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? ഇന്ത്യൻ സ്ട്രൈക്കർ എന്ന നിലയിൽ ഇഷാൻ പണ്ഡിറ്റയിൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. നിങ്ങൾ എന്താണ് കാണുന്നത്? അവന്റെ കളി എങ്ങനെ വിശകലനം ചെയ്യും?

അവൻ ഒരു നല്ല സ്ട്രൈക്കറാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, നിങ്ങൾക്കറിയാവുന്നതുപോലെ അദ്ദേഹത്തിന് ഇപ്പോൾ പരിക്കുണ്ട് എന്നതാണ് പ്രശ്നം. കൂടുതൽ ആത്മവിശ്വാസം നേടുന്നതിന് അദ്ദേഹത്തിന് ഗെയിം സമയം ആവശ്യമാണ്. പരിശീലനത്തിൽ ഞങ്ങളോടൊപ്പം അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തന്റെ അവസരം ഉപയോഗിക്കുമെന്നും കാണിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഇഷാൻ നല്ല സാങ്കേതികതയുള്ള ഒരു മികച്ച കളിക്കാരനാണ്. എവിടെയാണ് നീങ്ങേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അധിക സഹായമാണ്, കാരണം ഞങ്ങൾക്ക് സ്കോർ ചെയ്യാനും വിജയിക്കാനും കഴിയുന്ന നല്ല സ്ട്രൈക്കർമാർ ആവശ്യമാണ്.