ഡിമിട്രിയോസ് ഡയമന്റകോസുമായുള്ള കരാർ  2024 വരെ നീട്ടിയാതായി കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഔദ്യോഗീകമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് നേതൃത്വം നൽകിയ താരം 24 മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  ലീഗ് ചരിത്രത്തിലാദ്യമായി തുടർച്ചയായി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകും.

ഹീറോ ISL 2022-23 സീസണിൽ ഒരു പാദമുള്ള നോക്കൗട്ട് പ്ലേഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് സീസണിൽ നിന്ന് വിടപറഞ്ഞത്. എന്നാൽ പൂർവാധികം ശക്തിയോടെ ക്ലബ് തിരിച്ചുവരുമെന്ന് ഡയമന്റകോസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു, അടുത്ത സീസണിൽ ടീം ലീഗ് ഷീൽഡ് നേടുകയെന്ന ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“കുറച്ചു ഗോളുകൾ നേടാനായതിനാൽ എനിക്കീ സീസൺ മികച്ചതായിരുന്നുവെന്ന് ഞാൻ പറയണം, പക്ഷേ ആ ഗോളുകൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ടീമിനെ സഹായിച്ചില്ല, അടുത്ത സീസണിൽ ഞങ്ങൾ ലീഗ് ഷീൽഡ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. വരും സീസണിൽ ഞാൻ കൂടുതൽ ഗോളുകൾ നേടുമെന്നും ടീമിനെ കൂടുതൽ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” ഗ്രീക്ക് സ്‌ട്രൈക്കർ ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഹീറോ ISL 2022-23 സീസണിൽ 13 ഗോൾ സംഭാവനകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുൻനിര ഗോൾ സംഭാവനക്കാരനായിരുന്നു ഡയമന്റകോസ്. സീസണിൽ ഗോൾഡൻ ബൂട്ട് ജേതാവായി ഉയർന്നുവന്ന ഒഡീഷ എഫ്‌സിയുടെ ഡീഗോ മൗറിസിയോയേക്കാൾ രണ്ട് ഗോളുകൾ

കുറവ്  മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം. മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയുമായുള്ള പങ്കാളിത്തത്തെക്കുറിച്ചും സഹ കളിക്കാരെയും കോച്ചിംഗ് സ്റ്റാഫിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഞങ്ങൾ ഒരു നല്ല ഗ്രൂപ്പാണ്. എല്ലാ കളിക്കാരും ശരിക്കും മികച്ചവരാണ്. പക്ഷേ, എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് അഡ്രിയാൻ ലൂണയാണ്. എനിക്ക് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ തന്നതിനാൽ, ക്രെഡിറ്റിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റേതാണെന്ന് ഞാൻ കരുതുന്നു." അദ്ദേഹം വെളിപ്പെടുത്തി.

“എന്നാൽ എല്ലാ കളിക്കാരും എന്നെ സഹായിച്ചു, പരിശീലകർ എന്റെ ഫുട്ബോൾ രീതികൾ വികസിപ്പിക്കുകയും മികച്ച ഫുട്ബോൾ കളിക്കാൻ എന്നെ സഹായിക്കുകയും ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

“കഴഞ്ഞ സീസണിൽ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങളുണ്ട്, കാരണം ഞങ്ങളുടെ സ്റ്റേഡിയത്തിൽ ഞങ്ങൾ കളിച്ച എല്ലാ മത്സരങ്ങൾക്കും ശേഷം, എല്ലാ വിജയത്തിന് ശേഷവും തോൽവികൾക്ക് ശേഷവും കാണികൾ ഒരുമിച്ച് ആഘോഷിക്കുന്നത് ഞങ്ങൾ കണ്ടു. അവർ എല്ലായ്‌പ്പോഴും അവിടെയുണ്ടായിരുന്നു. അവർ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുകയും ചെയ്തു” ഡയമന്റകോസ് പറഞ്ഞു.