ഖത്തറിനോട് തോൽവി, ലോകകപ്പ് മൂന്നാം യോഗ്യതാ റൗണ്ടിലേക്കുള്ള പ്രവേശന പ്രതീക്ഷകൾ അവസാനിച്ച് ഇന്ത്യ!
2026 ഫിഫ ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങി ഇന്ത്യ.

ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ട് മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങി ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഈ തോൽവി ഇന്ത്യയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകൾ അവസാനിക്കാൻ കാരണമായി.
ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനത്തിന് ഇന്ത്യക്ക് ജയം അനിവാര്യമായ മത്സരത്തിൽ ലാലിയൻസുവാല ഛാങ്‌തെ നേടിയ ആദ്യ ഗോളിന്റെ ലീഡ് പ്രതീക്ഷകളുടെ ആക്കം കൂട്ടി. മുപ്പത്തിയേഴാം മിനിറ്റിലാണ് ചാങ്‌തെ ഗോൾ നേടിയത്. ആദ്യ പകുതി ഇന്ത്യയുടെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഖത്തർ സീനിയർ താരങ്ങളായ ഹോമം അഹമ്മദിനെയും ഖാലിദ് അലിയെയും ടീമിലെത്തിച്ചു. അവർ കളിയുടെ ഗതി മാറ്റിമറിച്ചു. രണ്ടാം പകുതിയിൽ മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിറ്റിലാണ് യൂസഫ് അയ്മൻ സമനില ഗോൾ നേടിയത്. ഗോൾ അസാധുവാക്കാനുള്ള ഇന്ത്യൻ ടീമിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
എൺപത്തിയഞ്ചാം മിനിറ്റിൽ ഖത്തർ താരം അൽറാവിയിലൂടെ ഖത്തർ വിജയഗോൾ നേടി. ഫൈനൽ വിസിലിൽ മത്സരം അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ ഖത്തർ വിജയിച്ചു. തോൽവിയുടെ ലോകകപ്പ് യോഗ്യതാ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാദ്യതകൾ അസ്തമിച്ചു. ഒപ്പം 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുന്നതിലും ഇന്ത്യ പരാജയപ്പെട്ടു.
മറുവശത്ത്, ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 1-0ന് തോൽപ്പിച്ച് കുവൈറ്റ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഖത്തർ നേരത്തെ തന്നെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.