ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ ശനിയാഴ്ച നടന്ന മൽസരത്തിൽ, ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച്  കേരള ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫിലേക്കുള്ള സാധ്യതയിലേക്ക് ഒരു പടി കൂടി കടന്നു. ആദ്യ പകുതിയിലെ വെസ് ബ്രൗൺ ഹെഡ്ഡർ ആണ് കേരളത്തിന് വിജയ ഗോൾ നേടിക്കൊടുത്തത്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരളം ഇപ്പോൾ പ്ലേഓഫിലേക്ക് വെറും ഒരു പോയിന്റ് മാത്രം ദൂരെയാണ്.  

മൽസരാനന്തര പത്ര സമ്മേളനത്തിൽ മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത് മുഖ്യ പരിശീലകൻ ഡേവിഡ് ജെയിംസ് ആയിരുന്നു. തന്റെ പക്ഷത്തിന്റെ വിജയത്തിൽ ആഹ്ലാദവാനായിരുന്നു മുൻ ഇംഗ്ലീഷ് താരം. ''ഒരു സെറ്റ്-പ്ലേയിൽ നിന്ന് ഞങ്ങൾ വളരെ നല്ല ഒരു ഗോൾ സ്‌കോർ ചെയ്തു. അത് ഒരു ഡിഫൻഡറുടെ ആദ്യ ഗോൾ. പരിശീലനത്തിന് ഫലം കണ്ടു കൊണ്ടിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു.

തുടർന്ന്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ജെയിംസ്  അവരുടെ പ്രകടനത്തിൽ പ്രശംസിച്ചു. ഒപ്പം തന്റെ ടീമിന്റെ പ്രകടനം വേണ്ടത്ര നിലവാരത്തിലേക്ക് ഉയർന്നില്ലെന്ന് സമ്മതിക്കുകയും ചെയ്തു. ''കാണാൻ ആകർഷകമായിരുന്ന കാര്യം, നോർത്ത് ഈസ്റ്റ് അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതായിരുന്നു. ഞങ്ങൾക്ക് ശരിക്ക് അദ്ധ്വാനിക്കേണ്ടി വന്നു. ഇത്രയും നീണ്ട സമയത്ത്, ഈ സീസണിൽ ഞങ്ങൾ കളിച്ചതിൽ ഏറ്റവും മികച്ചതായിരുന്നില്ല ഞങ്ങളുടെ കളി. ഞങ്ങൾ ഇതിനേക്കാൾ നന്നായി കളിച്ച് തോറ്റിട്ടുണ്ട്. എന്നാൽ, ഫുട്‌ബോളിൽ അന്തിമഫലമാണ് കണക്കിലെടുക്കുക. ഇന്ന് രാത്രിയിലെ പ്രകടനത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെങ്കിലും പ്രകടനത്തിൽ ഏറെ സന്തോഷമില്ല.''

ഒരു ക്ലീൻ ഷീറ്റ് സൂക്ഷിക്കുന്നതിന് എങ്കിലും ആഹ്ലാദമുണ്ടെന്നും തന്റെ മുഴുവൻ സ്‌ക്വഡും ഫിറ്റാണെന്നും 47-കാരനായ ജെയിംസ് പറഞ്ഞു. ''ഞങ്ങൾ ദുഷ്‌കരമായ ഒരു മൽസരത്തിലായിരുന്നു; ഒരു ഗോൾ വഴങ്ങുകയും അതോടൊപ്പം ഞങ്ങൾ സ്‌കോർ ചെയ്യുകയും ചെയ്‌തേക്കാമെന്നായിരുന്നു ഞാൻ കരുതിയത്,'' അദ്ദേഹം വെളിപ്പെടുത്തി. ''അതു കൊണ്ട് ഒരു ക്ലീൻ ഷീറ്റ് ലഭിച്ചത് ഗംഭീരമായി. 0 - 0 ഗോൾ നില പ്രയോജനപ്പെടില്ലെന്നുളളത് വ്യക്തമാണ്. അതു കൊണ്ട് ഞങ്ങൾ വളരെയേറെ മാറ്റങ്ങൾ വരുത്തിയത് നന്നായി. എനിക്കിപ്പോൾ ഒരു മുഴുവൻ സ്‌ക്വാഡും തിരഞ്ഞെടുക്കുന്നതിനായിട്ടുണ്ട്. ഞാൻ ഇവിടെ വന്നതിന് ശേഷം ആദ്യമായിട്ടാണ് അങ്ങനെ സംഭവിക്കുന്നത്.''

പത്ര സമ്മേളനം സമാപിപ്പിക്കുന്നതിന് മുൻപായി അദ്ദേഹം കേരളത്തിന്റെ മുന്നോട്ടുളള പദ്ധതികളെ ഉയർത്തിക്കാട്ടി. ''എടികെ-ക്ക് എതിരായുളള സമനില പദ്ധതിയിലുളളതായിരുന്നില്ല.'' ജെയിംസ് പറഞ്ഞു: ''ഞങ്ങൾ ആറ് മൽസരങ്ങളിൽ ആറ് വിജയങ്ങളാണ് പദ്ധതിയിട്ടിരുന്നത്. ഇനി മുൻപോട്ടേക്കും ഞങ്ങളുടെ ലക്ഷ്യം അതു തന്നെയായിരിക്കും. ഞങ്ങൾക്ക് ബാക്കിയുളള രണ്ട് മൽസരങ്ങളും ജയിക്കണം. ഞങ്ങളുടെ ഗോൾ ഡിഫറൻസ് ഇന്ന് ഞങ്ങൾ നേടിയതിൽ നിന്ന് അൽപ്പം കൂടി ഉയർന്ന നിലയിലേക്ക് മെച്ചപ്പെടുത്താമെന്നും ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.''