ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) ഉദ്ഘാടന സീസണിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അനുഭവിക്കാനായ ആവേശകരമായ അന്തരീക്ഷത്തെ തന്റെ കരിയറിലെ എക്കാലത്തെയും മികച്ചതെന്ന് വിശേഷിപ്പിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളിക്കാരനും മുഖ്യപരിശീലകനുമായ ഡേവിഡ് ജെയിംസ്. Goal.com-ന്റെ "സിംപ്ലി ദി ബെസ്റ്റ്" എന്ന തുടർപംക്തിയുടെ ഔദ്യോഗിക എപ്പിസോഡിലാണ്, മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആരാധകർ കാണിച്ച ആവേശകരമായ പിന്തുണയെക്കുറിച്ച് സംസാരിച്ചത്.

ഏതു ഫുട്ബോൾ മൈതാനത്താണ് ഏറ്റവും ആവേശകരമായ അന്തരീക്ഷം അനുഭവിക്കാനായതെന്നു ചോദിച്ചപ്പോൾ "ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം" എന്നാണ് ഡേവിഡ് ജെയിംസ് മറുപടി പറഞ്ഞത്.

“ആ ഫുട്ബോൾ മത്സരത്തിൽ 60,000-ത്തിലധികം ആളുകൾ ഉണ്ടായിരുന്നു, കിക്ക്-ഓഫിന് ഒരു മണിക്കൂർ മുമ്പ് മുതൽ അത് ശബ്ദത്തിന്റെ മതിൽ സൃഷ്ടിച്ചു, മത്സരം നടക്കുമ്പോൾ ആ ശബ്ദത്തിന്റെ മതിൽ ഉയർന്നു. ഇത്രയും നേരം ഇത്രയും ശബ്ദത്തിന്റെ അകമ്പടിയോടെ ഞാൻ വേറെയെവിടെയും ഫുട്ബോൾ കളിച്ചിട്ടില്ല,” ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ അവിശ്വസനീയമായ അന്തരീക്ഷത്തെക്കുറിച്ച് അദ്ദേഹം മനസ് തുറന്നു.

ലിവർപൂൾ ഉൾപ്പെടെയുള്ള ഇംഗ്ലണ്ടിലെ ടോപ്പ്-ഫ്ലൈറ്റ് ലീഗിലെ നിരവധി എലൈറ്റ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഡേവിഡ് ജെയിംസ്, ഗോൾ കീപ്പറായും പരിശീലകനായും കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം നടത്തി. താരം അരങ്ങേറ്റ സീസണിൽ 12 മത്സരങ്ങൾ കളിക്കുകയും നാല് ക്ലീൻ ഷീറ്റുകൾ നിലനിർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മികവിൽ 76% സേവ് റേറ്റ്, ഹീറോ ISL-ന്റെ ആദ്യ സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്താൻ സഹായിച്ചു.

"ആവേശകരമായ അന്തരീക്ഷത്തെക്കുറിച്ച് പറയുമ്പോൾ, ഞാൻ എവിടെയായിരുന്നാലും, എല്ലാ ക്ലബ്ബുകളും ചില സമയങ്ങളിൽ അതിശയകരമായിരുന്നു, എന്നാൽ ലോകത്തിലെ മറ്റെവിടെയും പോലെ ആവേശഭരിതമാണ് ഇന്ത്യയിലെ ഫുട്ബോളും എന്ന് ഞാൻ മനസ്സിലാക്കിയ സമയമായിരുന്നു അത്," അദ്ദേഹം പറഞ്ഞു.