ഡേവിഡ് കറ്റാല: കെബിഎഫ്സിയുടെ പരിശീലകനെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ
വളരെ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി കറ്റാല കടന്നുവരുന്നത്

സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2024 -25 സീസണിന്റെ പകുതിയിൽ ഇടക്കാല പരിശീലന്റെ കുപ്പായമണിഞ്ഞ ടിജി പുരുഷോത്തമനിൽ നിന്നും ഉടൻ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കാനൊരുങ്ങുന്ന കറ്റാല സൂപ്പർ കപ്പിന് മുന്നോടിയായി കൊച്ചിയിലെത്തുമെന്ന് ക്ലബ് അറിയിച്ചിരുന്നു.
കളിക്കാരനെന്ന നിലയിൽ 500 മത്സരങ്ങളോളം നീണ്ട ഒരു പ്ലെയിങ് കരിയറാണ് കറ്റാലക്ക് ഉണ്ടായിരുന്നത്. ശേഷം, യൂറോപ്പിലെ പല രാജ്യങ്ങളിലായി പടിപടിയായി പടുത്തുയർത്തിയ പരിശീലക കരിയറിൽ എടുത്ത് പറയാവുന്ന നേട്ടങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 2024 - 25 സീസൺ നേട്ടങ്ങളോടെ അവസാനിപ്പിക്കാനായി ക്ലബ് ശ്രമിക്കുമ്പോൾ, ആരാധകരെ പ്രതീക്ഷകളിലേക്കും ആവേശത്തിലേക്കും എത്തിക്കുന്ന ചില ഘടകങ്ങൾ ഈ സൈനിങ്ങിനു പുറകിലുണ്ട്.
കറ്റാല കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കുന്നതെന്ന്:
1) വിപുലമായ അനുഭവസമ്പത്ത്
കരിയറിലുടനീളം സ്പെയിനിലെയും സൈപ്രസിലെയും ക്ലബുകളുടെ പ്രതിരോധ നിരയുടെ നിയന്ത്രണം ഏറ്റെടുത്ത കറ്റാല, ബൂട്ടഴിക്കുന്നതിനു മുൻപ് സൈപ്രസ് ക്ലബ്ബായ എഇകെ ലാർണാക്കയിൽ കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം ക്ലബ്ബിന്റെ യൂത്ത് ടീമിന്റെ നിയന്ത്രം ഏറ്റെടുത്തു. തുടർന്ന് 2021-22 സീസണിൽ മുഖ്യ പരിശീലകനായി നിയമിതനായി. അദ്ദേഹത്തിന്റെ കീഴിൽ ടീം ആ സീസണിൽ ലീഗിൽ മൂന്നമതും ചാമ്പ്യൻഷിപ്പിൽ രണ്ടാമതും എത്തി. ഈ നേട്ടം ക്ലബ്ബിനെ എത്തിച്ചത് 2022-23 യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക്. എന്നാൽ എഫ്‌സി മിഡ്‌ജിലാൻഡിനോട് പെനാൽറ്റിയിൽ അവർ അടിയറവ് പറഞ്ഞു.
എഇകെ ലാർണാക്കയുമായുള്ള വിജയകരമായ സീസണിന് ശേഷം, സൈപ്രസിൽ തന്റെ പരിശീലക ജീവിതം തുടർന്ന കറ്റാല, ക്ലബ്ബിന്റെ ചിരവൈരികളായ അപ്പോളോൺ ലിമാസോളിലേക്ക് ചേക്കേറി. തുടർന്ന് ക്രൊയേഷ്യൻ ഫസ്റ്റ് ഫുട്ബോൾ ലീഗിൽ ക്രൊയേഷ്യൻ ക്ലബ്ബായ എൻകെ ഇസ്ട്ര 1961 ന്റെ ചുമതല ഏറ്റെടുത്തു. അവിടെ നിന്നും പിന്നീട് സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷൻ ലീഗായ പ്രൈമറ ഫെഡറേഷനിൽ സിഇ സബാഡെല്ലിനെ പരിശീലിപ്പിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ചേക്കേറുന്നത്.
2) കളിശൈലി
കറ്റാലയുടെ കളിശൈലി ടീമിന്റെ തന്ത്രപരമായ വഴക്കത്തിലും സ്റ്റ്റക്ചർഡ് പ്രസ്സിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും സമ്മർദ്ദം ചെലുത്തുമ്പോൾ അദ്ദേഹത്തിന്റെ കീഴിലുള്ള ടീമുകൾ ലോ, മിഡിൽ, ഹൈ ഡിഫൻസീവ് ബ്ലോക്കുകൾക്കിടയിൽ മാറിമാറി കളം പിടിക്കുന്നു. കരിയറിലെ കൂടുതലായും നാല് താരങ്ങളെ പ്രതിരോധത്തിൽ വിന്യസിക്കുവാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. മൈതാനത്ത് ടീമിന് കൂടുതൽ വിഡ്ത് ലഭിക്കാൻ ഫുൾ ബാക്കുകളെയും ട്രാൻസിഷനുകളെ നിയന്ത്രിക്കാൻ മിഡ്‌ഫീൽഡർമാരെയും നിയോഗിക്കും. പ്രതിരോധത്തിൽ നിന്നും കളി മെനഞ്ഞെടുക്കുന്ന തന്ത്രമാണ് അദ്ദേഹത്തിന്റേതെങ്കിലും, അതീവ സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ അവ മറികടക്കാൻ ലോങ്ങ് ബോളുകൾ ഉപയോഗിക്കുന്നു.
3) കിരീടനേട്ടമെന്ന ബഹുമതി
വളരെ ചെറിയ പരിശീലക യാത്രയെങ്കിലും, കരിയറിൽ കിരീടത്തിൽ മുത്തമിടാൻ സാധിച്ച മാനേജരാണ് ഡേവിഡ് കറ്റാല. ഫൈനലിൽ ഒമോണിയ നിക്കോസിയയെ പരാജയപ്പെടുത്തി അപ്പോളോൺ ലിമാസോളിനൊപ്പം 2022-23 ലെ സൈപ്രിയറ്റ് സൂപ്പർ കപ്പ് അദ്ദേഹം നേടി. മുൻ സീസണിൽ സൈപ്രിയറ്റ് ഫസ്റ്റ് ഡിവിഷൻ നേടിയതാണ് അപ്പോളോണിനെ ഫൈനലിൽ എത്തിച്ചത്. ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് കിരീടങ്ങൾ എന്ന റെക്കോർഡിൽ ഒമോണിയയെ മറികടക്കാൻ ക്ലബ്ബിന്റെ നാലാമത്തെ സൂപ്പർ കപ്പ് കിരീടത്തിന് സാധിച്ചു.
4) വലിയ ടൂർണമെന്റുകളിലെ പരിചയസമ്പത്ത്
യൂറോപ്യൻ മത്സരങ്ങളിൽ ടീമുകളെ കൈകാര്യം ചെയ്തതിലൂടെ വിലപ്പെട്ട അനുഭവസമ്പത്ത് അദ്ദേഹം നേടിയിട്ടുണ്ട്. 2022-23 സീസണിൽ, യുവേഫ യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം അപ്പോളോൺ ലിമാസോളിനെ നയിച്ചു, അവിടെ അവർ സൈപ്രിയറ്റ് ഹെവിവെയ്റ്റ്സ് ഒളിമ്പിയാക്കോസിനെ നേരിട്ടു. സ്വന്തം ഗ്രൗണ്ടിൽ 1-1 സമനില നേടിയെങ്കിലും, അവസാന പാദം 4-2ന് തോറ്റു. അപ്പോളോൺ ലിമാസോൾ പിന്നീട് യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇടം കണ്ടെത്തി. അവിടെ അവർ ഡച്ച് ടീമായ എസെഡ് അൽക്മാർ, ഉക്രെയ്നിന്റെ എസ്‌സി ഡിനിപ്രോ, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള എഫ്‌സി വാഡൂസ് എന്നീ മുൻ നിര യൂറോപ്യൻ ക്ലബ്ബുകൾ നേരിട്ടു. നോക്കൗട്ട് ഘട്ടങ്ങളിലേക്കുള്ള യോഗ്യത അവർക്ക് നഷ്ടപ്പെട്ടത് തലനാരിഴക്ക്. ഗ്രൂപ്പിൽ അൽക്മാർ ഒന്നാമതെത്തിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ഡിനിപ്രോയേക്കാൾ മൂന്ന് പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചു
5) ഐഎസ്‌എൽ താരങ്ങളുടെ മുൻ സഹതാരം
സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയിൽ മുൻ ബെംഗളൂരു എഫ്‌സി ഫോർവേഡ് ടോണി ഡോവാലെ, മുൻ എഫ്‌സി പൂനെ സിറ്റി മിഡ്‌ഫീൽഡർ ജോനാഥൻ വില എന്നിവരോടൊപ്പം കറ്റാല കളിച്ചിട്ടുണ്ട്. സെൽറ്റ വിഗോയിൽ ആയിരുന്ന സമയത്ത് സ്പെയിൻ ഫോർവേഡ് ഇയാഗോ ആസ്പാസ്, മുൻ പ്രീമിയർ ലീഗ് സ്‌ട്രൈക്കർ മിച്ചു എന്നിവരോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ടിരുന്നു.