ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ മൂന്നാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി നേരിട്ടു. തുടർച്ചയായ എവേ മത്സരങ്ങൾക്കപ്പുറം മാസങ്ങൾക്കു ശേഷമായിരുന്നു മുംബൈ സ്വന്തം സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയത്. മറുവശത്ത് തുടർച്ചയായ രണ്ടു ഹോം മത്സരങ്ങൾക്ക് ശേഷം പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.

മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം സ്വന്തമാക്കി.

ആരംഭനിര

മുംബൈ സിറ്റി എഫ്സി (4-3-3); ഫുർബ ലാചെൻപ (ജികെ), രാഹുൽ ഭേക്കെ, റോസ്റ്റിൻ ഗ്രിഫിത്ത്സ്, മെഹ്താബ് സിംഗ്, ആകാശ് മിശ്ര, അപുവ, യോൽ വാൻ നീഫ്, ലാലിയൻസുവാല ചാങ്തെ, ഗ്രെഗ് സ്റ്റുവാർട്ട്, ബിപിൻ സിംഗ്, ജോർജ് പെരേര ഡയസ്.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2); സച്ചിൻ സുരേഷ് (ജികെ), പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, ഐബാൻ ഡോഹ്ലിംഗ്, ജീക്സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, വിപിൻ മോഹനൻ, അഡ്രിയാൻ ലൂണ, ഡെയ്സുകെ സകായ്, ദിമിത്രിയോസ്സ് ഡയമെന്റക്കൊസ്.

മത്സരത്തിന്റെ തുടക്കം മുതൽ ആദ്യ പകുതിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും മുംബൈ സിറ്റി മികച്ചു നിന്നു. മുംബൈയുടെ ആക്രമണത്തെ നിയന്ത്രണത്തിലാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് നിര ബുദ്ധിമുട്ടി.

ആദ്യ പകുതിയുടെ അവസാനമാണ് ഗോൾ പിറന്നത്. മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസാണ് ആദ്യ ഗോൾ നേടിയത്. അഞ്ചു മിനിറ്റ് അധിക സമയത്തിന് ശേഷം ആദ്യ പകുതി അവസാനിച്ചപ്പോൾ ഒരു ഗോളിന് മുംബൈ ലീഡ് നേടി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആവേശത്തോടുകൂടിയാണ് കളിച്ചത്. ആദ്യ പകുതിയേ അപേക്ഷിച്ച് പൊസഷനിലും പാസിങ്ങിലുമെല്ലാം ബ്ലാസ്റ്റേഴ്സ് മെച്ചപ്പെട്ടു. മത്സരത്തിന്റെ അൻപത്തിയേഴാം മിനിറ്റിലാണ് രണ്ടാം ഗോൾ പിറന്നത്. ബോക്സിനു നടുവിൽ നിന്ന് ഡാനിഷ് ഫാറൂഖ് നൽകിയ ഹെഡ്ഡെർ വല തുളച്ചപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ സമനില സ്വന്തമാക്കി.

മത്സരത്തിന്റെ അറുപത്തിയാറാം മിനിറ്റിൽ മുംബൈ സമനില തകർത്തു. മുംബൈ സിറ്റി താരം ലാലെങ്മാവിയ റാൾട്ടെയുടെ ഗോളിലാണ് മുംബൈ ലീഡ് നേടിയത്.

നിശ്ചിത സമയത്തിന് ശേഷം പത്തു മിനിട്ടാണ് ഇഞ്ചുറി ടൈം അനുവദിച്ചത്. എന്നാൽ അതിനുമപ്പുറം മുന്നേറിയ മത്സരം ചുവപ്പുകാർഡുകളും കണ്ടു. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി.

മൂന്നു മത്സരങ്ങളിൽ നിന്നായി ഏഴു പോയിന്റുമായി മുംബൈ സിറ്റി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. മത്സരത്തിന് ശേഷം പന്ത്രണ്ടു ദിവസത്തെ അവധിയിലേക്ക് ലീഗ് പ്രവേശിക്കും. ഒക്ടോബർ ഇരുപത്തിയൊന്നിന് സീസൺ പുനരാരംഭിക്കുമ്പോൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും.