ഇന്ത്യൻ ഫുട്ബോൾ സൂപ്പർ ലീഗിനെ ലെറ്റ്സ്ഫുട്ബോൾ തത്സമയഭാഗത്തിൽ ഇന്ന് പ്രശസ്ത കമന്റേറ്റർ ഷൈജു ദാമോധരനൊപ്പം  സികെ വിനീതും പങ്കുചേർന്നു. കേരളബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിലൊരാൾ എന്ന നിലയിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ്  പ്രിയപ്പെട്ടവനായി, സജീവസാന്നിധ്യമായിരുന്ന താരം എന്ന നിലയിലും ഏറെ പ്രശസ്തനാണ് കണ്ണൂരിന്റെ സ്വന്തം സികെ വിനീത്.

പകരം വയ്ക്കാനില്ലാത്ത വാക്‌സാമർഥ്യം കൊണ്ടും കുറിക്കുകൊള്ളുന്ന അത്യുഗ്രൻ ഡയലോഗുകൾ കൊണ്ടും കേരളത്തിന്റെ സ്നേഹം പിടിച്ചുപറ്റിയ വ്യക്തിയാണ് ഷൈജു ദാമോദരൻ. ഇരുവരും ഇൻസ്റ്റാഗ്രാമിൽ ഒത്തു ചേർന്ന നിമിഷങ്ങൾ പ്രതീക്ഷകൾക്കപ്പുറം രസകരമായി.

കോവിഡ്കാലത്തേ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും സംസാരം തുടങ്ങിയത്. കോവിഡ്-ലോക്ഡൗൺ കാലത്ത് കണ്ണൂരിൽ ഗവണ്മെന്റ് കാൾ സെന്ററിൽ തിരക്കുകളിലാണ് താനെന്ന് സികെ പറഞ്ഞു. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിലെ സന്തോഷവും ഇരുവരും പങ്കുവച്ചു.

പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്നുവന്നതിനെപ്പറ്റിയുള്ള ഷൈജു ദാമോധരന്റെ ചോദ്യത്തിന് തന്റെ സ്വതസിദ്ധമായ കണ്ണൂർ ശൈലിയിൽ വിനീത് പറഞ്ഞു തുടങ്ങി. "എസ്എൻ കോളേജിൽ പഠിക്കുമ്പോഴാണ് ഫുട്ബോൾ തന്നെയാണ് മുന്നോട്ടുള്ള ഭാവിയും ജീവിതവും എന്ന് തിരിച്ചറിഞ്ഞത്. കോളേജിൽ പഠിക്കുമ്പോൾ ഫുട്ബാളിൽ സജീവമായിരുന്നു. അവിടെ നിന്നാണ് വിവോ കേരളയിലേക്ക് വന്നത്. അവിടെ നിന്ന് പ്രയാഗിലേക്കും തുടർന്ന് ബെംഗളൂരു എഫ്‌സിയിലേക്കും വരുകയും ഒടുവിൽ കേരളബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുകയും ചെയ്തു. ഒന്നും മുൻകൂട്ടി തീരുമാനിച്ച് നടന്നതല്ല. ഫുട്ബാളിനോട് താല്പര്യമുണ്ടായിരുന്നു. അതിനായി പരിശീലിച്ചു. ഓരോ വട്ടവും സാധ്യതകൾ എനിക്ക് മുൻപിൽ തുറന്നു. ഞാൻ കോളേജിൽ നിന്നിറങ്ങുമ്പോൾ വിവോ കേരളയുണ്ടായിരുന്നു. അവിടെ നിന്നിറങ്ങുമ്പോൾ എനിക്ക് മുൻപിൽ പ്രയാഗ് ഉണ്ടായിരുന്നു. പടിപടിയായി മുന്നേറാനുള്ള സാദ്ധ്യതകൾ എല്ലായിപ്പോഴും എനിക്കുണ്ടായിരുന്നു. അതുകൊണ്ടാകാം ഞാൻ ഇന്നീ നിലയിൽ എത്തിയത്."

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായതിനെക്കുറിച്ചും സികെ ഓർമിച്ചെടുത്തു. "ഐലീഗിന്റെ ഭാഗമായിരുന്ന സമയത്താണ്  ഇന്ത്യൻ സൂപ്പർ ലീഗിനെക്കുറിച്ച് കേൾക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്ന് ഉറപ്പ് ഉണ്ടായിരുന്നില്ല. ആദ്യ വർഷം ഞാൻ ബെംഗളൂരുവിനൊപ്പമായിരുന്നപ്പോൾ, ഐലീഗിന്റെ ഭാഗമായി കളിക്കുന്നവർക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിയ്ക്കാൻ അനുമതിയുണ്ടായിരുന്നില്ല. രണ്ടാം സീസൺ മുതലാണ് ഞാൻ ഇന്ത്യൻ സൂപ്പർ ലീഗിനൊപ്പം ചേരുന്നത്. കേരളാബ്ലാസ്റ്റേഴ്‌സുമായാണ് ഞാൻ ആദ്യം കരാർ ഒപ്പിട്ടത്. കൂടുതൽ ചിന്തിക്കാനുള്ള സമയമൊന്നും ലഭിച്ചിരുന്നില്ല. ഐലീഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഞാൻ. പക്ഷെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സാഹചര്യവും പ്രശസ്തിയും ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു.  അത് സംഭവിക്കുകയും ചെയ്തു"

"കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ എല്ലാക്കാലത്തേയും ഏറ്റവും മികച്ച ഇന്ത്യൻ ഗോൾ സ്കോറെർ ആണ് നിങ്ങൾ. പതിനൊന്നു ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി  സികെ നേടിയിട്ടുണ്ട്. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം എന്ന അവസ്ഥ താങ്കളുടെ കാര്യത്തിൽ ഞാൻ നേരിട്ട് അറിഞ്ഞിട്ടുണ്ട്. കേരളാബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന സമയത്തെപ്പറ്റി എന്ത് ചിന്തിക്കുന്നു?" ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു ചോദ്യമാണ് പിന്നീട് ഷിജു ദാമോദരൻ തൊടുത്തുവിട്ടത്. 

"കേരളമെന്റെ നാടാണ്. ഒരു ഫുട്ബോൾ താരമെന്ന നിലയിൽ എന്റെ നാട്ടിൽ തിരിച്ചറിയപ്പെട്ടു തുടങ്ങിയ സമയമായിരുന്നുവത്. മൂന്നാമത്തെ സീസൺ ആയിരുന്നു എന്റെ വഴിത്തിരിവ്. ഓർമിക്കാനാകുന്ന അനേകം കാര്യങ്ങൾ സംഭവിച്ചു. ആരാധകരുടെ പ്രിയപ്പെട്ടവൻ എന്നതിനെപ്പറ്റിയൊന്നും ആധികാരികമായി പറയാൻ എനിക്കറിയില്ല.  ഫുട്ബോളിനെ അത്യധികം സ്നേഹിക്കുന്നവർക്കുമപ്പുറമുള്ള സാധാരണ ജനങ്ങൾ എന്നെ തിരിച്ചറിന് തുടങ്ങിയത് ഞാൻ കേരളാബ്ലാസ്റ്റേഴ്സിന്റെ ഭാഗമായതിനു ശേഷമാണ്. മനസ്സിനോട് ഏറ്റവും ചേർന്നിരിക്കുന്ന ക്ലബ് ആണ് കേരളാബ്ലാസ്റ്റേഴ്‌സ്. എന്റെ നാടിൻറെ ക്ലബ് എന്നതായിരിക്കാം അതിന്റെ പ്രധാന കാരണം"

തെക്കേഇന്ത്യയിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നു പ്രധാനക്ലബ്ബുകളിലും കളിച്ച മലയാളി താരമാണ് സികെ വിനീത്. ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നീ മൂന്നു ടീമുകളുടെയും ആരാധർ തമ്മിലുള്ള പോര് കായികലോകത്ത് പ്രസിദ്ധമാണ്. മൂന്നു ടീമുകളുടെയും ഭാഗമായി നേരിട്ട് കണ്ടറിഞ്ഞ ആരാധകപോരിനെപ്പറ്റിയാണ് ഷൈജു പിന്നീട് സികെയോട് ചോദിച്ചത്. "ഞാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു ടീമിനെ ഭാഗമായി ഞാൻ കളിച്ചിട്ടില്ല. ചെന്നൈ ടീമിന്റെ ഭാഗമായാണ് ഞാൻ ആദ്യമായി കേരളാബ്ലാസ്റ്റേഴ്സിനെതിരായി കളിച്ചത്. അന്നാണ് എവേ ഫാൻസിനെപ്പറ്റി ഞാൻ കൃത്യമായി തിരിച്ചറിഞ്ഞത്.അവരുടെ ശക്തി മനസിലാക്കിയത്. ടീമുകൾക്കിടയിലുള്ള പോരിനെപ്പറ്റി സംസാരിക്കുകയാണെങ്കിൽ അത് ഓരോ സീസണിലും മാറിക്കൊണ്ടിരിക്കുന്നു. ആരാധകപ്പോരിൽ കേരളബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് പിടിച്ചുനിൽക്കാൻ മറ്റു ടീമുകൾക്ക് കഴിയണമെന്നില്ല. പക്ഷെ ടീമുകളുടെ പ്രകടനങ്ങളുടെ രീതികൾ ഓരോ വട്ടവും മാറിക്കൊണ്ടിരിക്കുന്നു."

ഇടക്കാലത്ത് സികെ വിനീതും ബ്ലാസ്റ്റേഴ്‌സ് ആരാധകരും തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വാക്കേറ്റങ്ങൾ പരിധിക്കപ്പുറം പോയിരുന്നു. സികെ വിനീതിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ തുനിഞ്ഞതിനെത്തുടർന്ന് നിയനടപടികളിലേക്ക് താരം തിരിഞ്ഞതായും അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഏറെ നിർണായകമായ ഈ വിഷയത്തിന്റെ സത്യാവസ്ഥയെക്കുറിച്ചാണ് സികെ പിന്നീട് പ്രതികരിച്ചത്.

"അത് ആരാധകർക്കെതിരെയെന്നു പറയാനാകില്ല. ചെന്നൈയിൻ എഫ്‌സിയുടെ ഭാഗമായി ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്ന സമയത്തുള്ള സംഭവമായിരുന്നവത്. ഒരു വോയിസ് ക്ലിപ്പ് ആയിരുന്നു വിഷയം. മഞ്ഞപ്പടയുടെ പത്തൊൻപത് അംഗങ്ങളുള്ള ഒരു ഗ്രൂപ്പ് ഉണ്ട്. മഞ്ഞപ്പട എക്സിക്യൂട്ടീവ് ഗ്രൂപ്പ് എറണാകുളം വിങ് എന്നായിരുന്നു അതിന്റെ പേര്. പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ് ആ ശബ്ദസന്ദേശം പ്രചരിക്കപ്പെടുന്നത്. ഞാൻ നിയമനടപടികൾ സ്വീകരിച്ചു എന്നത് സത്യമാണ്. പത്തൊൻപതു പേരുള്ള മഞ്ഞപ്പട എക്സിക്യൂട്ടീവ് ഗ്രൂപ്പ് എറണാകുളം വിങ് എന്ന ഗ്രൂപ്പിനെതിരെ മാത്രമാണ് ഞാൻ പരാതി കൊടുത്തത്. അതെങ്ങനെയാണ് മുഴുവൻ മഞ്ഞപ്പടക്കെതിരെയായി എന്നെനിക്കറിയില്ല. ഇതാണ് വസ്തുത. ആ വ്യക്തികളുടെ പേരുകൾ എനിക്കറിയാം. അവർ എഴുതിയ ക്ഷമാപണകത്ത് എന്റെ പക്കലുണ്ട്. അത് എപ്പോഴാണ് ആവശ്യം വരുക എന്നറിയാത്തതിനാൽ ഞാൻ അത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആ പത്തൊൻപത് പേർക്കെതിരെ മാത്രമാണ് ഞാൻ പ്രതികരിച്ചിട്ടുള്ളത്. ഞാൻ മറ്റു ടീമിലേക്ക് മാറിയപ്പോൾ വീണ്ടും അതിന്റെ പിറകെ പോകേണ്ട ആവശ്യമില്ല എന്നെനിക്ക് തോന്നി. കൂടാതെ ഒരു പ്രാവശ്യം എന്റെ അഭിമുഖത്തിൽ മഞ്ഞപ്പട നമ്പർ വൺ അല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് കളി കാണാൻ വന്നിരുന്നത് 2500 ആളുകൾ മാത്രമാണ്. അതിൽക്കൂടുതൽ കാണികൾ സന്നിഹിതരാവുന്ന സ്റ്റേഡിയങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിലാണ് ആരാധകരുള്ളത് എന്ന് ഞാൻ കരുതുന്നില്ല. സ്റ്റേഡിയത്തിൽ കളി കാണാൻ എത്തുന്നവരാണ് ശരിയായ ആരാധകർ എന്ന് ഞാൻ വിശ്വസിക്കുന്നു. 2500 ആണ് കൂടുതൽ എന്ന് അപ്പോഴും ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. കേരളബ്ലാസ്റ്ററിന്റെ കളികാണുവാൻ 60000 കാണികൾ ഉണ്ടായിരുന്നപ്പോൾ നമ്പർ വൺ എന്ന് പറഞ്ഞ ആളാണ് ഞാൻ. ഞാനൊരിക്കലും അവരെ അടച്ചാക്ഷേപിച്ചിട്ടില്ല. പറയാനുള്ളത് ഞാൻ പറഞ്ഞു. അതാണ് എന്റെ ശീലം. ഇനിയും ആരെയും ഭയക്കാതെ ഞാനത് തുടരും. ഗാലറിയിൽ ഇരുന്ന് ഒരാൾ നമ്മളെ അധിക്ഷേപ്പിച്ചാൽ അവരുടെ വികാരം നമുക്ക് മനസിലാകും. പക്ഷെ അടുത്ത കളിക്ക് മുൻപും നമ്മൾ തയ്യാറെടുക്കുന്ന സമയത്ത് ഈ കാര്യങ്ങൾ ഓർമിച്ച് നിരാശപ്പെടുത്തുന്നതിനോട് എനിക്ക് യോജിക്കാനാകില്ല. കളികൾ ദിവസങ്ങൾ കഴിയുമ്പോൾ മാറിമറിയാം. ഓരോ കളിയിലും ശുഭാപ്തി വിശ്വാസത്തിലാണ് നമ്മൾ കളിക്കുക. ജയിക്കാനായാണ് ഞങ്ങൾ കളത്തിൽ ഇറങ്ങുന്നത്. ആരാധകർക്കും ആ പ്രതീക്ഷ വേണം. ഞാനൊരു ലിവർപൂൾ ആരാധകനാണ്. ലിവർപൂളിന്റെ കഴിഞ്ഞ കുറെ വർഷങ്ങളായുള്ള പ്രകടനം മോശമാണ്. അവരുടെ ജയം നമ്മൾ ആഘോഷിക്കാറുണ്ട്. അതുപോലെതന്നെ തോൽവികൾ നമ്മൾ സമചിത്തതയോടെ നേരിടുകയാണ് ചെയ്യുന്നത്. ആരും തോൽക്കുവാനായല്ല കളിക്കുന്നത്."

വിമർശനസ്വാതന്ത്രം അത്തരത്തിൽ കണക്കിലെടുക്കാൻ സാധിക്കുകയില്ലേ എന്ന ഷൈജു ദാമോദരന്റെ ചോദ്യത്തിന് വളരെ വ്യക്തമായാണ് സികെ മറുപടി പറഞ്ഞത്. "വിമർശനം എന്താണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. എന്റെ അച്ഛനെയും അമ്മയെയും അധിഷേപിക്കുന്നതല്ല വിമർശനം. എന്റെ മകൻ ജനിച്ചപ്പോൾ ഞാൻ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അതവിടെയില്ല എന്ന് ഞാൻ കരുതുന്നു. അതിൽ വന്നിരുന്ന കമന്റുകൾ കാരണം ഞാനത് റിമൂവ് ചെയ്യുകയാണുണ്ടായത്. അധിക്ഷേപിക്കലല്ല വിമർശനം. എന്റെ കളി മോശമാണെന്നു പറയുമ്പോൾ എനിക്കതു മനസിലാകും. എന്റെ ഫിനിഷിങ്ങും പാസ്സിങ്ങും തുടങ്ങിയ എല്ലാ കാര്യങ്ങളും മോശമെന്ന് പറഞ്ഞാലും ഞാൻ നന്നാക്കാൻ ശ്രമിക്കും. അധിക്ഷേപിക്കുന്നതല്ല വിമർശനം. വിമർശനത്തിൽ ഓരോ വസ്തുതകളും പറയാം. സാധിക്കാവുന്നതെങ്കിൽ ഞാൻ നന്നാക്കാൻ ശ്രമിക്കും.അതിനു പകരം മോശം വാക്കുകളാൽ അധിഷേപിക്കുമ്പോൾ സ്വാഭാവികമായും പ്രതികരിക്കും"

സികെ വിനീത് ഈസ്റ്റ് ബംഗാളിന്റെ ഭാഗമാകുന്നു എന്ന് കേൾക്കുന്നതിനെപ്പറ്റിയും  അദ്ദേഹം പ്രതികരിച്ചു. "പല ക്ലബ്ബുകളുമായും ചർച്ചകൾ നടക്കുന്നു.  അതിനൊപ്പം ഈസ്റ്റ് ബംഗാളുമായും ചർച്ചകൾ നടത്തുന്നു. ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നതിനെപ്പറ്റിയും കേൾക്കുന്നുണ്ട്."

#LetsFootballLive എപ്പിസോഡ് കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യുക.