ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ, ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെ മൽസരത്തിൽ ആതിഥേയർ തന്നെ മറുപടിയില്ലാത്ത ഏക ഗോളിൽ എടികെ-യ്ക്ക് മുകളിൽ വിജയം കൈപ്പിടിയിലൊതുക്കി.  നായകൻ സുനിൽ ഛെത്രിയുടെ 40-ാം മിനിറ്റിലെ ഗോളാണ് ബംഗളൂരുവിന് മുഴവൻ പോയിന്റുകളും നേടിക്കൊടുത്തത്.

ആതിഥേയർക്ക് അനായാസമായി ലീഡ് നേടാനുളള അവസരം മൽസരം ആരംഭിച്ച് 5-ാം മിനിറ്റിൽ തന്നെ തുറന്നു കിട്ടി.   എഡ്യൂ ഗാർസിയയിൽ നിന്നെത്തിയ ഒരു കോർണർ എറിക് പാർട്ടാലു ഹെഡ് ചെയ്തത് എതിർ ഗോൾ മുഖത്ത് പ്രതിരോധിക്കപ്പെട്ടതിനെത്തുടർന്ന് ബംഗളൂരു കളിക്കാരുടെ മുൻപിൽ വന്നു വീണു. എന്നാൽ ആർക്കും അത് ഒരു ഗോളാക്കി രൂപപ്പെടുത്തുന്നതിന് സാധിച്ചില്ല.

ബംഗളൂരു തങ്ങളുടെ ആധിപത്യം പ്രദർശിപ്പിക്കുന്നത് തുടർന്നുവെങ്കിലും, 15 മിനിറ്റുകൾക്ക് ശേഷം എടികെ സാവധാനം സമാനമായ നീക്കങ്ങളോടെ മൽസരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്.  16-ാം മിനിറ്റിൽ എടികെ താരം സെക്വീന നല്ലൊരു ഷോട്ട് തൊടുത്തുവെങ്കിലും ബംഗളൂരുവിന്റെ പ്രതിരോധത്തിന്റെ ബലത്തിൽ അത് ഫലം കാണാതെ പോയി.

പത്ത് മിനിറ്റുകൾക്ക് ശേഷം, ഒരു ഹെഡ്ഡറിന് ഒടുവിലായി ലഭിച്ച പന്ത് ലക്ഷ്യത്തിലേക്ക് തൊടുക്കുന്നതിന് റൂപ്പർട്ട് നോൺഗ്രം അൽപ്പം വൈകിപ്പോയതിനാൽ അത് തടുത്തു നിർത്തുന്നതിന് ബംഗളൂരുവിന്റെ പ്രതിരോധത്തിന് സമയം ലഭിച്ചു.

ഇത് ആതിഥേയരെ ഉണർത്തി. ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ട് അവർ നടത്തിയ നീക്കങ്ങളിൽ ഏറെക്കുറെ ഗോൾ വീണുവെന്ന് തോന്നിപ്പിച്ച പല മുഹൂർത്തങ്ങളും സൃഷ്ടിക്കപ്പെട്ടു. ഗാർസിയയുടെ ഫ്രീ-കിക്ക് എറിക് പാർട്ടാലു ഹെഡ്ഡറിലൂടെ ഗോൾ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും അത് പോസ്റ്റിലിടിച്ച് അവസാനിച്ചു. അത് റീബൗണ്ടായത് രാഹുൽ ബ്‌ഭെക്കെയുടെ പക്കലേക്ക് എത്തി. എന്നാൽ ബംഗളൂരു പ്രതിരോധ താരത്തിന് ആ അവസരം തന്റെ ടീമിനു വേണ്ടി പ്രയോജനപ്പെടുത്താനായില്ല.

എന്നാൽ, ഒടുവിൽ ബംഗളൂരുവിന്റെ മികച്ച യത്‌നങ്ങൾക്ക് 34-ാമത്തെ മിനിറ്റിൽ ഫലം കണ്ടു. സുനിൽ ഛെത്രിയുടെ അസാമാന്യമായ ഫുട്‌ബോൾ പ്രതിഭയുടെ പ്രദർശനം കൂടിയായി അത്. കോണർ തോമസിൽ നിന്നും വന്ന മിസ് പാസ് സ്വീകരിച്ച സുനിൽ ഛെത്രി, പെനാൽറ്റി ഏരിയക്കു 30 വാര മുന്നിൽ നിന്നും തൊടുത്തുവിട്ട ലോംഗ് റേഞ്ചർ ഷോട്ട്, മുന്നിൽ നിന്ന ജോർഡി മോണ്ടലിനെയും ഗോൾ കീപ്പർ ദേബ്ജിത് മജുംദാറിനെയും നിസഹായനാക്കി എടികെയുടെ വലകുലുക്കി (1-0). ഗോൾ നിലയിൽ മറ്റ് മാറ്റങ്ങളൊന്നും സൃഷ്ടിക്കാതെ തന്നെ അങ്ങനെ ഒന്നാം പകുതിക്ക് സമാപനമായി.

രണ്ടാം പകുതിയിൽ മറുപടി ഗോളിനുളള അന്വേഷണവുമായി ആദ്യപകുതിയിലെ അതേ ആക്രമണോത്‌സുകത പ്രകടിപ്പിച്ചാണ് എടികെ മടങ്ങി വന്നത്. അവർക്ക് സമനില ഗോൾ നേടുന്നതിന് ഒരു അവസരം അടുത്തു വന്നു. 60-ാം മിനിറ്റിൽ മദ്ധ്യ ഭാഗത്ത് നിന്ന് പന്ത് ലഭിച്ച റോബി കീനിന്റെ തകർപ്പൻ ഷോട്ട് ബംഗളൂരുവിന്റെ ഗോൾ വലയ കാവൽക്കാരൻ ഗുർപ്രീത് സിംഗ് സന്തു തടുത്തു. റീ ബൗണ്ടിൽ വീണ്ടും നടത്തിയ ശ്രമം പുറത്തേക്കു പാഞ്ഞു. രണ്ട് മിനിറ്റുകൾക്ക് ശേഷം, മിക്കു മനോഹരമായി നൽകിയ പാസിലൂടെ പന്ത് ഡിമാസ് ഡെൽഗാഡേയായുടെ പക്കലെത്തി. എടികെ-യുടെ പ്രതിരോധത്തെ കബളിപ്പിച്ച് അദ്ദേഹം അത് സുനിൽ ഛെത്രിയുടെ അടുത്തേക്ക് പാസ് ചെയ്തു. എന്നാൽ, അദ്ദേഹം അത് ഗോൾ വലയം ലക്ഷ്യമാക്കി ഷോട്ട് തൊടുക്കുന്നതിന് മുൻപായി, അവസാന മുഹൂർത്തത്തിലെ ശ്രമമായി ടോം തോർപ്പ് നടത്തിയ ടാക്കിളിൽ ഛെത്രിയ്ക്ക് ഉന്നം പിഴച്ചു. പന്ത് വീണ്ടും പ്രലോഭനത്തോടെ മിക്കുവിന് അരികിലെത്തിയത് അദ്ദേഹം ഗോൾ വലയത്തിലേക്ക് തൊടുത്തുവെങ്കിലും എടികെ-യുടെ കാവൽ ഭടൻ ദേബ്ജിത് മജുംദാർ അത് തടുത്ത് അപകടമൊഴിവാക്കി.

ആതിഥേയർക്ക് വീണ്ടും അവസരം. പകരക്കാരനായി ഇറങ്ങിയ ബ്രോളിയോ നോബെർഗ എടികെ പ്രതിരോധത്തെ മറി കടന്ന് പെനാൽറ്റി ബോക്‌സിനുളളിലെത്തിയ ശേഷം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. എടികെയുടെ കീഗൻ പെരേര ഓടിയെത്തി അത് റീബൗണ്ട് ക്ലിയർ ചെയ്ത് കൂടുതൽ അപകടം ഒഴിവാക്കി. അടുത്ത മിനിറ്റിൽ പാർട്ടാലുവിൽ നിന്ന് ലഭിച്ച മനോഹരമായ ഒരു ലോബ് ഗോളായി പരിണമിക്കുന്നില്ലെന്ന് ഗോൾ കീപ്പർ ദേബ്ജിത് മജുംദാർ പന്ത് ക്രോസ്ബാറിനു മുകളിലൂടെ കുത്തിയകറ്റിക്കൊണ്ട് ഉറപ്പു വരുത്തിയെങ്കിലും  ഛെത്രിയുടെ ഒന്നാം പകുതി ഗോൾ തന്നെ ആതിഥേയർക്ക് മുഴുവൻ പോയിന്റുകളും ലഭിക്കുന്നതിന് മതിയായി. 

ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ചെന്നൈയിൻ എഫ്സിയെ പിന്നിലാക്കി 18 പോയിന്റുകളോടെ ബംഗളുരു എഫ്സി ഒന്നാം സ്ഥാനം കയ്യടക്കി. അതേ സമയം, എടികെയാകട്ടെ, ഒൻപത് പോയിന്റുകളോടെ എഴാം സ്ഥാനത്ത് തന്നെ തുടരുന്നു.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: ബംഗളൂരു എഫ്സി

സ്വിഫ്റ്റ് മൊമന്റ് ഓഫ് ദ് മാച്ച്: ശങ്കർ സാംപിഗ്‌രാജ്  

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്:  എറിക് പാർട്ടാലു

അമുൽ ഫിറ്റസ്റ്റ് പ്ലെയർ:  സുനിൽ ഛെത്രി

എമേർജിംഗ് പ്ലെയർ: സുബാഷിഷ് ബോസ്

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: ജുവാനൻ

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: