2021 സാഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ആദ്യ ജയം നേടി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം! മാലദ്വീപ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന നേപ്പാളിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളാണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനത്തിന് വീണ്ടും  പ്രതീക്ഷ നൽകിയത്. എൺപത്തിരണ്ടാം മിനിട്ടിൽ രണ്ടാം പകുതിയിലാണ് സുനിൽ ഛേത്രി ഇന്ത്യയ്ക്കായി ഗോൾ നേടിയത്.

വിജയം അനിവാരമ്യയിരുന്ന മത്സരത്തിൽ ആദ്യാവസാനം ആധിപത്യം പുലർത്താൻ ഇന്ത്യക്കായി. കളിയാരംഭിച്ച് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. ശേഷം രണ്ടാം പകുതിയുടെ അവസാനം കളിയുടെ എൺപത്തിരണ്ടാം മിനിറ്റിൽ ബ്രാൻ‍ഡൻ ഫെർണാണ്ടസ് ബോക്സിനുള്ളിലേക്ക് നീട്ടിനൽകിയ പന്തിൽനിന്നാണ് വിജയഗോളിനുള്ള വഴി തുറന്നത്. പന്ത് വരുതിയിലാക്കിയ ഫാറൂഖ് ചൗധരിയുടെ അസിസ്റ്റിൽ കിട്ടിയ അവസരം കൃത്യമായി വിനയോഗിച്ച് സുനിൽ ഛേത്രി ഗോൾ നേടുകയായിരുന്നു.

123 അന്താരാഷ്ര മത്സരങ്ങളില്‍ നിന്നായി സുനിൽ ഛേത്രി നേടിയ 77 ആം ഗോളായിരുന്നുവത്. അന്താരാഷ്ട്ര ഫുട്ബാളിൽ ഇതിഹാസ ഫുട്ബോൾ താരം പെലെ നേടിയ ഗോളുകളുടെ എണ്ണത്തിനൊപ്പമാണ് നിലവിൽ താരത്തിന്റെ ഗോളുകളുടെ എണ്ണം. സാഫ് ചാമ്പ്യൻഷിപ്പിൽ പെപെയുടെ നേട്ടം മറികടക്കാൻ സുനിൽ ചേത്രിക്കാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിൽ ഒരു വിജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആറ് വീതം പോയിന്റുകളോടെ മാലി ദ്വീപ് ഒന്നാം സ്ഥാനത്തും നേപ്പാൾ രണ്ടാം സ്ഥാനത്തുമുണ്ട്. ഒക്ടോബർ 13ന് നടക്കുന്ന അവസാന മത്സരത്തിൽ മാലദ്വീപിനെ തോൽപ്പിക്കാനായാൽ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാം.