ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ പുരുഷ സീനിയർ ഫുട്ബോൾ ടീമിന് ആധികാരിക ജയം. ഇന്ത്യയുടെ ഇതിഹാസ ഫുട്ബോൾ താരം സുനിൽ ഛേത്രിയുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച, മേഘാലയയിലെ അരങ്ങേറ്റ മത്സരത്തിൽ മാലദ്വീപിനെതിരെ നീല കടുവകളുടെ ജയം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്.

മനോലോ മാർക്വേസ് സ്ഥാനമേറ്റെടുത്ത ശേഷം ടീം നേടിയ ആദ്യ വിജയത്തിന് ചുക്കാൻ പിടിച്ചത് രാഹുൽ ഭേക്കെ, ലിസ്റ്റൺ കൊളാക്കോ, സുനിൽ ഛേത്രി എന്നിവർ ചേർന്നാണ്. 489 ദിവസങ്ങൾക്ക് ശേഷം ബ്ലൂ ടൈഗേഴ്‌സ് ആദ്യത്തെ ജയം നേടുമ്പോൾ, തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ടീമിലെ തന്റെ പ്രാധാന്യം തെളിയിച്ചു ഛേത്രി. ഒപ്പം നീലക്കുപ്പായത്തിൽ തന്റെ കന്നി ഗോൾ കണ്ടെത്തിയ ലിസ്റ്റൺ, ഛേത്രിയുടെ ഗോളിന് വഴിയൊരുക്കി ഒരു അസിസ്റ്റും നേടി. ഇന്ന് പിറന്ന മൂന്നു ഗോളുകളും ഹെഡറുകളിലൂടെയായിരുന്നു.

മാലദ്വീപിനെതിരെ ആധിപത്യം നിലനിർത്തിയാണ് ഇന്ത്യ മത്സരത്തിലുടനീളം കളം നിറഞ്ഞത്. പന്ത് കൈവശം നിലനിർത്തിയും, കുറിയ പാസുകളിലൂടെ മധ്യനിരയിൽ മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്തും സെറ്റ് പീസ് സാഹചര്യങ്ങളെ മുതലെടുത്തുമാണ് നീലകടുവകൾ കളിച്ചത്. അവസരങ്ങൾ രൂപപ്പെടുത്തുന്നതിൽ നിന്നും മാലദ്വീപിനെ തടഞ്ഞതോടെ ജയം ആധികാരികമായി.

ഇന്ത്യ: വിശാൽ കൈത്ത് (ജികെ), രാഹുൽ ഭേക്കെ, സുബാഷിഷ് ബോസ്, മെഹ്താബ് സിംഗ്, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ആയുഷ് ഛേത്രി, മഹേഷ് സിംഗ്, വാൽപുയ, സുനിൽ ഛേത്രി

മാലദ്വീപ്: ഷെരീഫ് (ജികെ), സമൂഹ് അലി, അഹമ്മദ് നുമാൻ, യൂസുഫ്, ഹസ്സൻ, ഐഹാം, ഇബ്രാഹിം, ഹുസൈന, നൈം, ഹംസ, അലി ഫാസിർ

ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ സുനിൽ ഛേത്രി ആദ്യ പതിനൊന്നിൽ ഇടം കണ്ടെത്തുന്നതിനൊപ്പം, നായകന്റെ ആംബാൻഡ് അണിഞ്ഞാണ് കളിക്കളത്തിൽ ഇറങ്ങിയത്. മാലദ്വീപിനെതിരെ കരിയറിലെ ഏഴാമത്തെ മത്സരത്തിലാണ് ഇതിഹാസതാരം ബൂട്ടുകെട്ടിയത്. ഏറ്റവും അവസാനം ഇരുവരും 2021-ൽ സാഫ് ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടിയപ്പോൾ, ഛേത്രിയുടെ ഇരട്ടഗോളുകളിലാണ് ഇന്ത്യ 2-1ന് മത്സരത്തിൽ ജയം ഉറപ്പിച്ചത്.

മത്സരം തുടങ്ങിയതും അതിവേഗം മൊമെന്റം കണ്ടെത്തിയ ഇന്ത്യക്ക് മത്സരത്തിൽ ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചിരുന്നു. രണ്ടാം മിനുട്ടിൽ കൊളാക്കോ നൽകിയ പന്തുമായി കുതിച്ചെത്തിയ ഛേത്രി, ബോക്സിലേക്ക് നൽകിയ പാസ് തടയാൻ ശ്രമിച്ച മാലദ്വീപ് പ്രതിരോധ താരത്തിന്റെ തലയിലേക്ക് തട്ടി ഗോളിലേക്ക് നീങ്ങിയെങ്കിലും കീപ്പർ തട്ടിയകറ്റി. റീബൗണ്ട് നേടാൻ മഹേഷിനു അവസരം ഉണ്ടായിരുന്നെകിലും, പന്ത് അതിവേഗത്തിൽ ഇന്റർസെപ്റ് ചെയ്ത് എതിർനിര കോർണർ വഴങ്ങി.

കുറിയ പാസുകളുമായി കളം പിടിക്കാനായിരുന്നു ആദ്യത്തെ മിനിറ്റുകളിൽ ഇന്ത്യൻ ടീമിന്റെ ശ്രമം. പത്തം നമ്പർ കുപ്പായമണിഞ്ഞ ബ്രാൻഡൻ ആയിരുന്നു ബിൽഡ് ആപ്പിന്റെ കേന്ദ്രം. അറ്റാക്കിങ് മിഡിൽ ഊന്നി നിന്ന താരം മഹേഷും ലിസ്റ്റണും കുതിക്കുന്ന വിങ്ങുകളിലേക്ക് പന്തുകൾ വഴിതിരിച്ചു വിട്ടു. 19-ാം മിനിറ്റിൽ സുരേഷ് സിങ്ങ് വലത് വിങ്ങിൽ നിന്നും ബോക്സിലേക്ക് നൽകിയ പന്ത് അദ്ദേഹം തൊടുത്തെങ്കിലും, ദുർബലമായ ഷോട്ട് അപകടങ്ങളൊന്നും സൃഷ്ടിക്കാതെ പുറത്തേക്ക് പോയി.

ഓപ്പൺ പ്ലേയിൽ പതറിയെങ്കിലും, സെറ്റ് പീസുകളിൽ ഷോട്ടുകളെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ 35-ാം മിനിറ്റിൽ ഫലം കണ്ടു. വലതു വശത്തു നിന്നും ബ്രാൻഡൻ എടുത്ത കോർണർ, ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന രാഹുൽ ഭേക്കെ വലയിലേക്ക് ചെത്തിയിട്ടു. മിനിട്ടുകൾക്ക് മുൻപ് നടന്ന മറ്റൊരു കോർണർ സാഹചര്യത്തിന്റെ നേർപകർപ്പ് കൂടിയായിരുന്നു ഇത്. ആ ഗോളോടെ നീലകടുവകൾ മത്സരത്തിൽ മുന്നിൽ. സ്കോർ 1-0.

എന്നാൽ, മത്സരം പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ, ഷില്ലോങ്ങിലെ കാണികളുടെ ആരവത്തിന് ഇടവേളയിട്ടുകൊണ്ട് ബ്രാൻഡൻ കളത്തിൽ നിന്നും പിൻവാങ്ങി. അപ്രതീക്ഷിത പരിക്ക് മൂലം താരത്തെ സ്‌ട്രെച്ചറിൽ പുറത്തെത്തിച്ചതോടെ, ഫാറൂഖ് ചൗധരി പകരക്കാരനായി മൈതാനത്തെത്തി.

കളിയുടെ പ്ലേ മേക്കറായിരുന്ന ബ്രാൻഡൻ കളം വിട്ടെങ്കിലും, ഇന്ത്യയുടെ ആക്രമണത്തിന് യാതൊരുവിധ തടസങ്ങളുമുണ്ടായില്ല. തുടരെ രൂപപ്പെട്ട അവസരങ്ങൾ പക്ഷെ, വലയിലെത്തിയില്ല. ബോക്സിനു വലതു വശത്തുകൂടി ഓടിയെത്തിയ വാൽപുയ, നൽകിയ ക്രോസിൽ തലവെച്ച ഫാറൂഖിന് പക്ഷെ ലക്ഷ്യം കണ്ടെത്താൻ സാധിച്ചില്ല. അതടക്കം, നഷ്ടപ്പെടുത്തിയ ഒരു പിടി അവസരങ്ങളുടെ അടിസ്ഥാനത്തിലാകും ആദ്യ പകുതിയയിലെ ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തേണ്ടത്.

ആദ്യ പകുതിയിൽ നേടിയ ലീഡ് ഉയര്ത്തുക എന്ന ലക്ഷ്യമാണ് രണ്ടാം പകുതിയിൽ ഇറങ്ങുമ്പോൾ ഇന്ത്യ മനസിലുറപ്പിച്ചത്. പൊസഷൻ മുറുകെ പിടിച്ച ഇന്ത്യയുടെ മധ്യനിരയെ പിളർക്കുന്നതിൽ മാലദ്വീപ് പലതവണ പരാജയപ്പെട്ടു.

അറുപതാം മിനിറ്റിൽ സുരേഷ് സിങ്ങിനെയും വാൽപുയയെയും പിൻവലിച്ച മനോലോ മാർക്വേസ് അപ്പൂയയെയും ബോറിസ് സിങ്ങിനെയും കളത്തിൽ എത്തിച്ചു. ബോറിസ് സിംഗിന്റെ നീലക്കുപ്പായത്തിലെ അരങ്ങേറ്റമായിരുന്നു അത്. തൊട്ടടുത്ത മിനിറ്റിൽ, ഭേക്കെയിൽ നിന്നും സ്വീകരിച്ച പാസുമായി കുതിച്ചെത്തിയ മഹേഷ്, ഫാറുഖിനു നൽകിയ പന്ത് ഇന്റർസെപ്റ് ചെയ്തതോടെ ഓടിയെത്തി എടുത്ത ഷോട്ട് പക്ഷെ ബാറിന് മുകളിലൂടെ പറന്നത് നിരാശ നൽകി.

65-ാം മിനിറ്റിൽ, ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫാറൂഖിൽ നിന്ന് ലഭിച്ച പന്ത് വലയിലെത്തിക്കാതെ, നഷ്ടപ്പെടുത്തിയ സുവര്ണാവസരത്തിന് തൊട്ടടുത്ത മിനിറ്റിൽ കൊളാക്കോ പ്രായശ്ചിത്തം ചെയ്തു. ഇടതു നിന്നും ബോക്സിന്റെ മധ്യത്തിലേക്ക് മഹേഷ് എടുത്ത കോർണർ, മാലദ്വീപ് താരങ്ങൾക്ക് മുകളിലൂടെ ഉയർന്നു ചാടി അദ്ദേഹം വലയിലെത്തിച്ചു. ഷില്ലോങ്ങിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. സ്കോർ 2 - 0.

രണ്ടാം ഗോൾ വഴങ്ങിയതോടെ, മറുപടി നേടാനുള്ള ശ്രമങ്ങൾ മാലദ്വീപ് ക്യാമ്പിൽ ആരംഭിച്ചു. പക്ഷെ, ഗോൾവലക്ക് കീഴിലെ വിശാൽ കൈത്തിന്റെ പ്രകടനം അതിഥികൾക്ക് നിരാശ നൽകി.

എഴുപത്തിയഞ്ചാം മിനിറ്റിലേക്ക് മത്സരം കടന്നപ്പോൾ ഇന്ത്യ ഏറെ ആഗ്രഹിച്ച ആ ഗോൾ പിറന്നു. മത്സരത്തിൽ പലതവണ ഗോൾ നേടാനുള്ള സാഹചര്യങ്ങളിൽ എത്തിയെങ്കിലും പിൻവലിയേണ്ടി വന്ന സുനിൽ ഛേത്രി തിരിച്ചുവരവിൽ ആദ്യ മത്സരത്തിൽ, ലിസ്റ്റൺ കൊളാക്കോ തൊടുത്ത ക്രോസ് വലയിലേക്ക് ചെത്തിയിട്ട് മത്സരത്തിൽ ഓപ്പൺ പ്ലെയിലെ ആദ്യ ഗോൾ താരം നേടി. താരത്തിന്റെ കരിയറിലെ 95-ാം ഗോൾ കൂടിയാണിത്. സ്കോർ 3-0.

എൺപത് മിനിറ്റുകൾ കഴിഞ്ഞതോടെ പുതിയ കാലുകളെ കളത്തിലെത്തിക്കാൻ പരിശീലകൻ മുതിർന്നതോടെ, ഛേത്രി, ലിസ്റ്റൺ, ബോസ് എന്നിവർക്ക് പകരം ഇർഫാൻ, അഭിഷേക് സിംഗ്, ആഷിഖ് എന്നിവർ രംഗത്തെത്തി.

മൂന്നമത്തെ ഗോൾ കൂടി നേടിയതോടെ, ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലെത്തി. ഇഞ്ചുറി സമയത്ത് ഇർഫാൻ യദ്വാദ് പന്ത് വലയിലെത്തിച്ചെങ്കിലും, റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ശേഷമുള്ള മിനിറ്റുകളിൽ ഗോൾ വഴങ്ങുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നതോടെ മനോലോ മാർക്വേസിന്റെ ടീം ക്ലീൻ ഷീറ്റോടെ ആദ്യ ജയം സ്വന്തമാക്കി.

ബംഗ്ലാദേശിനെതിരെ ഈ മാസം 25-ന് നടക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി ഇന്ത്യ കളിച്ച ഒരു തയ്യാറെടുപ്പ് സൗഹൃദ മത്സരമാണ് മാലദ്വീപിനെതിരായത്. ഇന്നത്തെ മത്സരത്തിൽ ജയം കണ്ടെത്താൻ സാധിച്ചതോടെ, ആത്മവിശ്വാസത്തോടെയാകും ടീം, ഇംഗ്ലീഷ് ലീഗിൽ കളിക്കുന്ന ഹംസ ചൗധരി ഉൾപ്പെടുന്ന ബംഗ്ലാദേശിനെതിരെ ഇറങ്ങുക.