സൂപ്പർ സബ്ബ് ഛേത്രി, ഗോവയെ വീഴ്ത്തി ബെംഗളൂരു എഫ്‌സി ഐഎസ്എൽ ഫൈനലിൽ!
ആദ്യ പകുതിയിൽ നേടിയ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയമാണ് ആതിഥേയരെ എവേ മൈതാനത്ത് വെന്നിക്കൊടി പാറിക്കാൻ സഹായിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗളൂരു എഫ്‌സി. തിരിച്ചുവരവിനും നാടകീയതക്കും ആവേശത്തിനും നിരാശക്കും ഒരേപോലെ വേദിയായ മത്സരത്തിൽ ഇഞ്ചുറി സമയത്ത് സുനിൽ ഛേത്രിയിലൂടെ പിറന്ന ഗോളായിരുന്നു ബ്ലൂസിന്റെ ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലെ മത്സരത്തിൽ 2-1ന് എഫ്‌സി ഗോവ മുന്നിട്ട് നിന്നെകിലും ആദ്യ പകുതിയിൽ നേടിയ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയമാണ് ആതിഥേയരെ എവേ മൈതാനത്ത് വെന്നിക്കൊടി പാറിക്കാൻ സഹായിച്ചത്.
പകരക്കാരെ തിളങ്ങിയ ഇന്നത്തെ മത്സരത്തിൽ ബെഞ്ചിൽ നിന്നെത്തിയ താരങ്ങളാണ് ഇരു ടീമുകൾക്കും വേണ്ടി സ്കോർ ബോർഡിൽ തിരുത്തലുകൾ നടത്തിയത്. ഇന്നത്തെ മത്സരത്തിൽ ഗോവൻ നിരയിൽ പകരക്കാരായി രംഗത്തെത്തിയ ബോർജ ഹെരേരയും അർമാൻഡോ സാദികുവും ലക്ഷ്യം കണ്ടപ്പോൾ, ബെംഗളുരുവിന്റെ ബെഞ്ചിൽ നിന്നും എത്തി ഛേത്രി മത്സര ഫലം നിയന്ത്രിച്ചു. നിർണായകമായ ഗോൾ കണ്ടെത്തി ടീമിനെ ഫൈനലിലേക്ക് നയിച്ച 40-കാരനായ ഛേത്രിയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
എഫ്‌സി ഗോവ: സന്ദേശ് ജിംഗൻ, കാൾ മക്യൂ, ഡെജൻ ഡ്രാസിക്, ആയുഷ് ഛേത്രി, സാഹിൽ തവോറ, ഒഡെ ഒനൈന്ത്യ, ബോറിസ് സിംഗ്, ഉദാന്ത സിംഗ്, ആകാശ് സാങ്‌വാൻ, ഇകർ ഗുരോത്‌ക്‌സേന, ഹൃത്വിക് തിവാരി
ബെംഗളൂരു എഫ്‌സി: ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭേക്കെ, ചിംഗ്‌ലെൻസന സിംഗ്, സുരേഷ് സിംഗ് വാങ്‌ജാം, ശിവ ശക്തി, ആൽബെർട്ടോ നൊഗേര, എഡ്ഗർ മെൻഡസ്, പെഡ്രോ കാപ്പോ, നംഗ്യാൽ ബൂട്ടിയ, ജോർജ് പെരേര ഡയസ്, നൗറെം റോഷൻ സിംഗ്
ആദ്യ പാദത്തിൽ ബെംഗളുരുവിനോട് ശ്രീ കണ്ഠീരവയിൽ തോൽവി വഴങ്ങിയ ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഗോവ ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങിയത്. ബോർജ ഹെരേരക്കും ബ്രൈസൺ ഫെർണാണ്ടസിനും പകരം ആയുഷ് ഛേത്രിയും ഡെജൻ ഡ്രാസിക്കും ആദ്യ പതിനൊന്നിലെത്തി.
സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾ നേടി ക്ലീൻ ഷീറ്റ് ജയത്തോടെ മികച്ച തുടക്കം കണ്ടെത്തിയ ബെംഗളൂരുവാകട്ടെ റയാൻ വില്യംസിന് പകരം ഹോർഹെ ഡേയ്‌സിനെ ലൈൻ അപ്പിൽ ഉൾപ്പെടുത്തി. ഹാലിച്ചരൻ നർസാരി ബെഞ്ചിലേക്കെത്തി.
ആദ്യ പകുതിയിലെ തോൽവി ഭാരം മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് ഗോവ മത്സരത്തെ സമീപിച്ചത്. ആദ്യ മിനിറ്റുകളിൽ അതിന്റെ തെളിവുകൾ മൈതാനത്ത് പ്രകടമായിരുന്നു. പന്ത് കൈവശം വെച്ച്, മത്സരത്തിന്റെ ആക്കം കൈവശപ്പെടുത്തിയായിരുന്നു ആതിഥേയരുടെ മുന്നേറ്റങ്ങൾ. ഗുരോത്‌ക്‌സേന ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ പക്ഷെ ആദ്യ മിനിറ്റുകളിൽ വലയിലെത്തിയതിയില്ല.
മുപ്പത്തിരണ്ടാം മിനിറ്റിൽ ബെംഗളൂരു എഫ്‌സി ആദ്യത്തെ മാറ്റം നടത്തി. പരിക്കേറ്റ സുരേഷ് സിങ്ങിന് പകരം ലാൽറെംറ്റ്‌ലുവാങ്ക ഫനായി കളിക്കളത്തിലെത്തി. മൂന്നു മിനിറ്റുകൾക്ക് ശേഷം ഗോവ നിരയിലും അപ്രതീക്ഷിത മാറ്റമെത്തി. പരിക്ക് കാരണം കാൾ മക്യൂവിന് പകരം ബോർജ ഹെരേര എത്തി.
മറുപടിയില്ലാതെ നേടുന്ന രണ്ട് ഗോളുകൾ മത്സരത്തെ അധികസമയത്തേക്കും മൂന്ന് ഗോളുകൾ ഫൈനലിലേക്കുമുള്ള ടിക്കറ്റ് നൽകും എന്നതിനാൽ, ആദ്യ പകുതിയിൽ തന്നെ മത്സരം കയ്യിലെടുക്കാനായിരുന്നു ഗോവയുടെ ശ്രമം. ആദ്യ പകുതിയിൽ എട്ടോളം ഷോട്ടുകൾ എടുത്തെങ്കിലും സ്കോർ ബോർഡ് തുറക്കാൻ സാധിക്കാതിരുന്നത് നൽകിയത് കനത്ത തിരിച്ചടിയാണ്. മൂന്ന് സേവുകളുമായി ഗുർപ്രീത് സിംഗ് തിളക്കമാർന്ന പ്രകടനമാണ് ആദ്യ പകുതിയിൽ നടത്തിയത്.
ആദ്യ പകുതിയിൽ 21 ക്രോസുകൾക്കാണ് ഗൗർസ് ശ്രമിച്ചത്. ഈ സീസണിൽ ഒരു ഐഎസ്എൽ മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ടീം നൽകുന്ന ഏറ്റവുമധികം എണ്ണമാണിത്. പക്ഷെ, ഗോൾ അകന്നു തന്നെ നിന്നു.
ആദ്യ പകുതിയിലെ കഠിനാധ്വാനത്തിന് ഗോവക്ക് ഫലം ലഭിച്ചത് രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ. അറ്റാക്കിങ് പകുതിയിൽ ആയുഷ് ഛേത്രി നേടിയെടുത്ത ഫ്രീകിക്ക്, ബോക്സിനു പുറത്ത് നിന്നും ഇടം കാലുകൊണ്ട് തൊടുത്ത ഷോട്ട് നേരെയെത്തിയത് വലയുടെ ഇടതു കോർണറിൽ. (ആഗ്രഗേറ്റ്) സ്കോർ 1-2.
മത്സരത്തിലെ ആദ്യ ഗോൾ നേടിയതോടെ, ഗൗർസ് ആക്കം വീണ്ടും കൈവശപ്പെടുത്തി. ബെംഗളുരുവിന് പന്തിന്മേൽ അവകാശം നൽകാതെ ടീം മുന്നേറ്റങ്ങൾ തുടർന്നു. ഗോൾ വഴങ്ങിയതോടെ ഇരട്ട മാറ്റങ്ങൾക്ക് ബെംഗളൂരു നിർബന്ധിക്കപ്പെട്ടു. ഹോർഹെ ഡയസിനു പകരം റയാൻ വില്യംസും ശിവശക്തിക്ക് പകരം സുനിൽ ഛേത്രിയും കളത്തിലെത്തി.
രണ്ടാം ഗോളിന് കിണഞ്ഞു ശ്രമിച്ച ആതിഥേയർക്ക് മുന്നിൽ വെല്ലുവിളിയായത് ബ്ലൂസിന്റെ കാവൽക്കാരൻ ഗുർപ്രീതിന്റെ സാന്നിധ്യമാണ്. ഗുരോത്‌ക്‌സേനയുടെ അടക്കം ഇരട്ട ഷോട്ടുകൾ തുടർച്ചയായി രക്ഷപ്പെടുത്തി അദ്ദേഹം ടീമിന് ജീവശ്വാസം നൽകി. മിനിറ്റുകൾക്ക് ശേഷം, ഉദാന്തയിൽ നിന്നും ലഭിച്ച ക്രോസിന് സ്പാനിഷ് സ്‌ട്രൈക്കർ തലവെച്ചെങ്കിലും ദുർബലമായ ഷോട്ട് സന്ധു കയ്യിലൊതുക്കി.
എഴുപതാം മിനിട്ടിനു ശേഷം മൂന്ന് മാറ്റങ്ങളുമായി ഗോവ കൂടുതൽ ആക്രമണത്തിനായി ഒരുങ്ങി. ഒഡെയ്ക്ക് പകരം അർമാൻഡോ സാദികുവും ആയുഷ് ഛേത്രിക്ക് പകരം ജയ് ഗുപ്‌തയും ഉദാന്ത സിങ്ങിന് പകരം ബ്രൈസൺ ഫെർണാണ്ടസും എത്തി. ബ്ലൂസ് നിരയിൽ എഡ്ഗാർ മെന്ഡസിനു പകരം അലക്സാണ്ടർ ജോവാനോവിച്ചും എത്തി.
ഹൈ ലൈനിൽ നിൽക്കുന്ന ഗോവ നിരയിലെ പിഴവുകൾ മുതലെടുത്തായിരുന്നു ബെംഗളരുവിന്റെ ശ്രമങ്ങൾ. പക്ഷേ, ദുർബലമായ ഷോട്ടുകൾക്ക് ഹൃതിക്കിനെ പരീക്ഷിക്കാൻ സാധിച്ചില്ല. തൊണ്ണൂറു മിനിറ്റുകൾ അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, സൂപ്പർ സബ്ബായി സാദിക്കു മാറിയതോടെ കളി കൂടുതൽ ആവേശത്തിലേക്കാഴ്ന്നു. ആകാശ് സംഗ്വാന്റെ ക്രോസ് വലയിലേക്ക് ചെത്തിയിട്ടതോടെ മത്സരം സമനിലയിൽ. സ്കോർ 2-2.
ചിത്രത്തെറിച്ച ഗോവയുടെ ആരാധകരുടെ ആഘോഷത്തിന് പക്ഷെ ആയുസുണ്ടായിരുന്നില്ല. ഗോവയുടെ പിഴവ് മുതെലെടുത്തതോടെ ബെംഗളുരുവിന് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങി. ഗോവൻ താരം ബോക്സിൽ നൽകിയ ബാക് പാസ് പിടിച്ചെടുത്ത് നംഗ്യാൽ ബൂട്ടിയ നൽകിയ ക്രോസ്, ഫാർ പോസ്റ്റിൽ നിന്നും വലയിലേക്ക് ചെത്തിയിട്ട് സുനിൽ ഛേത്രി നിർണായകമായ മത്സരത്തിൽ വഴിത്തിരിവുണ്ടാക്കി. അഗ്രഗേറ്റ് സ്കോർ 2-3. അത്യുജ്വല തിരിച്ചുവരവിൽ ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്.
ഏപ്രിൽ 7ന് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും ജംഷഡ്പൂർ എഫ്‌സിയും ഏറ്റുമുട്ടും. ആദ്യപാദത്തിൽ സീസണിലെ ഷീൽഡ് ജേതാക്കളെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഞെട്ടിച്ചിരുന്നു ഖാലിദ് ജാമിലിന്റെ പട.