ബംഗളുരു ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 2017-18 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബംഗളുരു എഫ്.സി യെ 3-2 എന്ന നിലയിൽ തകർത്ത് കിരീടം നേടിയപ്പോൾ ലീഗ് ചരിത്രത്തിൽ തന്നെ രണ്ട് വട്ടം കിരീടം നേടുന്ന രണ്ടാമത്തെ ടീമെന്ന ബഹുമതി ചെന്നൈ കരസ്ഥമാക്കുകയായിരുന്നു. ഇതോടെ അത്ലറ്റിഗോ കൊൽക്കത്തയുടെ ഇരട്ടക്കിരീട നേട്ടത്തിന് ഒപ്പത്തിനൊപ്പം ആണ് ഇപ്പോൾ ചെന്നൈയിനും.

സീസണിലുടനീളമുള്ള മത്സരങ്ങളിൽ ആധിപത്യം തുടർന്നു പോന്ന ബംഗളുരുവിനെ അവരുടെ തന്നെ തട്ടകത്തിൽ തകർത്തെറിഞ്ഞ ചെന്നൈയുടെ കളി കാണികളുടെ മനസ്സുകളെ കീഴടക്കി. സീസണിൽ ചെന്നൈ തുടർന്നുപോന്ന സ്ഥിരതയാർന്ന പ്രകടനമികവാണ് മറീനാ മച്ചാൻമാർക്ക് തുണയായത്.

കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനക്കാരായി ഒതുങ്ങേണ്ടി വന്ന ചെന്നൈയിന് ഈ സീസണിന്റെ തുടക്കത്തിലും തണുപ്പൻ തുടക്കമായിരുന്നു. ചെന്നൈയിൽ വെച്ച് എഫ്.സി.ഗോവക്കെതിരെ നടന്ന കർട്ടൺ റൈസർ മത്സരത്തിൽ ആദ്യപകുതിയിൽ തന്നെ 3 ഗോളുകൾക്ക് വഴങ്ങിയ ചെന്നൈ കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം തുടരുകയാണോ എന്ന് ഫുട്ബോൾ ലോകം സംശയിച്ചു. ആ കളിയിൽത്തന്നെ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും പ്രതീക്ഷക്കൊത്തുയരാൻ ചെന്നൈക്ക് കഴിഞ്ഞില്ല. തുടർച്ചയായ മൂന്ന് തകർപ്പൻ വിജയങ്ങളോടെ ആ കറ മായ്ച്ചുകളയാൻ ചെന്നെയ്ക്ക് കഴിഞ്ഞു.മൂന്ന് തുടർ വിജയങ്ങളിലെ അവസാന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ അത്ലറ്റിഗോ കൊൽക്കത്തയെ 3-2ന് മലർത്തിയടിക്കാനായത് ചെന്നൈയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എന്നാൽ, സീസണിലെ മദ്ധ്യഭാഗത്തെ മത്സരങ്ങളിലെ തുടർച്ചയായ 5 വിജയങ്ങളാണ് ചെന്നൈയെ യഥാർത്ഥത്തിൽ കിരീടജേതാക്കളാക്കിയത്. ഈ എട്ടു കളികളിലെ അജയ്യമായ മുന്നേറ്റങ്ങളിൽ നിർണ്ണായകമായ രണ്ട് സെമി ഫൈനലുകളും അത്യാവേശകരമായ ഫൈനലും ഉൾപ്പെടുന്നു.

എഫ്.സി. ഗോവ, ബംഗളുരു എഫ്.സി. എന്നീ ക്ലബ്ബുകളിൽ നിന്നും വ്യത്യസ്തമായി കേവലം സ്കോറിങ്ങിൽ മാത്രമായിരുന്നില്ല ചെന്നൈയുടെ മികവ് പ്രകടമായത്. ആദ്യ നാലു ടീമുകളിൽ 24 ഗോളുകൾ മാത്രം നേടിയ ചെന്നൈ ആദ്യപാദ മത്സരങ്ങളിലെ ഉയർന്ന സ്‌കോറർ പട്ടികയിൽ ചെന്നൈ നേടിയത് ആറാം സ്ഥാനമായിരുന്നു. നോർത്ത് ഈസ്റ്റ് എഫ്.സി.ക്ക് എതിരെ നേടിയ 3-0 എന്ന ഗോൾ നിലയാണ് ചെന്നൈയുടെ ഏറ്റവും ഉയർന്ന മാർജിൻ ജയം. ഇത്രയും പരിമിതികൾക്കുള്ളിലൊതുങ്ങി കൊണ്ടുതന്നെ മികച്ച ഡിഫൻസിലൂടെയും ആക്രമണമികവിലൂടെയും കിരീടത്തിലേക്കുള്ള വഴി ചെന്നൈ വെട്ടിപ്പിടിക്കുകയായിരുന്നു.

ചെന്നൈയുടെ കരൺജിത്ത് സിംഗ് ടീമിന് വേണ്ടി ഇരുപത് മത്സരങ്ങൾ കളിക്കുകയും സുബ്രതാ പോൾ, ഗുർപ്രീത് സംഗ് സന്തു, വിശാൽ കെയ്ത്ത് എന്നിവരോടൊപ്പം ഏറ്റവും കൂടുതൽ ക്ലീൻചിറ്റുകൾ (7) പങ്കിടുകയും ചെയ്തു. നിർണ്ണായകവും കാണികളെ ത്രസിപ്പിച്ചതുമായ സേവുകൾ കൊണ്ട് ഈ ഇന്ത്യൻ ഗോൾകീപ്പർ തന്റെ കരിയറിലെ മികച്ച ഒരു സീസണാക്കി ഇതിനെ മാറ്റി.

ഗോളുകൾക്കായി ടീമിലെ ഒന്നോ രണ്ടോ കളിക്കാരെ മാത്രം ആശ്രയിക്കുന്ന രീതിയല്ല ചെന്നൈ അവലംബിച്ചത് എന്നതാണ് മറ്റ് വിജയ ടീമുകളിൽ നിന്നും അവരെ വ്യത്യസ്തരാക്കിയത്. ഒമ്പത് ഗോളുകളുമായി ജെജെ ലാൽ പെഖുല്വാ തന്റെ ടീമിന്റെ ഉയർന്ന ഗോൾ സ്കോററായി എങ്കിലും ഫോർമേഷനിലെ എല്ലാ ഭാഗത്ത് നിന്നും പന്ത് വല കുലുക്കാനായി എത്തിയിരുന്നു. മാലിസൺ ആൽവ്സ് മധ്യനിരയിൽ നിന്നും നാല് ഗോളുകൾ നേടിക്കൊണ്ട് ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ ഉയർന്ന ഗോൾ സ്കോററായി മാറി. എട്ട് ഗോളുകൾ നേടിയത് ടീമിന്റെ പ്രതിരോധ നിരയാണ് എന്നതും ചെന്നൈയെ വ്യത്യസ്തരാക്കുന്നു.

ചെന്നൈയുടെ കഥ ഇതോടെ തീരുന്നില്ല. മറീന മച്ചാന്മാർക്ക് വേണ്ടി ഈ സീസണിൽ 11 പേരാണ് ഗോൾ നേടിയത് എന്നത് ലീഗ് ചരിത്രത്തിൽ തന്നെ പുതിയ റെക്കോഡായിരുന്നു. മുന്നേറ്റനിര, മധ്യനിര, പ്രതിരോധനിര എന്നിവർ എല്ലാം ഒരു പോലെ സ്കോർ ചെയ്ത മത്സരങ്ങളായിരുന്നു ചെന്നൈയുടേത്. ഇതിനാൽ തന്നെ മീസോ സ്നിപ്പർ എന്നറിയപ്പെടുന്ന ജെജെയ്ക്ക് പരിക്ക് പറ്റിയിട്ട് പോലും അവസരത്തിനൊത്തുയർന്ന് ഒത്തിണക്കത്തോടെ കളിച്ച് ഗോളുകൾ നേടാൻ സഹകളിക്കാർക്ക് കഴിഞ്ഞു.

ഇങ്ങനെയൊക്കെ ആയിരുന്നാലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും, ഡൽഹി ഡൈനാമോസിനെതിരെയും ചെന്നൈക്ക് തോൽവി വഴങ്ങേണ്ടി വന്നിരുന്നു. ചെന്നൈയുടെ പ്രതിരോധം നേരിടേണ്ടി വന്ന വലിയ വെല്ലുവിളികളിലൊന്നാണ് ഗോവക്കെതിരായ സെമി ഫൈനൽ മത്സരങ്ങൾ. ഗോൾഡൻ ബൂട്ട് ജേതാവായ ഗോവയുടെ ഫെറാൻ കൊറോമിനാസിനെ നേരിടുക എന്ന വെല്ലുവിളി അതിസൂക്ഷ്മമായ ആക്രമണങ്ങളിലൂടെ 4-1 എന്ന അഗ്രിഗ്രേറ്റ് സ്‌കോറിൽ ചെന്നൈ മറികടന്നു. ഫൈനലിൽ ചെന്നൈക്ക് നേരിടാനുണ്ടായിരുന്നത് സീസണിൽ തുടർച്ചയായ പത്ത് ജയങ്ങളോടെ നാല്പത് പോയിന്റുമായി നിന്നിരുന്ന അതിശക്തരായ ബംഗളുരു എഫ്.സി.യെ ആയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി ജെജെ ക്ക് ഗോൾ നേടാനാവാത്ത മത്സരത്തിൽ ടീമിലെ ശക്തരായ മറ്റ് രണ്ട് കളിക്കാരുടെ തോളിലേറി ബംഗളൂരുവിന്റെ വായടപ്പിക്കാൻ അവർക്ക് കഴിഞ്ഞു. മാലിസൺ ആൽവ്സിന്റെ ഇരട്ട ഹെഡ്ഢറുകളും, റഫേൽ അഗസ്റ്റോയുടെ മികച്ച ഒരു ഷോട്ടുമാണ് 3-2 എന്ന നിലയിൽ ചെന്നൈയെ കിരീടത്തിലെത്തിച്ചത്.

തുടർച്ചയായ രണ്ട് മത്സരങ്ങളിലാണ് ബംഗളുരുവിനെ അവരുടെ മണ്ണിൽ വെച്ച് ചെന്നൈ തോൽപ്പിക്കുന്നത്. ചെന്നൈയുടെ വിജയത്തിന്റെ നല്ലൊരു പങ്ക് വഹിച്ചത് തീർച്ചയായും കോച്ച് ജോൺ ഗ്രിഗറിയാണ്. തന്റെ ടീമിനെ മികച്ച ഫോർമേഷനിൽ ഇറക്കാനും അദ്ദേഹത്തിനായി. ഈ സീസണിൽ ഏറ്റവും കുറവ് തോൽവികൾ ഏറ്റുവാങ്ങിയ (4) ചെന്നൈയെയാണ് ഫൈനലിൽ നേരിടേണ്ടത് എന്നത് അഞ്ച് കളികൾ തോറ്റ ബംഗളുരുവിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതുകൊണ്ടെല്ലാം തന്നെ ചെന്നൈയിൻ എഫ്.സി.ക്ക് എല്ലാ തരത്തിലും അർഹതപ്പെട്ട കിരീടം തന്നെയാണ് ഈ സീസണിൽ നേടാനായത്.