ഇന്ത്യൻ സൂപ്പർ ലീഗിലെ 2025 മാർച്ചിലെ ഏറ്റവും മികച്ച യുവതാരമായി ചെന്നൈയിൻ എഫ്‌സിയുടെ ഇർഫാൻ യദ്വാദിനെ തിരഞ്ഞെടുത്തു. മാർച്ചിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ ഇരട്ട ഗോളുകളടക്കം നേടി തിളങ്ങി 23-കാരനായ ഗോവ സ്വദേശി.

ഈ വർഷം മറീന മച്ചാൻസിനായി സ്ഥിരതയോടെ കളിച്ച താരത്തിന് കരിയറിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഈ മാസത്തെ ചെന്നൈയിൻ എഫ്‌സിയുടെ രണ്ടു മത്സരങ്ങളിലും ബൂത്തിനണിഞ്ഞ താരം, ടീമിന്റെ അവസാന ഹോം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ 5 - 2 ന്റെ ജയത്തിൽ, ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു.

ഐഎസ്എല്ലിന്റെ 2024 - 25 സീസണിൽ അഞ്ച് ഗോളും നാല് അസിസ്റ്റും താരം തന്റെ പേരിൽ രേഖപ്പെടുത്തി. ആക്രമണനിരയിലെ തന്റെ മികവിനൊപ്പം വർക്ക് റേറ്റിലും ഡ്യുവലുകൾ ജയിക്കുന്നതിലും പ്രതിരോധത്തിൽ റിക്കവറികൾ നടത്തുന്നതിലും അദ്ദേഹം മികവ് പുലർത്തിയിരുന്നു.

യദ്വാദിന് ലഭിക്കുന്ന ആദ്യത്തെ എമേർജിംഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് എന്നതിലുപരി, ഈ സീസണിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ചെന്നൈയിൻ എഫ്‌സിയുടെ താരവുമാണ് അദ്ദേഹം.

മാർച്ചിലെ എമർജിങ് താരത്തിനുള്ള പുരസ്‌കാരത്തിനായി വോട്ട് ചെയ്ത 18 വിദഗ്ധരിൽ ഭൂരിഭാഗവും - എട്ട് പേർ യദ്വാദിനെ ഒന്നാമതായും, രണ്ടു പേർ രണ്ടാമത്തെയും നാല് പേർ മൂന്നാമത്തെയും തെരഞ്ഞെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ കോറൂ സിങ്ങിനെയും പഞ്ചാബ് എഫ്‌സിയുടെ മുഹമ്മദ് സുഹൈലിനെയും മറികടന്നാണ് താരം മുന്നിലെത്തിയത്.

മൂന്ന് പേർ കോറൂവിനെ ഒന്നാമതായും, രണ്ട് പേർ രണ്ടാമതായും രണ്ട് പേർ മൂന്നമതായും തിരഞ്ഞെടുത്തു. സുഹൈലിന് രണ്ട് ഫസ്റ്റ് ചോയ്‌സ് വോട്ടുകളും നാല് വീതം വോട്ടുകൾ യഥാക്രമം രണ്ടാമതും മൂന്നാമത്തെയും ലഭിച്ചു.