പ്രീ ക്വാർട്ടർ ജയത്തിൽ കളിക്കാരുടെ മനോഗതിയിലേക്ക് വിരൽചൂണ്ടി കറ്റാല
മനോഗതിയിൽ മാറ്റം വരുത്താനാണ് താൻ പ്രധാനമായും ശ്രമിച്ചതെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

ടീമിന്റെ മനോഗതിയിലാണ് പ്രധാനമായും മാറ്റം വരുത്താൻ ശ്രമിച്ചതെന്നും ഇന്ന് അവരുടെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ദവീദ് കറ്റാല. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ആതിഥേയത്വം വഹിച്ച കലിംഗ സൂപ്പർ കപ്പിന്റെ ആദ്യ മത്സരത്തിൽ - പ്രീ ക്വാർട്ടറിൽ - നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
"തീർച്ചയായും. വളരെയധികം സന്തോഷം. ഇവിടെയെത്തിയത് മുതൽ കളിക്കാരുടെ മനോഗതിയിൽ മാറ്റമുണ്ടാക്കുന്നതിനെ പറ്റിയായിരുന്നു ഞാൻ സംസാരിച്ചത്. ഇന്ന് മത്സരിക്കാനുള്ള ആഗ്രഹം അവർ കാണിച്ചു തന്നു. ഇന്ന് അവരുടെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. മെച്ചപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, പക്ഷേ ഇന്ന് ഇതൊരു ചെറിയ ചുവടുവെപ്പാണ്," അദ്ദേഹം പറഞ്ഞു
“ഇന്ന് നമ്മൾ കാണിച്ച ഈ മനോഗതിയാൽ, തീർച്ചയായും നമുക്ക് മറ്റ് ടീമുകളുമായി മത്സരിക്കാൻ കഴിയും. ഇനി വേണ്ടത് വിശ്രമമാണ്. കളിക്കാർ ഇന്ന് ചെയ്തത് വലിയൊരു ദൗത്യമാണ്. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് നല്ല രീതിയിലുള്ള റിക്കവറിയാണ്. ഇനി ഞങ്ങൾ അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും," അദ്ദേഹം പറഞ്ഞു.
നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഐഎസ്എൽ പ്ലേ ഓഫ് യോഗ്യത നഷ്ടപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് മോശം സീസണിന് ശേഷമാണ് പുതിയ കോച്ചിനോപ്പം ഒഡീഷയിലേക്ക് യാത്ര തിരിച്ചത്. സ്പാനിഷ് പരിശീലകനായ ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പരിശീലക കുപ്പായമണിഞ്ഞ ശേഷമുള്ള ആദ്യത്തെ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് അദ്ദേഹത്തെ മുഖ്യ പരിശീലകനായി ക്ലബ് പ്രഖ്യാപിക്കുന്നത്. ഏപ്രിൽ ആദ്യം ടീമുമായി ചേർന്നു. ശേഷമുള്ള ഇരുപത് ദിവസങ്ങളാണ് അദ്ദേഹത്തിന് പരിശീലകനെന്ന നിലയിൽ ലഭിച്ചിട്ടുള്ളത്. ആ പരിശീലക സെഷനുകളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ടീമിനൊപ്പം നേടിയ ജയം അദ്ദേഹം തീർത്തും മാധുര്യമേറിയതാകും.
മനോഗതിയിൽ മാറ്റം വരുത്താനാണ് താൻ പ്രധാനമായും ശ്രമിച്ചതെന്ന് അദ്ദേഹം വീണ്ടും ഊന്നി പറഞ്ഞു. "എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മാനസികാവസ്ഥയിൽ അല്പം മാറ്റം വരുത്താൻ ശ്രമിക്കുക എന്നതായിരുന്നു. കാരണം എനിക്ക് അവരെ മനസ്സിലാകും. ഉയർന്ന പ്രതീക്ഷകൾ നിറഞ്ഞ എന്നാൽ ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു അവർക്കിത്. മനോഗതി വീണ്ടെടുക്കാൻ ശ്രമിക്കണം. നമ്മൾ മത്സരിക്കേണ്ടതുണ്ട്. പക്ഷേ എനിക്ക് അതാണ് ഏറ്റവും പ്രധാനം. അതിനുശേഷം, ഫുട്ബോളിനെക്കുറിച്ച്, ഞങ്ങൾ ഞങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു.”
“തീർച്ചയായും, 20 ദിവസത്തിനുള്ളിൽ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് എളുപ്പമല്ല. എന്നാൽ ഇന്ന്, ഞാൻ സന്തോഷവാനാണ്. ഈ കളിക്കാരെക്കുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്, കാരണം അവരുടെ പരിശ്രമം ഞെട്ടിച്ചു," അദ്ദേഹം ചൂണ്ടി കാണിച്ചു.
ഐഎസ്എല്ലിന്റെ 2024 - 25 സീസണിൽ ഷീൽഡും കപ്പും നേടി ഇരട്ടക്കിരീടങ്ങളിൽ മുത്തമിട്ട മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനലിലെ എതിരാളികൾ. ട്രബിൾ നേടി പുതു ചരിത്രമെഴുതാൻ ലക്ഷ്യമിടുന്ന ടീമിനെതിരെ കടുത്ത മത്സരമാണ് കൊച്ചി ക്ലബ്ബിനെ കാത്തിരിക്കുന്നത് താരങ്ങൾ കാണിക്കുന്ന മനോഗതിയും പരിശ്രമവും നിലനിർത്താനാണ് ഇനി ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.
"അതെ. ഞങ്ങൾ തയ്യാറായിരിക്കണം. ഇനി ഞങ്ങൾ മോഹൻ ബഗാനെ (സൂപ്പർ ജയന്റ്) പറ്റി ചിന്തിക്കണം. എങ്ങനെ കളിക്കാം, എങ്ങനെ അപകടമുണ്ടാക്കാം, എങ്ങനെ വീണ്ടെടുക്കാം തുടങ്ങിയ മത്സരത്തെ കുറിച്ചുള്ള ചിന്തകൾ. ഞങ്ങൾക്ക് മികച്ചത് നൽകാൻ അഞ്ച് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇപ്പോൾ എന്റെ ദൗത്യം തളരാതിരിക്കാൻ ശ്രമിക്കുക, ഒപ്പം പരിശീലനങ്ങളിൽ എല്ലാ ദിവസവും അവർ കാണിച്ച അതേ മനോഗതി, അതേ ടീം സ്പിരിറ്റ്, അതേ പരിശ്രമം എന്നിവ നിലനിർത്തുക എന്നതാണ്," അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.