മുംബൈ ദാദര്‍ സ്വദേശി യുവതാരം ബ്രൈസ് മിറാന്‍ഡയെ സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ താരമായിരുന്നു 22 കാരനായ ബ്രൈസ് മിറാന്‍ഡ. ചര്‍ച്ചില്‍ ബ്രദേഴ്‌സി കാഴ്ചവച്ച പ്രകടനമാണ് ബ്രൈസ് മിറാന്‍ഡയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയില്‍ എത്തിച്ചത്. 2026 വരെയാണ് കരാർ. 2022 - 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ആദ്യ സൈനിംഗ് ആണ് ബ്രൈസ് മിറാന്‍ഡ.

ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനായി കളിച്ചിട്ടുള്ള ലെഫ്റ്റ് വിംഗ് / ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ പൊസിഷന്‍ താരമാണ് 22 കാരനായ ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ. ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി 2020 മുതല്‍ 2022 വരെയുള്ള ബ്രൈസ് മിറാന്‍ഡയുടെ മികച്ച പ്രകടനമാണ് താരത്തിന് കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്. ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി 33 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ബ്രൈസ് മിറാന്‍ഡ, രണ്ട് ഗോള്‍ നേടുകയും നാല് ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു.

ക്രോസുകള്‍ നല്‍കുന്നതില്‍ വിദഗ്ധനാണ് ഈ 22 കാരന്‍. 2021 - 2022 സീസണ്‍ ഐ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നായി 55 ക്രോസുകളാണ് താരം നല്‍കിയത്. ലോംഗ് ഷോട്ട് ഗോളുകളും മിറാന്‍ഡയ്ക്ക് വഴങ്ങും. ലോംഗ് ഷോട്ട് ഗോളുകളിൽ വിദഗ്ധനായ ആല്‍വാരോ വാസ്‌ക്വെസിന്റെ വിടവ് വരും സീസണിൽ ബ്രൈസ് മിറാന്‍ഡ നികത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐ ലീഗ് ക്ലബ്ബായ മുംബൈ എഫ്സിയുടെ യൂത്ത് അക്കാഡമിയിലൂടെയാണ് ബ്രൈസ് മിറാന്‍ഡ ഫുട്ബാളിലേക്കെത്തുന്നത്. അണ്ടര്‍ 18 വരെയുള്ള മുംബൈ എഫ്സിയുടെ വിവിധ ടീമുകളില്‍ കളിച്ചു. 2017ല്‍ യൂണിയന്‍ ബാങ്ക് എഫ്സിയിലൂടെ പ്രഫഷണല്‍ ഫുട്‌ബോൾ ലോകത്തേക്കെത്തി. യൂണിയന്‍ ബാങ്കിനായി 11 മത്സരങ്ങളില്‍ നിന്നായി രണ്ട് ഗോളുകൾ നേടി.

2018ല്‍ ഐഎസ്എല്‍ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് കുടിയേറിയെങ്കിലും ഡെവലപ്‌മെന്റ് സൈഡില്‍ കളിക്കാനേ സാധിച്ചുള്ളൂ. ഗോവ എഫ്സി ബി ടീമിനായി ഒരു മത്സരത്തില്‍ കളത്തിലിറങ്ങി. 2019ല്‍ ഇന്‍കം ടാക്‌സ് എഫ്സിക്ക് വേണ്ടി. മികച്ച പ്രകടനം നടത്തിയ താരത്തെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.

വിംഗര്‍മാരായ വിന്‍സി ബാരെറ്റൊ, സെത്യാസെന്‍ സിംഗ് എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ടതിനു പിന്നാലെയാണ് ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.  മലയാളി സെന്റര്‍ ബാക്ക് ബിജോയ് വര്‍ഗീസ്, സെന്റര്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ജീക്‌സണ്‍ സിംഗ്, സെന്റര്‍ ബാക്ക് ക്രൊയേഷ്യൻ താരം മാര്‍ക്കോ ലെസ്‌കോവിച്ച്, ഗോളിമാരായ പ്രഭ്‌സുഖന്‍ സിംഗ് ഗില്‍, കരണ്‍ജീത് സിംഗ്, സെന്റര്‍ ബാക്ക് സന്ദീപ് സിംഗ് എന്നിവരുടെ കരാറുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരുന്നു.