'ബ്ലാസ്റ്റേഴ്സ് ടീമും ആരാധകരും എന്നെ നന്നായി സ്വീകരിച്ചു. അവർക്കായി ഞാൻ എന്റെ പരമാവധി ശ്രമിക്കും'; കിബു വികുന

ക്രെഡിറ്റ്: @lakibuteka, ട്വിറ്റർ

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസന്റെ കൊടിയേറ്റ് നാളെ വൈകിട്ട് ഗോവയിൽ നടക്കും. പ്രാരംഭ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എടി‌കെ മോഹൻ ബഗാനെ നേരിടും. കൊറോണ മഹാമാരി മൂലം സുരക്ഷയെ മുൻനിർത്തി സീസൺ പൂർണമായും ഗോവയിലാകും നടക്കുക. പതിനൊന്നു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗ് ബയോ ബബിളിന്റെ ഭാഗമാണ്. പ്രീ-സീസൺ തയ്യാറെടുപ്പുകൾ വേണ്ടത്ര ഫലപ്രദമായി നടന്നിട്ടില്ലെങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ ലീഗ് നടത്തുവാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണെന്ന് കേരളാബ്ലാസ്റ്റേഴ്‌സ് ഇന്ന് നടന്ന ഓൺലൈൻ പ്രസ് മീറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന അഭിപ്രായപ്പെട്ടു.

“പ്രീ-സീസൺ ഹ്രസ്വമാണ് എന്നത് ഒരു വസ്തുതയാണ്. ഒരു പുതിയ ടീമിൽ, കൂടുതൽ പരിശീലനം നടത്താൻ എല്ലാവരും ഇഷ്ടപ്പെടുന്നു. മൂന്ന് ദിവസം മുമ്പ് പോലും ക്വറന്റൈൻ അവസാനിച്ച കളിക്കാർ ഞങ്ങൾക്കുണ്ട്. ഓരോ ടീമിനും അവരവരുടേതായ പ്രശ്നങ്ങളുണ്ട്. എന്നാൽ പരാതികളും ഒഴികഴിവുകളും ഇല്ല. ലീഗ് ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്."

"വിസ പ്രശ്‌നങ്ങൾ കാരണം വിദേശ കളിക്കാർ പലരും വൈകിയാണ് വന്നത്. അവർക്ക് കൂടുതൽ സമയം ആവശ്യമാണ്. മുഴുവൻ ടീമിനും ശാരീരികമായി മാത്രമല്ല തന്ത്രപരമായും കൂടുതൽ സമയം ആവശ്യമാണ്. അടുത്ത മാസം ഞങ്ങൾ ഇന്നത്തേതിനേക്കാൾ മികച്ചവരായിരിക്കും.  അതിലെനിക്ക് ഉറപ്പുണ്ട്” വികുന പറഞ്ഞു.

കഴിഞ്ഞ സീസണിൽ ആവേശകരമായ ഫുട്ബോൾ കളിച്ചുകൊണ്ട് കിബുവിന്റെ നേതൃത്വത്തിൽ മോഹൻ ബഗാൻ ഐ-ലീഗ് കിരീടം നേടിയിരുന്നു. ഈ സീസണിൽ മോഹൻ‌ ബഗാനും എ‌ടി‌കെയും ലയിച്ച് എ‌ടി‌കെ മോഹൻ‌ ബഗാൻ എന്ന‌ പുതിയ ടീം രൂപീകരിച്ചു.  എടി‌കെയുടെ മുൻ പരിശീലകനായിരുന്ന അന്റോണിയോ ഹബാസിനെ പുതിയ ടീമായ എ‌ടി‌കെ മോഹൻ‌ ബഗാൻ‌ ഹെഡ് കോച്ചായി നിയമിച്ചപ്പോൾ കിബു ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറി.

“എനിക്ക് മോഹൻ ബഗാനോട് സ്നേഹമുണ്ട്. അവർ എന്നോട് വളരെ നന്നായി പെരുമാറി. അവിടെ ധാരാളം സുഹൃത്തുക്കൾ എനിക്ക് ഉണ്ട്. പക്ഷേ, ബ്ലാസ്റ്റേഴ്സിനോടൊപ്പമായിരിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും എന്നെ നന്നായി സ്വീകരിച്ചു. അവർക്കായി ഞാൻ എന്റെ പരമാവധി ശ്രമിക്കും. മോഹൻ ബഗാൻ ടീമിനെപ്പറ്റിയുള്ള തന്റെ  ചിന്തകൾ അദ്ദേഹം പങ്കുവെച്ചു.

“ഞങ്ങൾ സീസൺ ആരംഭിക്കുകയാണ്. ഒരു നല്ല ടീമിനെ സൃഷ്ടിക്കുവാനും അങ്ങനെ നല്ല ഫുട്ബോൾ കളിക്കുവാനും ഞാൻ ശ്രമിക്കുന്നു. ഇത് മറ്റൊരു ലീഗാണ്. കഴിഞ്ഞ സീസണിൽ ഇത് കടുത്ത ലീഗായിരുന്നു. കളിക്കാരുടെയും പരിശീലകരുടെയും ക്ലബ്ബുകളുടെയും നിലവാരം തുല്യമാണ്. എല്ലാ ഗെയിമുകളും കഠിനമായിരിക്കും. എന്നാൽ ഞാൻ പരിശീലിപ്പിക്കുന്ന രീതിയിൽ എനിക്ക് വിശ്വാസമുണ്ട്. ”

"കളിക്കാരുടെ ഭൂതകാലം നോക്കുന്ന പതിവെനിക്കില്ല. അവർക്ക് ലഭിച്ച അവസരങ്ങൾ വിനയോഗിച്ച് വിജയിക്കുകയാണെങ്കിൽ, അതിന്റെ ഫലം അവർക്കു തന്നെ ലഭിക്കും. ഞങ്ങൾക്ക് നല്ല യുവ കളിക്കാരും പരിചയസമ്പന്നരായ കളിക്കാരും ഉണ്ട്. ഒരു ബാലൻസ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം പ്രായം പ്രധാനമല്ല. ഞങ്ങൾക്ക് കഴിവുള്ള കളിക്കാരുണ്ട്. എല്ലാ കളിക്കാരെയും പോലെ, അവരും ദിനംപ്രതി മെച്ചപ്പെടണം. ”

കേരള ബ്ലാസ്റ്റേഴ്സിന് നാല് ഗോൾകീപ്പർമാരുണ്ട്,  ബിലാൽ ഖാൻ, ആൽബിനോ ഗോമസ്, മുഹീത് ഷബ്ബീർ, പ്രഭുസുഖൻ ഗിൽ, വികുന എന്നിവർ. ഓരോ നാലുപേരും പ്രീ-സീസണിൽ എങ്ങനെ പരിശീലനം നേടുന്നുവെന്നതിനേപ്പറ്റിയും കിബു സംസാരിച്ചു.

“ഞങ്ങൾക്ക് നാല് ഗോൾകീപ്പർമാരുണ്ട്. ഗോൾകീപ്പിംഗ് പരിശീലകനോടൊപ്പം അവർ പരിശീലിക്കുന്ന രീതിയിൽ ഞാൻ സന്തുഷ്ടനാണ്. പ്രീ സീസൺ സൗഹൃദമത്സരങ്ങളിൽ അവർ നന്നായി പങ്കെടുത്തു. എന്നാൽ നാളത്തെ ഗെയിമിനായി ഒരാളെ തിരഞ്ഞെടുക്കണം എന്നുമാത്രം. ആദ്യ ഗെയിമിലാണ് ഇപ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ”

ടീമിന്റെ ക്യാപ്റ്റൻ ആകുവാൻ പോകുന്ന താരത്തെക്കുറിച്ചും കിബു സംസാരിച്ചു.

"എന്നെ സംബന്ധിച്ചിടത്തോളം ഏത് കളിക്കാരനാണ് ടീമിന്റെ ക്യാപ്റ്റൻ ആകാൻ പോകുന്നത് എന്നത് പ്രധാനമാണ്. എന്റെ ടീമിലെ കളിക്കാർക്ക് മികച്ച ക്യാപ്റ്റൻമാരാകാനുള്ള കഴിവുണ്ട്. അവർ ടീമിനെ പ്രതിനിധികരിക്കും. ക്യാപ്റ്റനാകുക എന്നത് ഒരു പദവി മാത്രമല്ല, മൈതാനത്തും പുറത്തും ടീമിനെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യംകൂടി അതിനു പിന്നിലുണ്ട്. മൂന്ന് മുതൽ നാല് ക്യാപ്റ്റൻമാരെ വരെ ടീമിന് വേണ്ടി ഞാൻ പരിഗണിക്കുന്നു. ഭാവിയിൽ ഒരു ക്യാപ്റ്റനെക്കൂടി ഞാൻ തിരഞ്ഞെടുക്കും ”വികുന പറഞ്ഞു.

കിബുവിനൊപ്പം കോസ്റ്റയും ഓൺലൈൻ മീറ്റിൽ പങ്കുചേർന്നു.

“ഞാൻ ഇവിടെ വന്നപ്പോൾ, ഞാൻ വ്യക്തികളെ മാത്രമായി കാണുവാൻ ശ്രമിച്ചില്ല. ഞാൻ ടീമിനെ മൊത്തത്തിൽ വിലയിരുത്താൻ ശ്രമിച്ചു. എല്ലാ യുവ താരങ്ങളും ആവേശഭരിതരാണ്. അവർ ഊർജ്ജം നിറഞ്ഞവരാണ്. പുതിയ രീതിയിൽ കളി പഠിപ്പിക്കുന്ന പരിശീലകനിൽ നിന്ന് അവർ ശരിക്കും പഠിക്കാൻ ആഗ്രഹിക്കുന്നു. കോസ്റ്റ പറഞ്ഞു.

“ഈ സീസൺ ഞങ്ങൾ ശീലിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത് കൂടുതലായും മാനസീകമായ കരുത്തിനെപ്പറ്റിയുള്ളതാണ്. ശാരീരികമായ കരുത്ത് ആവശ്യമുണ്ടെങ്കിലും മാനസികമായും ശക്തരായിരിക്കണം എന്നത് ഒരു ആവശ്യകതയാണ്. ഞങ്ങൾ ഒഴികഴിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നില്ല. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് പരിമിതിക്കുള്ളിൽ നിന്ന് പരമാവധി പ്രവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കും.

“ഇന്നലെ, അത്താഴത്തിന് ശേഷം ഞങ്ങൾക്കിടയിൽ ചില ആക്ടിവിറ്റീസ് ഉണ്ടായിരുന്നു. ഭാവി എന്താകുമെന്ന് ആർക്കും അറിയില്ല. ലഭ്യമായതെന്തും ഉപയോഗിച്ച് പരമാവധി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് ഞങ്ങളെ എവിടേക്കാണ് നയിക്കുന്നതെന്ന് നമുക്ക് കാണാം” കോസ്റ്റ തന്റെ ചിന്തകൾ പങ്കുവെച്ചു.

Your Comments

Your Comments