ഹൈദരാബാദിനെതിരെ ഫൈനലിലെ കണക്ക് തീർത്ത് കൊമ്പന്മാർ

നവംബർ 19 ശനിയാഴ്ച വൈകിട്ട് ഏഴരക്ക് ഹൈദരാബാദിലെ G.M.C ബാലയോഗി SATS ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ ഏഴാം മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണിലെ ഫൈനലിൽ പെനാലിറ്റിയിൽ ഹൈദരാബാദ് എഫ്‌സിയോടായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ മത്സര വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റക്കോസാണ് വിജയ ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (ആരംഭ ഇലവൻ)

പ്രഭ്സുഖൻ ഗിൽ (ജികെ), സൊറൈഷാം സന്ദീപ് സിംഗ്, റൂയിവ ഹോർമിപം, മാർക്കോ ലെസ്‌കോവിച്ച്, നിഷു കുമാർ, ഇവാൻ കലിയൂഷ്നി, ജീക്‌സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ (സി), രാഹുൽ കുന്നോളി പ്രവീൺ, ദിമിട്രിയോസ് ഡയമന്റകോസ്.

ഹൈദരാബാദ് എഫ്‌സി (ആരംഭ ഇലവൻ)

അനൂജ് കുമാർ (ജി.കെ), ആകാശ് മിശ്ര, ചിംഗ്ലെൻസന സിംഗ്, ഒഡെ ഒനൈന്ത്യ, നിഖിൽ പൂജാരി, ജോവോ വിക്ടർ (സി), സാഹിൽ തവോറ, മുഹമ്മദ് യാസിർ, ജോയൽ ചിയാനീസ്, ഹാലിചരൺ നർസാരി, ബർത്തലോമി ഒഗ്ബെച്ചെ.

മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും പാസിംഗ് ആക്യൂറസിയിലും ഹൈദെരാബാദാണ് മുന്നിട്ട് നിന്നത്. എങ്കിലും ആദ്യ ഗോൾ നേടിയത് കേരളാ ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. അഡ്രിയാൻ ലൂണ ബോക്‌സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നല്‍കിയ പന്ത് ഹൈദരാബാദ് ഗോൾ  കീപ്പര്‍ അനുജ് കുമാര്‍ ക്ലിയർ ചെയ്തു. ക്ലിയറിങ്ങിൽ എന്നാൽ പന്ത് വരുതിയിലാക്കിയ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ സമയോചിതമായ കിക്കിൽ പന്ത് വലതുളച്ചു.

ഇരുപതാം മിനിറ്റിൽ രാഹുൽ കെപി ഗോളിനായി ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ഹൈദരാബാദ് ഗോൾ  കീപ്പര്‍ അനുജ് കുമാര്‍ കയ്യിലൊതുക്കി. മുപ്പത്തിനാലാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് ദിമിട്രിയോസ് ഡയമന്റകോസ് കളം വിട്ടു. താരത്തിനു പകരം അപ്പോസ്തലോസ് ജിയാനു കളത്തിലിറങ്ങി.

മുപ്പത്തിയേഴാം മിനിറ്റിൽ ലീഡ് നേടാൻ ലഭിച്ച സുവർണാവസരം സഹൽ അബ്ദുൾ സമദ് നഷ്ടമാക്കി. അഡ്രിയാൻ ലൂണ വലതുവശത്ത് നിന്ന് ബാക്ക് പോസ്റ്റിലേക്ക് പന്ത് ചിയ്തു. സഹൽ അത് ഹെഡ് ചെയ്തെങ്കിലും വൈഡിൽ കലാശിച്ചു. നാല്പത്തിയഞ്ചാം മിനിറ്റിൽ ബർത്തലോമി ഒഗ്ബെച്ചെയുടെ ഗോൾ ശ്രമവും വൈഡിൽ കലാശിച്ചു.

ആദ്യ പകുതി കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ ജീക്സൺ സിങ്ങിന് മഞ്ഞക്കാർഡ് ലഭിച്ചു. എഴുപതിമ്മൂന്നാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനു പകരം സൗരവ് മണ്ഡൽ കളത്തിലിറങ്ങി. എൺപത്തിയൊമ്പതാം മിനിറ്റിൽ സൗരവ് മണ്ഡലിനും തൊണ്ണൂറാം മിനിറ്റിൽ രാഹുലിനും പ്രഭ്സുഖൻ ഗില്ലിനും മഞ്ഞക്കാർഡ് ലഭിച്ചു. തൊണ്ണൂറാം മിനിറ്റിൽ അഡ്രിയാൻ ലൂണക്കു പകരം വിക്ടർ മോങ്കിൽ കളത്തിലിറങ്ങി. ഇരു ടീമുകളും വീണ്ടുമൊരു ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മറ്റൊരു ഗോൾ പിറന്നില്ല.

ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. കഴിഞ്ഞ ആറു മത്സരങ്ങളുടെ ഹൈദരാബാദിന്റെ അപരാജിത യാത്രയാണ് ഇന്ന് തകർന്നത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് ഇവാൻ കലിയൂഷ്നി നേടി. ഡിസംബർ നാലിന് ജാംഷെഡ്പൂരിനെതിരെ JRD ടാറ്റ സ്പോർട്സ് കോംപ്ലക്സ്, ജംഷഡ്പൂരിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Your Comments

Your Comments