ഏപ്രിൽ പത്തൊമ്പതിന് ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ പ്ലേ ഓഫിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ഒഡിഷ എഫ്‌സിയും ഏറ്റുമുട്ടി. ഇഞ്ചുറി ടൈമിനും ശേഷം അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി സെമി ഫൈനലിലേക്ക് യോഗ്യത നേടി.

മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ ഒഡീഷക്കായി ഇസക് വാൻലാൽറുത്ഫെലയും ഡിയാഗോ മൗറീഷ്യോയും ഗോളുകൾ നേടിയപ്പോൾ ഫെഡോർ സെർനിച് കേരളാ ബ്ലാസ്റ്റേഴ്സിനായി ആശ്വാസഗോൾ നേടി.

ആരംഭനിര

ഒഡീഷ എഫ്‌സി, 4-2-3-1

അമരീന്ദർ രഞ്ജിത് സിംഗ്, ജെറി ലാൽറിൻസുവാല, കാർലോസ് ജാവിയർ ഡെൽഗാഡോ റോഡ്രിഗസ്, സെറിഗ്നെ മൗർതാഡ ഫാൾ, അമേയ് ഗണേഷ് റണവാഡെ, ലാൽതതംഗ ഖൗൽഹിംഗ്, അഹമ്മദ് ജഹൂ, ഇസക് വാൻലാൽറുഅത്ഫെല, പ്രിൻസ്റ്റൺ അർണാൾഡ് റെബെല്ലോ, ജെറി മാവിഹ്മിംഗ്, റോയ് ക്രിസ്റ്റഫർ കൃഷ്ണ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 4-4-2

ലാറ ശർമ്മ, സൊറൈഷാം സന്ദീപ് സിംഗ്, മാർക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിൻചിച്ച്, ഹോർമിപാം റൂയിവ, ഡെയ്‌സുകെ സകായ്, ഫ്രെഡി ലല്ലാവ്മ, വിബിൻ മോഹനൻ, സൗരവ് മണ്ഡല്, മുഹമ്മദ് ഐമെൻ, ഫെഡോർ സെർനിച്

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ അഹമ്മദ് ജഹൂവിന്റെ ഷോട്ട് വലതുളച്ചെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ ഗോൾ അനുവദിച്ചില്ല. ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. അധിക സമയത്തിന് ശേഷം ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലാണ് ആദ്യ രണ്ടു ഗോളുകളും പിറന്നത്. ഫെഡോർ സെർണിച്ച് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. അറുപത്തിയേഴാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം മുഹമ്മദ് അയ്മന്റെ അസിസ്റ്റിൽ ഫെഡോർ സെർണിച്ചിന്റെ വലംകാൽ ഷോട്ട് വലയുടെ വലതുമൂല തുളച്ചു. ശേഷം മത്സരമവസാനിക്കാൻ വെറും മിനിറ്റുകൾ ബാക്കിനിൽക്കെ എൺപത്തിയേഴാം മിനിറ്റിൽ റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ഡിയാഗോ മൗറീഷ്യോയാണ് ഒഡിഷക്കായി സമനില ഗോൾ നേടിയത്.

നിശ്ചിത സമയത്തിനു ശേഷം ഇഞ്ചുറി ടൈമിലും വിജയഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കുമാകാത്തതിനാൽ മുപ്പതുമിനിറ്റ് അധിക സമയത്തേക്ക് മത്സരം നീണ്ടു. മത്സരത്തിന്റെ അധിക സമയത്ത് തൊണ്ണൂറ്റിയെട്ടാം മിനിറ്റിലാണ് ഒഡിഷ വിജയ ഗോൾ നേടിയത്. റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ഇസക് വാൻലാൽറുത്ഫെലയുടെ ഷോട്ടാണ് ഒഡീഷയെ വിജയത്തിലേക്ക് നയിച്ചത്.

അധിക സമയം അവസാനിക്കുംവരെ മറ്റൊരു ഗോൾ നേടാൻ ഇരു ടീമുകൾക്കുമായില്ല.

ഒരു ഗോളിന്റെ ലീഡിൽ ഒഡിഷ സെമി ഫൈനലിലേക്ക് കടന്നപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേട്ടം ഒരു സ്വപ്നമായി കേരളാ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നു. മത്സരത്തിൽ വിജയിച്ച ഒഡിഷ പത്താം സീസണിൽ സെമിഫൈനലിലേക്ക് ഇടം നേടുന്ന മൂന്നാം ടീമായി. ഏപ്രിൽ ഇരുപതിന് നടക്കുന്ന രണ്ടാം പ്ലേ ഓഫ് മത്സരത്തിൽ എഫ്‌സി ഗോവ ചെന്നൈയിൻ എഫ്‌സിയെ നേരിടും.