ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പുകഴ്ത്തി ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്റക്കൊസ്. രണ്ടോ മൂന്നോ മത്സരങ്ങൾ മോശമായാലും അവർ താരങ്ങളെ പിൻതുണക്കുമെന്നും അത് സംസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർദ്ധാവസരങ്ങളെ ഗോളുകളാക്കി മാറ്റുന്നതിലും എതിരാളിയുടെ ഫൈനൽ തേർഡിലെ മേധാവിത്വത്തിനും പേരുകേട്ട ഗ്രീക്ക് ഇന്റർനാഷണൽ, സമീപകാലത്ത് ഐ‌എസ്‌എൽ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ്.

2022 ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലൂടെ ഐ‌എസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ച ഡയമന്റകോസ്, നിരവധി ഗോളുകൾ നേടി ടീമിനെ പ്ലേ ഓഫിലേക്ക് കുതിക്കാൻ സഹായിച്ചു. ഒപ്പം 2023-24 സീസണിൽ കൊച്ചി ക്ലബിനൊപ്പം ഗോൾഡൻ ബൂട്ട് പുരസ്കാരം നേടി. തുടർന്ന്, ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്ക് ചേക്കേറിയ താരം, കൊൽക്കത്തയിലെ ആരാധകരിൽ പ്രതീക്ഷയുടെ നാമ്പുകൾ വളർത്തി. എന്നാൽ, ഈ സീസണിൽ റെഡ് ആൻഡ് ഗോൾഡിനൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രകടനം താരതമ്യേന തണുത്ത മട്ടിലായതിനാൽ, ആരാധകരുടെ വാനോളം ഉയർന്ന പ്രതീക്ഷകളിലേക്ക് എത്താൻ ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ 'ഡിമി' ക്ക് സാധിച്ചിട്ടില്ല.

ഡ്യൂറണ്ട് കപ്പിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ അരങ്ങേറ്റത്തിൽ ഗോൾ നേടിയതിന് ശേഷം ധാരാളം ഉയർച്ച താഴ്ചകളിലൂടെയാണ് താരം കടന്നുപോയത്. മൂന്ന് മത്സരത്തിൽ നിന്ന് നാല് ഗോൾ നേടി എഎഫ്‌സി ചലഞ്ച് ലീഗിൽ ക്ലബ്ബിന്റെ ടോപ് സ്കോറർ ആയും എന്നാൽ 15 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രം നേടിയും കൊൽക്കത്തൻ ക്ലബ്ബിന്റെ വിവിധ ഘട്ടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു.

സുയാഷ് ഉപാധ്യായ അവതരിപ്പിക്കുന്ന ഇൻ ദി സ്റ്റാൻഡ്‌സിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, 31-കാരനായ സ്‌ട്രൈക്കർ ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്കുള്ള തന്റെ ചേക്കേറലിനെ കുറിച്ചും, ആരാധകരുടെ പിന്തുണയെക്കുറിച്ചും, ‘ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക’യിൽ ഉയരുന്ന പ്രതീക്ഷകളെക്കുറിച്ചും തുറന്നു സംസാരിച്ചു.

2024 ലെ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്ക് കൂടുമാറുന്നതിൽ മുൻ മുഖ്യപരിശീലകൻ കാർലെസ് ക്വാഡ്രാത് നിർണായക പങ്കു വഹിച്ചെന്ന് ഡയമന്റകോസ് വെളിപ്പെടുത്തി.

"എന്റെ ഓർമയിൽ, ഞാൻ ആദ്യം മുൻ പരിശീലകനുമായി (കാർലെസ് ക്വാഡ്രാത്) സംസാരിച്ചു. ആദ്യ കോൺടാക്റ്റ് അങ്ങനെയായിരുന്നു. നല്ല സംഭാഷണം ആയിരുന്നു, ക്ലബ്ബിൽ അദ്ദേഹം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് വിശദീകരിച്ചു. അദ്ദേഹം സമയത്തെക്കുറിച്ച് പറഞ്ഞു, ഞാൻ ആദ്യമായി ക്ലബ്ബുമായി സംസാരിച്ചത് അപ്പോഴാണ്," അദ്ദേഹം പങ്കുവെച്ചു.

"കൂടാതെ, എനിക്ക് മറ്റ് ഓഫറുകളും ഉണ്ടായിരുന്നു. മൂന്ന് ടീമുകൾ കൂടി ഉണ്ടായിരുന്നു. പക്ഷേ, ഈ ആശയവിനിമയം വളരെ മികച്ചതായിരുന്നു. പിന്നീട്, ഞാൻ സ്പോർട്ടിംഗ് ഡയറക്ടറുമായി സംസാരിച്ചു. പിന്നെ ഞങ്ങൾ വീണ്ടും സംസാരിച്ചു, നിങ്ങൾക്കറിയാമോ. ഇവിടെക്ക് വരാൻ തീരുമാനിച്ചു, കാരണം ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നില്ലായിരുന്നു എന്ന് അറിയാമായിരുന്നു. ഈസ്റ്റ് ബംഗാളിനോട് സംസാരിച്ച് അവർക്ക് എന്നെ വളരെയധികം ആവശ്യമാണെന്ന് ഉറപ്പിച്ചു. ക്ലബ്ബിന്റെ ചരിത്രം എനിക്കറിയാമായിരുന്നു, വലുതായി എന്തെങ്കിലും ചെയ്യണമെന്ന് അവർ എന്നോട് പറഞ്ഞു - അതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്," ഡയമന്റകോസ് തുടർന്നു.

ജൂലൈ പകുതിയിലെ ഒരു പ്രഭാതത്തിൽ കൊൽക്കത്തയിൽ വിമാനമിറങ്ങിയ ഡയമന്റാകോസിന് ഈസ്റ് ബംഗാളിന്റെ ആരാധകർ കാത്തുവെച്ചത് ഗംഭീര സ്വീകരണം. അത്തരമൊരു സ്വീകരണം ലഭിച്ചതിൽ മുന്നേറ്റ താരം അതിയായ സന്തോഷം പ്രകടിപ്പിച്ചു."ഓ! സത്യം പറഞ്ഞാൽ - ഇല്ല (അത് പ്രതീക്ഷിച്ചിരുന്നില്ല)."

ആരാധകരുടെ സ്നേഹം കണ്ടതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നു. "അത്രയും ആരാധകർ ഉണ്ടായിരുന്നു. റോഡിൽ പ്രശനങ്ങൾ ഉണ്ടാകരുത് എന്നതിനാൽ ഞാൻ മറ്റൊരു കാറിലാണ് പോയത്. ചിലർ കാറിനു മുകളിലേക്ക് ചാടി. കാർ കുലുങ്ങാൻ തുടങ്ങിയതോടെ അത് എന്റെ അവസാന ദിവസമാണെന്ന് ഞാൻ കരുതി!"

"ഞാൻ ശെരിക്കും ഞെട്ടി, എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല," അദ്ദേഹം വാചാലനായി.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഊർജ്വസ്വലരായ രണ്ട് ആരാധകർക്കു വേണ്ടി ബൂട്ടണിഞ്ഞ താരമാണ് ഡയമന്റാകോഡ്. അതിനാൽ, കളത്തിലെ അവരുടെ സന്തോഷം, നിരാശ, സമ്മർദ്ദം എന്നിവയെല്ലാം അദ്ദേഹത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ അവരുടെ കളിക്കാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ്, എന്നാൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ ആരാധകർ താരങ്ങളിൽ നിന്നും കൂടുതൽ ആവശ്യപ്പെടുന്നവരാണെന്നും കളിക്കാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നവരാണെന്നും ഗ്രീക്ക് ഇന്റർനാഷണൽ നിരീക്ഷിച്ചു.

"നിങ്ങൾ പറയുന്നതുപോലെ, ഇവിടെ ആളുകൾക്ക് അഭിപ്രായങ്ങൾ വേഗം മാറ്റാൻ കഴിയും എന്ന് ഞാൻ കരുതുന്നു. ഒരു ദിവസം, നിങ്ങൾ ഞെട്ടിക്കുമ്പോൾ, അടുത്ത ദിവസം നിങ്ങൾ മോശമാകും. കേരളത്തിൽ, അങ്ങനെയല്ല. കേരളത്തിൽ, രണ്ടോ മൂന്നോ മോശം മത്സരങ്ങളുണ്ടായാലും അവർ നിങ്ങളെ സ്നേഹിക്കും," അദ്ദേഹം വ്യക്തമാക്കി.

"അതാണ് സംസ്കാരമെന്ന് എനിക്ക് തോന്നുന്നു, അവർ (കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ) അവരുടെ കളിക്കാരെയും ടീമിനെയും സംരക്ഷിക്കുന്നു. കാരണം ഇവിടെ, അവർ (ഈസ്റ്റ് ബംഗാൾ ആരാധകർ) കൂടുതൽ പ്രതീക്ഷിക്കുന്നു. കാരണം അവർക്ക് ഇവിടെ ധാരാളം ട്രോഫികളുണ്ട്. അവർക്ക് എല്ലാം ഉണ്ട്, അതുകൊണ്ടു കൂടിയാണ് അവർക്ക് പ്രതീക്ഷയുള്ളത്. കഴിഞ്ഞ വർഷം ഞങ്ങൾ സൂപ്പർ കപ്പ് നേടി, പക്ഷേ അതിനുശേഷം ജയിച്ചില്ല, അതുകൊണ്ടാണ് ഇത്രയും പ്രതീക്ഷ. ഇവിടെ വന്നത് ഞാൻ എടുത്ത ശരിയായ തീരുമാനമാണെന്ന് കരുതുന്നു," അദ്ദേഹം വിശദീകരിച്ചു.

രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കുപ്പായമണിഞ്ഞ ഗ്രീക്ക് ഫോർവേഡ് അത്യുജ്വല പ്രകടനമാണ് ക്ലബ്ബിനായി കാഴ്ചവെച്ചത്. കൊമ്പന്മാർക്കായി രണ്ട് സീസണുകളിൽ നിന്ന് മാത്രം 23 ഗോളുകൾ നേടിയ താരത്തിന് പക്ഷെ ഈസ്റ്റ് ബംഗാളിൽ ഇനിയും തിളങ്ങാനായിട്ടില്ല. ഐഎസ്‌എല്ലിൽ പുത്തൻ ക്ലബ്ബിനായി മൂന്ന് ഗോളുകൾ മാത്രം നേടിയ ഡയമന്റക്കൊസ് തന്റെ ഗോൾ സ്കോറിംഗ് ഫോമിലേക്ക് തിരിയെത്താൻ ബുദ്ധിമുട്ടുകയാണ്.

എന്നിരുന്നാലും, ഈസ്റ്റ് ബംഗാൾ പോലെ ചരിത്രവും പൈതൃകവും അടങ്ങുന്ന ഒരു ക്ലബിന് വേണ്ടി കളിക്കുമ്പോൾ തനിക്ക് അധിക സമ്മർഥമൊന്നും ഉണ്ടാകുന്നില്ലെന്ന് ഗ്രീക്ക് താരം വിശ്വസിക്കുന്നു; ഒപ്പം, തന്റെ ഗോൾ സ്കോറിംഗ് പാടവം വീണ്ടെടുക്കാൻ മൈതാനത്ത് സഹതാരങ്ങളുമായി പരസ്പര ധാരണ സ്ഥാപിക്കാൻ വേണ്ടി കുറച്ചു സമയം അദ്ദേഹം ആവശ്യപ്പെട്ടു.

ഇല്ല, അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല, പക്ഷെ തീർച്ചയായും പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിയിരുന്നു. പക്ഷേ നിങ്ങൾ ഒരു ഫുട്ബോൾ കളിക്കാരൻ - ഒരു സ്‌ട്രൈക്കർ ആണെങ്കിൽ, ആളുകൾക്ക് വേണ്ടത് ഗോളുകളാണ്. നിങ്ങൾ ഗോളടിച്ചില്ലേൽ, ആളുകൾ "അവൻ കളിക്കുന്നില്ല, അവൻ മോശമാണ്" എന്ന് ചിന്തിക്കാൻ തുടങ്ങും. ഇതാണ് ഒരു സ്ട്രൈക്കറുടെ ജീവിതം. സ്കോർ ചെയ്താൽ അവൻ മികച്ചത്, ഗോളടിക്കുന്നില്ല എങ്കിൽ അവൻ വളരെ മോശവും. അത് നിങ്ങൾ മനസിലാക്കണം, അതൊരു പ്രശ്‌നമല്ല," അദ്ദേഹം അഭിപ്രയപ്പെട്ടു.

പുതിയ സഹതാരങ്ങൾക്കൊപ്പം പിച്ചിലെ ഓഫ്-ദി-ബോൾ മൂവേമെന്റ് മനസ്സിലാക്കുന്ന പ്രക്രിയയിലാണ് താനെന്ന് ഡയമന്റകോസ് അറിയിച്ചു. കേര ബ്ലാസ്റ്റേഴ്‌സുമായുള്ള മികച്ച സമയം ആസ്വദിക്കുന്നതിൽ അഡ്രിയാൻ ലൂണയുമായുള്ള പങ്കാളിത്തം എത്രത്തോളം നിർണായകമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ഉദാഹരണത്തിന്, കേരളത്തിൽ, സഹതാരങ്ങൾക്ക് എന്നെ നന്നായി അറിയാമായിരുന്നു. എനിക്ക് എവിടെയാണ് പന്ത് വേണ്ടതെന്നും ഞാൻ എങ്ങനെ നീക്കം നടത്തുമെന്നും ലൂണയ്ക്കും മറ്റ് കളിക്കാർക്കും കൃത്യമായി അറിയാം. ചിലപ്പോൾ, ഞങ്ങൾ പരസ്പരം നോക്കുക പോലുമില്ലായിരുന്നു. അത് നിങ്ങൾ രൂപപെടുത്തിയെടുക്കേണ്ട ഒന്നാണ്," അദ്ദേഹം പറഞ്ഞു.

"നിങ്ങൾക്ക് ഓർമ്മയുണ്ടോ, ആദ്യ വർഷം ഞാൻ അധികം ഗോളടിച്ചിട്ടില്ല. ഞാൻ പത്തോ പതിനൊന്നോ ഗോളുകൾ നേടി. ഇവിടെ, നമ്മൾ ഇപ്പോഴും (പരസ്പരം അറിയുന്ന) പ്രക്രിയയിലാണ്, കാരണം പലപ്പോഴും അവർക്ക് എന്റെ ചലനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

മാദിഹ് തലാൽ, സൗൾ ക്രെസ്പോ തുടങ്ങിയ താരങ്ങൾ പരിക്ക് മൂലം ദീർഘകാലത്തേക്ക് കളം വിട്ടു നിന്നത് കൊൽക്കത്തൻ വമ്പൻമാർക്ക് നൽകിയത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയിരുന്ന തലാലിന് ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ് സീസൺ പകുതിയിൽ അവസാനിച്ചു. അതേസമയം, ചെന്നൈയിൽ വെച്ച് ഹാംസ്ട്രിംഗിന് പരിക്കേറ്റ ക്യാപ്റ്റൻ ക്രെസ്പോയ്ക്ക് ഡിസംബർ, ജനുവരി മാസങ്ങളിലെ രണ്ട് നിർണായക മത്സരങ്ങളാണ് നഷ്ടമായത്.

"ഞങ്ങൾക്ക് രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു- ഞാൻ നന്നായി ആശയവിനിമയം നടത്തുന്ന (മാദിഹ്) തലാൽ. ഒപ്പം നല്ല ധാരണയിലുണ്ടായിരുന്ന സൗളും (ക്രെസ്പോ). എന്നാൽ ഞാൻ മുമ്പ് പറഞ്ഞതുപോലെ, ഇത് ഫുട്ബോൾ ആണ്. ഇതുമായി പൊരുത്തപ്പെടേണ്ടതുണ്ട്," ഡയമന്റക്കൊസ് പറഞ്ഞു.

ഓരോ കളിയിലും എന്റെ സഹതാരങ്ങൾ എന്നെ കൂടുതൽ മനസ്സിലാക്കുന്നു. ഞാൻ അവരെയും മനസ്സിലാക്കേണ്ടതുണ്ട്. ഇത് മറ്റുള്ളവരെക്കുറിച്ചല്ല, എന്നെക്കുറിച്ചും ടീമിന് എന്താണ് വേണ്ടതെന്നുമുള്ളതിനെ പറ്റിയുമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാൻ സ്കോർ ചെയ്തില്ലെങ്കിലും ടീം വിജയിക്കും," അദ്ദേഹത്തെ പറഞ്ഞവസാനിപ്പിച്ചു.