നവംബർ 29 ചൊവ്വാഴ്ച കൊച്ചി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ എട്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിട്ടു

ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കായി ജോർദാൻ മുറേ ഇരട്ട ഗോളുകളും റഹിം അലി ഒരു ഗോളും നേടി. കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ദയമെന്റക്കൊസ് രണ്ടു ഗോളുകളും ക്വമെ പെപ്ര ഒരു ഗോളും നേടി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ആരംഭ ലൈനപ്പ്, 4-4-2 

സച്ചിൻ സുരേഷ്, നവോച്ച സിംഗ് ഹുയ്ഡ്രോം, മിലോഷ് ഡ്രിൻചിച്ച്, ഹോർമിപാം റൂയിവ, പ്രബിർ ദാസ്, അഡ്രിയാൻ നിക്കോളാസ് ലൂണ റെറ്റാമർ, ഡാനിഷ് ഫാറൂഖ് ഭട്ട്, വിബിൻ മോഹനൻ, രാഹുൽ കുന്നോളി പ്രവീൺ, ദിമിട്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര

ചെന്നൈയിൻ എഫ്സി, ആരംഭ ലൈനപ്പ്, 4-2-3-1

ദേബ്ജിത് മജുംദർ, അങ്കിത് മുഖർജി, ലാസർ സിർകോവിച്ച്, ബികാഷ് യുംനം, അജിത് കുമാർ കാമരാജ്, ആയുഷ് അധികാരി, ക്രിസ്റ്റ്യൻ ഡാമിയൻ ബട്ടോച്ചിയോ, റഹീം അലി, റാഫേൽ ക്രിവെല്ലാരോ, ഖുമാന്തെം മീതേയ്, ജോർദാൻ ഡേവിഡ് മുറെ

നാടകീയ നിമിഷങ്ങളാൽ നിറഞ്ഞ മത്സരത്തിന്റെ ആദ്യ മിനിറ്റിനുള്ളിൽ തന്നെ ഗോൾ പിറന്നു. ഗോൾ വീണെന്ന് തിരിച്ചറിയാതെ ഒരു നിമിഷം സ്തംഭിച്ചു ഇരു ടീമിലെ താരങ്ങളും. റാഫേൽ ക്രിവെല്ലാരോയുടെ അസിസ്റ്റിൽ ബോക്സിന്റെ വലതുവശത്ത് നിന്ന് വലയുടെ താഴെ ഇടത് മൂലയിലേക്ക്  ചെന്നൈയിൻ എഫ്സി താരം റഹീം അലി നൽകിയ വലത് കാൽ ഷോട്ട് ഗോളാകുകയായിരുന്നു

പതിമൂന്നാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. പെപ്രയെ ഫൗൾ ചെയ്തതിനെ തുടർന്ന് അനുവദിച്ച പെനാലിറ്റി ചാൻസിൽ ഡിമിട്രിയോസിന്റെ കിക്ക്വല തുളച്ചു. വെറും രണ്ടു മിനിറ്റിൽ മറ്റൊരു പെനാലിറ്റി ചാൻസിൽ ചെന്നൈയിൻ എഫ്സി താരം ജോർദാൻ മുറെ സമനില ഗോൾ നേടി

പത്തുമിനിറ്റിനു ശേഷം നേടിയ ഗോളിൽ ചെന്നൈയിൻ എഫ്സി വീണ്ടും ലീഡ് നേടി. ചെന്നൈയിൻ എഫ്സി താരം റഹിം അലിയുടെ അസിസ്റ്റിൽ ജോർദാൻ മുറേയുടെ വലംകാൽ ഷോട്ട് നെറ്റിന്റെ വലതു മൂലയുടെ താഴെ പതിച്ചു

മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയത്. അഡ്രിയാൻ ലൂണയുടെ അസിസ്റ്റിൽ ക്വാമെ പെപ്രയുടെ വലം കാൽ ഷോട്ട് നെറ്റിന്റെ താഴെ വലതുമൂലയിൽ പതിച്ചു. പെപ്രയുടെ സീസണിലെ ആദ്യ ഗോൾ! ചെന്നൈയിൻ എഫ്സിയുടെ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു

മത്സരത്തിന്റെ അൻപത്തിയൊൻപതാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടി. ഡാനിഷ് ഫാറൂഖിന്റെ അസിസ്റ്റിൽ ദിമിത്രിയോസ് ഡയമെന്റക്കൊസ് രണ്ടാം തവണയും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിലായി. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും മൂന്നു വീതം ഗോളുകൾ നേടിയ മത്സരം സമനിലയിൽ കലാശിച്ചു

സമനില നേടിയ ബ്ലാസ്റ്റേഴ്സ് ഒരു പോയിന്റു നേടി വീണ്ടും റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. ഡിസംബർ മൂന്നിന് ഗോവയിൽ നടക്കുന്ന ഒൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടും