ഭായ്, അഭി ഭി വഖ്ത് ഹേ: ഛെത്രിയുടെ വിരമിക്കലിനെക്കുറിച്ച് ഗുർപ്രീത്
സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് മനസുതുറന്ന് ഇഗോർ സ്റ്റീമാക്കും ഗുർപ്രീത് സിങ് സന്ധുവും.

വളരെ കുറച്ച് കളിക്കാർ മാത്രമാണ് ഇതിഹാസങ്ങളായി ആഘോഷിക്കപ്പെടുക. സുനിൽ ഛേത്രി ആ അപൂർവ നേട്ടത്തിനുടമയാണെന്ന്ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് അഭിപ്രായപ്പെട്ടു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ മഹത്തായ കരിയറിന് തിരശ്ശീല വീഴുമെന്ന് ഇന്ത്യൻ ഫുട്ബോൾ ഐക്കൺ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് ഇഗോർ സ്റ്റീമാക്കും ഗുർപ്രീത് സിങ് സന്ധുവും മനസുതുറന്നു.
"കാര്യങ്ങൾ ചെയ്യാനുള്ള ഉചിതമായ സമയമാണിതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ജൂൺ 6 അദ്ദേഹത്തിനും എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കും അവിസ്മരണീയമാക്കിമാറ്റാൻ ഞങ്ങൾ എല്ലാവരും പരമാവധി ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," സ്റ്റീമാക് aiff.com-നോട് പറഞ്ഞു
"കളിക്കുന്ന കാലഘട്ടത്തിൽ തന്നെ അദ്ദേഹം ഒരു ഇതിഹാസമായി മാറി, അത് കുറച്ച് പേർക്ക് മാത്രമേ അങ്ങനെയാകാൻ കഴിയൂ. അദ്ദേഹം എല്ലാവർക്കും പ്രചോദനമാണ്. യുവ കളിക്കാർ മാതൃകയാക്കേണ്ട രീതിയിൽ ഇന്ത്യൻ ജേഴ്സിയോട് തികച്ചും പ്രതിജ്ഞാബദ്ധനാണ് അദ്ദേഹം. രാജ്യത്തിന് വേണ്ടി ആവേശത്തോടെയും സ്നേഹത്തോടെയും അദ്ദേഹം കളിക്കുന്നു."
"ഞങ്ങൾ ഒരു പരിശീലകനും കളിക്കാരനും എന്നതിലുപരിയായിരുന്നു, ഞങ്ങളും ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഫുട്ബോളിന് ശേഷം അദ്ദേഹം എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് വളരെ നല്ല രീതിയിൽ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അദ്ദേഹം ജനിച്ചത് ഒരു ഗോട്ട് ആകാനാണ്." സ്റ്റിമാക് കൂട്ടിച്ചേർത്തു.
"അന്താരാഷ്ട്ര ഫുട്ബോൾ കരിയറിൽ എനിക്കാണ് അദ്ദേഹത്തിന്റെയൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് അവകാശപ്പെടാൻ കഴിഞ്ഞാൽ ഞാൻ ഭാഗ്യവാനാണ്. ഫുട്ബോളിനെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തെപ്പോലെയുള്ള ഒരു മുതിർന്ന സഹോദരനെയും ഒരു ഉപദേശകനെയും ലഭിച്ചത് എന്റെ ഭാഗ്യമാണ്. ” ഗുർപ്രീത് പറഞ്ഞു.
"എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നതിൽ എനിക്കൽപ്പം പരിഭാന്തിയുണ്ടായിരുന്നു, ഇതിപ്പോഴും വളരെ നേരത്തെയാണ് എന്നെനിക്ക് തോന്നി. ഒരുപക്ഷേ, അദ്ദേഹം വിരമിച്ചാൽ ടീമിൽ അദ്ദേഹത്തെ കാണാതിരിക്കുമോ എന്നുള്ള എന്റെയുള്ളിലെ ഭയമാകാം ഈ ചിന്തക്ക് കാരണം. അദ്ദേഹത്തിന് ഇനിയും തുടരാൻ കഴിയുമെന്ന് ഞാനിപ്പോഴും കരുതുന്നു. പക്ഷേ എന്ത് വന്നാലും ഞാനദ്ദേഹത്തെ പിന്തുണയ്ക്കുന്നു." ഗുർപ്രീത് വെളിപ്പെടുത്തി.
"ഞാൻ കളിക്കളത്തിലായിരിക്കുമ്പോൾ അദ്ദേഹം നേടിയ ഓരോ ഗോളും അദ്ദേഹത്തിനൊപ്പമുള്ള എന്റെ കളികാലത്തെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളാണെന്ന് ഞാൻ കരുതുന്നു. കിർഗിസ്ഥാനെതിരെ കണ്ടീരവയിൽ ഏഷ്യൻ കപ്പ് നേടിയ ഗോൾ, 2017ലെ യോഗ്യതാ മത്സരങ്ങൾ, കെനിയയ്ക്കെതിരായ 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പ്, കൂടാതെ എണ്ണമറ്റ മറ്റുള്ളവയും" ഛേത്രിയോടൊപ്പമുള്ള തന്റെ ഓർമ്മകളെക്കുറിച്ച് ഗുർപ്രീത് പറഞ്ഞു.
"ഡ്രസ്സിംഗ് റൂമിൽ അദ്ദേഹത്തെപ്പോലുള്ള ഒരു ഇതിഹാസത്തെ മാറ്റിസ്ഥാപിക്കുക അസാധ്യമാണ്, പക്ഷേ ഞങ്ങൾ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ചതിന് ശേഷം സുനിൽ ഭായ് അർഹിക്കുന്ന മാനസികവും ശാരീരികവുമായ സമാധാനം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
"ഭായ്, അഭി ഭി വഖ്ത് ഹേ, വീഡിയോ ഡിലീറ്റ് കർ ദോ, ഔർ ബോൽ ദോ, just joking. I am still around. (സഹോദരാ, ഇനിയും സമയമുണ്ട്. വീഡിയോ ഡിലീറ്റ് ചെയ്ത് ഞാൻ തമാശ പറഞ്ഞതാണെന്ന് പറയൂ.)" ഗുർപ്രീത് കൂട്ടിച്ചേർത്തു.