ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) നവാഗതരായ ബംഗളൂരു എഫ്‌സിയുടെ ലീഗിലെ പ്രയാണത്തിന് വിജയഗാഥയോടെ തുടക്കം. ഇന്നലെ ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന രാത്രി മത്‌സരത്തിൽ ആതിഥേയരായ ബംഗളൂരു, നിലവിലെ സെമിഫൈനലിസ്റ്റുകളും കഴിഞ്ഞ സീസണിൽ ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരുമായിരുന്ന മുംബൈ സിറ്റി എഫ്‌സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. സ്പാനിഷ് താരമായ മിഡ്ഫീൽഡർ എഡ്യൂറാഡോ ഗ്രേസിയയും സുനിൽ ഛെത്രിയുമാണ് ഈ സീസണിൽ അരങ്ങേറ്റം കുറിക്കുന്ന തങ്ങളുടെ ടീമിന് രണ്ടാം പകുതിയിൽ പരമാവധി പോയിന്റുകൾ സമ്പാദിച്ചു നൽകിയത്.

ഗെയിമിന്റെ തുടക്കത്തിൽ തങ്ങളുടെ കായിക ബലം പരസ്പരം പരീക്ഷിക്കുന്ന ശൈലിയാണ് ഇരുടീമുകളും പ്രദർശിപ്പിച്ചത്. ഓസ്‌ട്രേലിയൻ മിഡ്ഫീൽഡർ എറിക്കിനെ ഫൗൾ ചെയ്തിനു മുംബൈയുടെ ജർസൺ വിയേരയ്ക്ക് ആദ്യത്തെ മഞ്ഞക്കാർഡ് ലഭിച്ചു. കളി പുരോഗമിക്കുമ്പോൾ, ബംഗളൂരു തങ്ങളുടെ കളിയിൽ കൂടുതൽ കൂടുതൽ വൈദഗ്ദ്ധ്യം പുലർത്തുവാൻ തുടങ്ങി. അതിന്റെ ഫലമായി ആറ് മിനിറ്റുകളുടെ സമയദൈർഘ്യത്തിൽ, ഗോൾ വല ചലിപ്പിക്കുന്നതിന് മൂന്ന് അവസരങ്ങളാണ് ബംഗളൂരുവിന് തുറന്നു കിട്ടിയത്.
23-ാം മിനിറ്റിൽ വെനിസ്യുലയിൽ നിന്നുളള സ്‌ട്രൈക്കർ മിക്കു, സുനിൽ ഛെത്രിക്ക് സുന്ദരമായൊരു ബോൾ നൽകി. പോസ്റ്റിനെ പന്ത് ഉരുമ്മി പുറത്തേക്ക് പോയി. രണ്ട് മിനിറ്റുകൾക്ക് ശേഷം, ഉദാന്ത സിംഗ് വലതു വിംഗിൽ നിന്നും പന്ത് തൊടുത്തുവെങ്കിലും, അത് പോസ്റ്റിൽ നിന്ന് ഏറെ അകന്ന് പോയി. ഒരു കോർണറിൽ നിന്നുളള ബോൾ ഒരു ഹെഡ്ഡറിലൂടെ ഗോൾ പോസ്റ്റ് കടത്താൻ ലെന്നി റോഡ്‌റിഗ്‌സ് ശ്രമിച്ചുവെങ്കിലും അതും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോകുകയാണുണ്ടായത്.

പന്ത് കൂടുതൽ സമയം കൈവശപ്പെടുത്തുന്നതിൽ ബ്ലൂസ് വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചു കൊണ്ടിരുന്നു. ഈ സീസണിൽ എഎഫ്‌സി കപ്പിൽ കളിച്ച പരിചയം ഉളളതിനാൽ, ഐഎസ്എല്ലിൽ ആദ്യമായി കളിക്കുന്നതിന്റെ ആത്മവിശ്വാസക്കുറവ് ബംഗളൂരുവിന് ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. മുംബൈയാകട്ടെ ഒട്ടേറെ കോർണറുകൾക്ക് വഴങ്ങി ഒരു വിധത്തിൽ രക്ഷപെട്ടുകൊണ്ടിരുന്നു. ബംഗളൂരുവിന്റെ ആക്രമണ വീര്യത്തിന് തടയിടുന്നതിന് റുമേറുമേനിയൻ താരം ഡിഫെൻഡർ ലൂസിയൻ ഗോയിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ഗോളിൽ കലാശിക്കാമായിരുന്ന ഒട്ടേറെ ചടുല നീക്കങ്ങൾ ബംഗളൂരു നടത്തിയെങ്കിലും, എതിരാളികളുടെ ഗോൾ മുഖത്ത് അവസാന പാസ്സുകളിൽ വരുത്തുന്ന പിഴവുകൾ അവരെ വിട്ടു മാറാതെ പിൻതുടരുന്ന കാഴ്ചയാണ് കണ്ടത്. അതിന്റെ ഫലമായി, കളിയുടെ അർദ്ധപകുതിയുടെ അവസാനത്തിലും ഇരുപക്ഷത്തെയും ഗോൾ വല അനങ്ങാതെ തുടർന്നു.

47-ാം മിനിറ്റിൽ ആതിഥേയർക്കു വീണു കിട്ടിയ കോർണർറിൽ മിക്കുവിന്റെ സീറോ ആംഗിളിൽ നിന്നും ഉളള ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പറന്നു പോയി. 56-ാം മിനിറ്റിൽ മുംബൈ പെനാൽറ്റി ബോക്‌സിനു മുന്നിൽ ബംഗളൂരുവിന് പ്രതീക്ഷ നൽകിയ ഫ്രീ കിക്ക്, മെഹ്‌റാജുദ്ദീൻ വാഡൂ തടഞ്ഞു. 62 ാം മിനിറ്റിൽ എഡ്യൂറാഡോ ഗ്രേസിയയുടെ ഷോട്ട് മുംബൈ ഗോൾ വലയത്തിന്റെ കാവൽഭടൻ അമരീന്ദർ സിംഗ് തടുത്തിട്ടു.

ഒടുവിൽ ഗോൾ ദാരിദ്ര്യം മറികടക്കുന്നതിന് ബംഗളൂരുവിന് 67-ാം മിനിറ്റു വരെ കാത്തിരിക്കേണ്ടി വന്നു. കോർണർ കിക്കിനെ തുടർന്ന് എഡ്യൂറാഡോ ഗ്രേസിയയ്ക്ക് ലഭിച്ച പന്ത് ഉദാന്ത സിംഗിലേക്കും വീണ്ടും എഡ്യൂറാഡോയിലേക്കും എത്തി. അമരീന്ദർ സിംഗിന് പന്ത് വരുന്ന വഴി തിരിച്ചറിയാൻ അവസരം നൽകാതെ, ബ്ലൂവിന്റെ നീലക്കടൽ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തിക്കൊണ്ട് എഡ്യൂറാഡോ ഗോൾ വല ചലിപ്പിച്ചു.
ലീഡ് ഇരട്ടിപ്പിക്കാനുളള മറ്റൊരു സുവർണ്ണാവസരം 78-ാം മിനിറ്റിൽ ബംഗളൂരുവിനെ കടന്നു പോയി. ഉദാന്ത സിംഗ് മനോഹരമായൊരു പാസ്സിലൂടെ മിക്കുവിന് പന്ത് നൽകിയത് ഗോളിൽ കലാശിക്കുന്നില്ലെന്ന് ഗോളി അമരീന്ദർ സമർത്ഥമായൊരു സേവിലൂടെ ഉറപ്പാക്കി. റീബൗണ്ട് ലഭിച്ചതാകട്ടെ, ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ അടിച്ചു പറത്തിക്കളഞ്ഞു.

എക്‌സ്ട്രാ ടൈമിന്റെ മൂന്നാം മിനിറ്റിൽ മുംബൈ ഗോളി അമരീന്ദർ സിംഗും മെഹ്‌റാജുദ്ദീൻ വാഡുവും തമ്മിലുളള ആശയക്കുഴപ്പത്തിന്റെ ഫലമായി, അപ്രതീക്ഷിതമായൊരു ഗോൾ ബംഗളൂരുവിന്റെ പേരിൽ കുറിക്കപ്പെട്ടു. ഗുർപ്രീതി സിംഗ് സന്ധു നൽകിയ ഒരു നീണ്ട ബോൾ വാഡുവിന്റെ മുൻപിൽ വന്നു വീണ് പെട്ടെന്ന് കുതിച്ചുയർന്നു. അത് ക്ലിയർ ചെയ്യാനുള്ള ഹെഡ്ഡർ, ഗോൾ ലൈനിൽ നിന്ന് മുൻപോട്ടേക്ക് കയറി നിന്നിരുന്ന അമരീന്ദറിന്റെ ശരീരത്തിൽ തട്ടി സുനിൽ ഛെത്രിയുടെ മുന്നിലേക്ക് ഒരു ഉത്തമ ഗോളിന്റെ സുന്ദര ആവേശ നിമിഷവുമായി ഒഴുകിയെത്തി. അമരീന്ദറിനെ മറികടന്നു, കാവൽ ഭടനില്ലാത്ത വലയിലേക്ക് പന്ത് മുട്ടി വിടുക മാത്രമേ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ സുനിൽ ഛെത്രിക്ക് വേണ്ടി വന്നൂളളു. അതോടെ മുംബൈക്ക് തിരിച്ചുവരവിനുളള മറ്റൊരവസരവും നൽകാതെ മൂന്നു പോയിന്റുകളോടെ, നീലക്കടൽ കാണികളെ മുൾമുനയിൽ നിർത്തിയ ഒരു ഫുട്‌ബോൾ പ്രദർശനം സമ്മാനിച്ച് ബംഗളൂരു കന്നിയങ്കം അവിസ്മരണീയമാക്കി.

മാച്ച് അവാർഡുകൾ
ക്ലബ്ബ് അവാർഡ്: ബംഗളൂരു എഫ്‌സി
മൊമന്റ് ഓഫ് ദ് മാച്ച് അവാർഡ്: ലൂസിയൻ ഗോയിൻ
വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്: ഉദാന്ത സിംഗിലേ
ഐഎസ്എൽ എമേർജിംഗ് പ്ലെയർ: അബിനാഷ് റൂയിദാസ്
ഹീറോ ഓഫ് ഓഫ് ദ് മാച്ച്: സുനിൽ ഛെത്രി