മഞ്ഞപ്പടയുടെ പൊൻതാരങ്ങൾ, ഭാഗം 1

പൊതുവെ മലയാളികളുടെ ഫുട്ബോൾ പ്രണയം കുറച്ചു മുന്നോട്ടാണ്. അതുകൊണ്ടുതന്നെയാണ് സ്വന്തമായി കിട്ടിയ ടീമിനെ അവർ നിറഞ്ഞ മനസോടെ നെഞ്ചേറ്റിയത്. കേരളാബ്ലാസ്റ്റേഴ്‌സ് പ്രശസ്തിയുടെ കൊടുമുടികളിലേറിയപ്പോഴും നിരാശയുടെ പടുകുഴിയിൽ വീണപ്പോഴും കൈത്താങ്ങായി നെടുംതൂണായി നിന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ടീമിനെ നിറഞ്ഞ മനസോടെ സ്വീകരിച്ച മഞ്ഞപ്പട, ടീമിനൊപ്പം താരങ്ങളെക്കൂടി കൈനീട്ടി സ്വീകരിച്ചു. അതിൽ ചില താരങ്ങളെ ആരാധനയ്ക്കുമപ്പുറം സ്വന്തം കുട്ടുകാരനായോ കുടുംബാംഗമായോ ഒക്കെ നോക്കിക്കണ്ടു. ചില വിളിപ്പേരുകളും ഓമനപ്പേരുകളും അവർക്കു ചാർത്തി നൽകി.

മുൻതാരങ്ങളായിരുന്ന, ബ്ലാസ്റ്റേഴ്സിന് സുവർണ കാലഘട്ടം സമ്മാനിച്ച, ആരാധകർ നെഞ്ചേറ്റിയ അത്തരത്തിലെ ചില താരങ്ങളെ നമുക്കോർത്തെടുക്കാം.

ഇയാൻ ഹ്യൂം

ഹ്യൂമേട്ടനെന്ന ഓമനപ്പേരിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാനേഡിയൻ ഫുട്ബോൾ താരമായ ഇയാൻ ഹ്യുമിനെ നെഞ്ചേറ്റിയത്. 2014,2017-2018 വര്ഷങ്ങളിലാണ് ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നത്.  ഇന്ത്യന്‍ സുപ്പര്‍ലീഗിലെ മികച്ച മധ്യനിരതാരമായിരുന്ന ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സിനെ ആദ്യസീസണില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററും ഐ.എസ്.എല്ലിലെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട ഹ്യൂം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയെങ്കിലും ഇയാൻ ഹ്യൂം എന്നും ആരാധകരുടെ ഹ്യുമേട്ടൻ തന്നെയായിരുന്നു. എന്നാൽ വീണ്ടും അദ്ദേഹം ബ്ലാസ്റ്റേഴ്സിലോട്ടു മടങ്ങിയെത്തി.

സാള്‍ട്ട് ലേക്കില്‍ ബ്ലാസ്റ്റേഴ്‌സിനെ കൊല്‍ക്കത്ത നേരിട്ടപ്പോൾ, ഗോളില്ലെന്ന പരാതിയെ ഹാട്രിക്കിലൂടെയാണ് ഹ്യൂം മറുപടി പറഞ്ഞത്. ആദ്യ സീസണില്‍ കേരളത്തിനു വേണ്ടി 16 മത്സരങ്ങളിലിറങ്ങിയ ഹ്യൂം അഞ്ചു ഗോളുകള്‍ നേടിയിരുന്നു.

സികെ വിനീത്

ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചേറ്റിയ മറ്റൊരു താരമാണ് കണ്ണൂരിന്റെ പൊൻമുത്ത് സികെ വിനീത്. സികെ എന്ന വിളിപ്പേരിലാണ് ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്.

സുനില്‍ ഛേത്രിശേഷം ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് സികെ വിനീത്. ഐഎസ്എല്ലില്‍ വിനീത് നേടിയിട്ടുള്ളത് 12 ഗോളുകളാണ്. നിലവിൽ കേരളബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചേക്കൊപ്പം കേരളാ ബ്‌ളാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമായിരുന്നു വിനീത്. 44 കളികളില്‍ നിന്നായി 11 ഗോളുകളും 3 അസിസ്റ്റുമാണ് വിനീതിന്റെ പേരിലുള്ളത്.

വിനീത് ലോണ്‍ അടിസ്ഥാനത്തിൽ ചെന്നൈയിനു വേണ്ടി കളിച്ചിരുന്നു.  പിന്നീട് ചെന്നൈയിന്‍ അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു.  ചെന്നൈയിന് വേണ്ടി 17 മത്സരങ്ങളാണ് വിനീത് കളിച്ചത്. സൂപ്പര്‍ കപ്പില്‍ നാലും ഐഎസ്എല്ലിലും എഎഫ്സി കപ്പിലും ഓരോ ഗോളുകള്‍ നേടുകയും ചെയ്തു. ചെന്നൈയിന്‍ എഫ്സിയെ സൂപ്പര്‍ കപ്പ് ഫൈനലിലെത്തിച്ചത് വിനീതിന്റെ ഗോളായിരുന്നു. നിലവിൽ ജംഷെദ്‌പൂരിൽ ഭാഗമാണ് വിനീത്.

മാറ്റെജ് പോപ്ലാട്നിക്

പോപ്പേട്ടനെന്ന വിളിപ്പേരിൽ ആരാധകർ സ്വീകരിച്ച താരമാണ് മാറ്റെജ് പോപ്ലാട്നിക്.  ജൂലൈ 8, 2018 ന് പോപ്ലാറ്റ്നിക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി.

2018 സെപ്റ്റംബർ 29 ന് എ‌ടി‌കെക്കെതിരെ നടന്ന അരങ്ങേറ്റമത്സരത്തിൽ ഗോൾ നേടി തന്റെ വരവ് ഗംഭീരമാക്കിയ താരത്തെ ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്സിനായി പതിനേഴു മത്സരങ്ങൾ കളിച്ച മാറ്റെജ് നാലു ഗോളുകളും നേടിയിട്ടുണ്ട്.

സ്ലാവിസ സ്റ്റോജോനോവിക്

ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ കൊൽക്കത്തക്കെതിരായ ഉദഘാടന മത്സരത്തിൽ  ബ്ലാസ്റ്റേഴ്സിനായി രണ്ടാമത്തെ  ഗോൾ നേടിയത് സ്ലാവിസയായിരുന്നു. ഷൈജു ദാമോദരന്റെ കമന്ററിയിൽ ഉയർന്ന "സ്ലാവിസ സ്ലാവിസ" എന്ന വിളി ആരാധകരുടെ ചെവികളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും.  ബ്ലാസ്റ്റേഴ്സിനായി പതിനാറു മത്സരങ്ങൾ കളിച്ച അദ്ദേഹം നാലു ഗോളുകൾ നേടി.

സുശാന്ത് മാത്യു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഹീറോ ഐ‌എസ്‌എൽ) രണ്ട് സീസണുകളിൾ കളിച്ച സുശാന്ത്, 2014 ലെ ഉദ്ഘാടനസീസണിൽ ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചും,  പിന്നീട് എഫ്‌സി പൂനെ സിറ്റിക്കായും  രണ്ടു സീസണുകളിൽ കളിച്ചിരുന്നു.

ആകെ 56 മിനിറ്റ് മാത്രം ഇന്ത്യൻ സൂപ്പർ ലീഗ് പിച്ചിൽ കളിച്ച അദ്ദേഹം കേരളത്തിനായി നാല് മത്സരങ്ങൾ കളിച്ചിരുന്നു. സെമിഫൈനലിൽ എതിരാളികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ അദ്ദേഹം നേടിയ അത്ഭുത ഗോളായിരുന്നു ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അദ്ദേഹത്തിന്റെ സമയത്തിന്റെ ഏറ്റവും മികച്ച നേട്ടം. അതുമാത്രം ഇത് മതിയായിരുന്നു ആരാധകരുടെ പ്രിയങ്കരനാകാൻ. (ചെന്നൈയിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് 3-0ന് ഫസ്റ്റ്-ലെഗ് ലീഡ് നേടി)

Your Comments

Your Comments