ടീമിന്റെ പ്രകടനത്തിൽ ഗോൾകീപ്പറുടെ സംഭാവനയെ വിലകുറച്ച് കാണാറുണ്ട്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന, ഫുട്ബോളിലെ ഏറ്റവും നിർണായകമായ റോളാണ് ഒരു ഗോൾകീപ്പറുടേത്. ഗോൾകീപ്പറുടെ ചെറിയ പിഴവ് പോലും ടീമിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആധുനിക ഫുട്ബോളിൽ, ഗോൾകീപ്പറുടെ റോൾ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. അത് ഗോൾ വഴങ്ങുന്നതിൽ നിന്ന് തടയുന്നതിനപ്പുറം ആക്രമണത്തിലും പ്രധിരോധത്തിലുമായി വ്യാപിച്ചു കിടക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ ഒരു കൂട്ടം ഗോൾകീപ്പർമാർ ശ്രദ്ധേയമായ പുരോഗതിയും മികവും പ്രകടിപ്പിച്ചു. അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ച ഈ ഗോൾകീപ്പർമാർ സ്വയം വേറിട്ടുനിന്നു. ഈ സീസണിൽ അതത് ടീമുകളുടെ പ്രകടനത്തെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മികച്ച ഗോൾകീപ്പർമാരെ അറിയാം.

ഫുർബ ലചെൻപ (മുംബൈ സിറ്റി എഫ്‌സി), ക്ലീൻ ഷീറ്റ് - 9

 

അവസാന രണ്ടു സീസണുകളായി മുംബൈ സിറ്റി എഫ്‌സിയുടെ പ്രധാന ഗോൾകീപ്പറാണ് ഗോൾഡൻ ഗ്ലോവ് ജേതാവായ ഫുർബ ലചെൻപ. നിലവിൽ മുംബൈ സിറ്റി എഫ്‌സിയുടെ പ്രാഥമിക ഗോൾകീപ്പർ എന്ന സ്ഥാനവും ലചെൻപയുടെ കൈകളിൽ ഭദ്രം. അമരീന്ദർ സിംഗ്, വിശാൽ കെയ്ത്ത് എന്നിവർക്കൊപ്പം പത്താം സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ (9) നിലനിർത്താൻ താരത്തിന് കഴിഞ്ഞു. അദ്ദേഹം ഗോൾ വഴങ്ങിയ അനുപാതം108.35 ആണ്. ഈ സീസണിലെ മുംബൈയുടെ മികച്ച പ്രകടനത്തിൽ ലചെൻപ നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ 71% സേവ് ശതമാനം ലീഗിലെ ഈ സീസണിലെ രണ്ടാമത്തെ ഉയർന്നതാണ്.

തന്റെ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും, ഗോൾകീപ്പിങ്ങിന്റെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി പ്രകടിപ്പിക്കുകയും ചെയ്ത ലചെൻപ വരാനിരിക്കുന്ന സീസണുകളിൽ തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.

അമരീന്ദർ സിംഗ് (ഒഡീഷ എഫ്‌സി), ക്ലീൻ ഷീറ്റ് - 9

 

കലിംഗ വാരിയേഴ്‌സിനായി തുടർച്ചയായി ശക്തമായ പ്രകടനങ്ങൾ നടത്തിയിട്ടുള്ള അമരീന്ദർ സിംഗ് തന്റെ നേതൃപാടവത്തിലൂടെ ടീമിന്റെ കളിയുടെ നിലവാരത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. സെർജിയോ ലൊബേറയുടെ ടീമിലെ ഒരു നിർണായക ഭാഗമായ അമരീന്ദർ പത്താം സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവശ്യ സമയത്ത് ചെറിയ പാസുകൾ നൽകാനും എന്നാൽ ലോംഗ് ബോളുകൾ നൽകാനുമുള്ള കഴിവ് അമരീന്ദർ സിങ്ങിനുണ്ട്.

പത്താം സീസണിൽ, ഏറ്റവും കൂടുതൽ സേവുകൾ നേടിയ താരം (81) ഒമ്പത് ക്ലീൻ ഷീറ്റുകൾ നേടി. 91.25 മിനിറ്റിൽ ഒരു ഗോളെന്ന മികച്ച അനുപാതം നിലനിർത്തി സിംഗ് ശ്രദ്ധേയമായ 77% സേവിങ് ശതമാനം നിലനിർത്തി. ഈ സീസണിൽ ലീഗിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ശതമാനമാണത്.

വിശാൽ കൈത് (മോഹൻ ബഗാൻ സൂപ്പർ ജയന്റ്), ക്ലീൻ ഷീറ്റ് - 9

 

മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറിയതിന് ശേഷം അസാധാരണമായ പ്രകടനമാണ് കൈത്ത് കാഴ്‌ചവക്കുന്നത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ കപ്പ് വിജയത്തിൽ വിശാൽ കൈത് നിർണായക പങ്ക് വഹിച്ചു. മോഹൻ ബഗാൻ സൂപ്പർ ജയന്റിന് വേണ്ടി 2250 മിനിറ്റ് വിശാൽ കൈത് കളത്തിലിറങ്ങി. മോഹൻ ബഗാന്റെ ആദ്യ ഐഎസ്എൽ ലീഗ് ഷീൽഡ് നേട്ടത്തിൽ വിശാൽ കൈത്തിന്റെ പ്രകടനം നിർണായമായിരുന്നു.

താരത്തിന്റെ ഉയരവും മിന്നൽ വേഗത്തിലുള്ള റീയാക്ഷനും ഗോൾകീപ്പിംഗ് കഴിവുകളെ വളരെയധികം വർദ്ധിപ്പിക്കുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി സേവുകൾ (3) നേടിയതും കെയ്ത്ത് ആണ്. ലചെൻപയ്ക്കും സിങ്ങിനുമൊപ്പം ഐഎസ്എല്ലിൽ ഒമ്പത് ക്ലീൻ ഷീറ്റുകൾ അദ്ദേഹം നിലനിർത്തി.

പ്രഭ്സുഖൻ സിംഗ് ഗിൽ (ഈസ്റ്റ് ബംഗാൾ എഫ്‌സി), ക്ലീൻ ഷീറ്റ് - 7

 

ഈസ്റ്റ് ബംഗാൾ എഫ്‌സി കഴിഞ്ഞ സീസണുകളിൽ ഗോൾകീപ്പർ പൊസിഷനിൽ കാര്യമായ പ്രതിസന്ധികൾ നേരിട്ടെങ്കിലും അവസാന സീസണിന് മുന്നോടിയായി കഴിവുള്ള ഒരു കീപ്പറെ സ്വന്തമാക്കി. ക്ലബ്ബിന്റെ ഭാഗമായത് മുതൽ, മികച്ച പ്രകടനം നടത്തിയ ഗിൽ തന്റെ പ്രാധാന്യം തെളിയിച്ചു.

ഈസ്റ്റ് ബംഗാൾ എഫ്‌സി ഈ സീസണിലെ ഐഎസ്എല്ലിൽ അവരുടെ ഏറ്റവും ശക്തമായ പ്രതിരോധം കാഴ്ചവച്ചു. ഏഴ് ക്ലീൻ ഷീറ്റുകൾ നേടിയ ഗിൽ ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ചു. തന്റെ കമാൻഡിംഗ് സാന്നിധ്യവും നേതൃത്വ പാടവവും കൊണ്ട്, സീസണിലുടനീളം ശ്രദ്ധേയമായ നിരവധി സേവുകൾ നടത്തിയ ഗിൽ 21 മത്സരങ്ങളിൽ നിന്ന് 54 സേവുകൾ നടത്തി, 68% സേവിങ് ശതമാനം നിലനിർത്തി.

ടിപി രെഹനേഷ് (ജംഷഡ്പൂർ എഫ്‌സി), ക്ലീൻ ഷീറ്റ് - 5

 

കഴിഞ്ഞ സീസണിൽ ഫോമിൽ പ്രതിസന്ധികൾ നേരിട്ട രെഹനേഷ് ഈ സീസണിൽ ഉജ്ജ്വലമായി തിരിച്ചുവരവ് നടത്തി. മെൻ ഓഫ് സ്റ്റീലിനു വേണ്ടി ഗോൾവല കാക്കുന്നതിൽ അദ്ദേഹം അസാധാരണമായ പ്രകടനമാണ് നടത്തിയത്. മലയാളിയായ ഈ 31-കാരൻ തന്റെ മികച്ച ഗോൾ-സ്റ്റോപ്പിംഗ് കഴിവ് കൊണ്ട് പുതിയ പരിശീലകന്റെ വിശ്വാസം സമ്പാദിക്കുകയും ആദ്യ ഇലവനിൽ സ്ഥിരമായി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മറ്റുള്ള ഗോൾകീപ്പർമാരെ അപേക്ഷിച്ച് രെഹനേഷ് എണ്ണതിൽ ഏറ്റവും കുറവ് ഗെയിമുകൾ കളിക്കുകയും 61 സേവുകൾ നടത്തുകയും ചെയ്തു, ഇത് ഈ സീസണിലെ ലീഗിലെ നാലാമത്തെ ഉയർന്നതാണ്. 70% എന്ന അതിശയകരമായ സേവിങ് ശതമാനവും അദ്ദേഹം നിലനിർത്തി. ഈ സീസണിൽ 20 ഐഎസ്എൽ മത്സരങ്ങളിൽ അദ്ദേഹം അഞ്ച് ക്ലീൻ ഷീറ്റുകൾ ടീമിനായി നേടി.

ശ്രദ്ധേയമായ പരാമർശം, സച്ചിൻ സുരേഷ് (കേരള ബ്ലാസ്റ്റേഴ്സ് എഫ്സി)

 

ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിൽനിന്ന് ഉയർന്നുവന്ന സച്ചിൻ സുരേഷ് ഈ സീസണിൽ ടീമിന്റെ ഐഎസ്എൽ പ്ലേയിംഗ് ഇലവനിലേക്ക് സ്ഥാനക്കയറ്റം നേടുകയും മികച്ച പ്രകടനത്തിലൂടെ ടീമിൽ മതിപ്പുളവാക്കുകയും ചെയ്തു. എന്നിരുന്നാലും, നിർഭാഗ്യകരമായ പരിക്ക് അദ്ദേഹത്തിന്റെ പത്താം സീസൺ മത്സരങ്ങൾ വെറും 15 എണ്ണം മാത്രമായി പരിമിതപ്പെടുത്തി. കളികളിൽ തുടർച്ചയായി പെനാൽറ്റി സേവുകൾക്ക് സുരേഷ് പ്രശംസ നേടി. പതിനഞ്ചു മത്സരങ്ങളിൽ 68% സേവിങ് ശതമാനം നിലനിർത്തിയ താരം അഞ്ച് ക്ലീൻ ഷീറ്റുകൾ നേടി.