ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി. ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ താരം സന്ദേശ് ജിംഗനിൽ നിന്നും പിറന്ന (42') ഓൺ ഗോളിനോപ്പം ബ്ലൂസിനായി എഡ്ഗാർ മെൻഡസ് (51') രണ്ടാം ഗോളും കണ്ടെത്തി. ഒരു ഗോളിന് വഴിയൊരുക്കി ആക്രമണ നിരയെ പിന്തുണക്കുന്നതിനൊപ്പം പ്രതിരോധത്തിലും നിർണായക ഇടപെടലുകൾ നടത്തി ടീമിനെ നിർണായക ജയത്തിലെത്തിച്ച നംഗ്യാൽ ബൂട്ടിയയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.

ഗോവയുടെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസിനെതിരെ ബെംഗളുരുവിന്റെ ഹെഡ് കോച്ച് ജെറാർഡ് സരഗോസ നേടുന്ന ആദ്യ ജയം കൂടിയാണിത്. മാത്രമല്ല, ബെംഗളൂരു എഫ്‌സിക്കെതിരെ അവസാനത്തെ പത്ത് മത്സരങ്ങളിൽ അപരാജിതനായ മനോലോക്ക് ഏറ്റ ആദ്യ തോൽവി കൂടിയായിരുന്നു ഇന്നത്തേത്. 84 തവണ - ഈ സീസണിൽ ഏറ്റവുമധികം - ഫൈനൽ തേർഡിലേക്ക് കടക്കുകയും 19 ഷോട്ടുകൾ ഗുർപ്രീത് സന്ധു കാക്കുന്ന വിലക്ക് നേരെ ഉതിർത്ത ഗോവക്ക് പക്ഷെ, ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ലെന്നത് തിരിച്ചടിയായി.

ബെംഗളൂരു എഫ്‌സി: ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭേക്കെ, ചിംഗ്‌ലെൻസന സിംഗ്, റയാൻ വില്യംസ്, സുരേഷ് സിംഗ് വാങ്‌ജാം, ശിവ ശക്തി, ആൽബെർട്ടോ നൊഗേര, എഡ്ഗർ മെൻഡസ്, പെഡ്രോ കാപ്പോ, നംഗ്യാൽ ബൂട്ടിയ, റോഷൻ സിംഗ്

എഫ്‌സി ഗോവ: സന്ദേശ് ജിംഗൻ, കാൾ മക്യൂ, സാഹിൽ തവോറ, ഒഡെ ഒനൈന്ത്യ, ബോറിസ് സിംഗ്, ഉദാന്ത സിംഗ്, ബോർജ ഹെരേര, ആകാശ് സാങ്‌വാൻ, ഇകർ ഗുരോത്‌ക്‌സേന, ബ്രൈസൺ ഫെർണാണ്ടസ്, ഹൃത്വിക് തിവാരി

എഫ്‌സി ഗോവയുടെ പിഴവ് മുതലെടുത്തതോടെ, ആദ്യ പകുതി അവസാനിക്കാൻ അഞ്ച് മിനിറ്റുകൾ ശേഷിക്കെ സ്കോർ ബോർഡിൽ ബെംഗളൂരു എഫ്‌സി ആദ്യ ഗോൾ രേഖപ്പെടുത്തി. ബോക്സിലേക്ക് ഓട്ടം തുടങ്ങിയ റയാൻ വില്യംസിനെ ലക്ഷ്യമിട്ട് എഡ്ഗാർ മെൻഡസ്, ഗൗർസിന്റെ വലയിലേക്ക് തൊടുത്ത ക്രോസ് മത്സരത്തിൽ നിർണായകമായി. പന്ത് ബ്ലോക്ക് ചെയ്യാനായി ഓടിയെത്തിയ സന്ദേശ് ജിങ്കന് പിഴച്ചു. പ്രതിരോധതാരത്തിന്റെ തലയിൽ തട്ടി, ഹൃത്വിക് തിവാരിയെ മറികടന്ന് പന്ത് വലയിൽ. സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരു ലീഡ് നേടി. സ്കോർ 1-0.

മത്സരത്തിലേക്ക് തിരിച്ചുവരണമെന്ന വാശിയിലായിരുന്നു എഫ്‌സി ഗോവ, രണ്ടാം പകുതിയിൽ കളത്തിലെത്തിയത്. പന്തവകാശം നിലനിർത്തി, മത്സരത്തിന്റെ ആക്കം കയ്യിലെടുത്തെങ്കിലും 52-ാം മിനിറ്റിൽ അപ്രതീക്ഷിതമായി രണ്ടാം ഗോൾ വഴങ്ങി. ഇത്തവണ പിറന്നത് എഡ്ഗാർ മെൻഡസിന്റെ ബൂട്ടുകളിൽ നിന്നും. നംഗ്യാൽ ബൂട്ടിയ ബോക്സിലേക്ക് തൊടുത്ത ക്രോസ്, ബോക്സിലെ ഓറഞ്ചു കുപ്പായക്കാർക്കിടയിലൂടെ ഓടിയെത്തി നിമിഷാർദ്ധ നേരത്തിൽ താരം വലയിലെത്തിച്ചു. സ്കോർ 2-0.

ഇന്നത്തെ മത്സരത്തിൽ നേടിയ ക്ലീൻ ഷീറ്റ്, ഐഎസ്എല്ലിന്റെ പ്ലേ ഓഫ് ചരിത്രത്തിൽ ബെംഗളൂരു എഫ്‌സി നേടുന്ന എട്ടാമത്തേത് കൂടിയാണ് - ലീഗിൽ ഏറ്റവുമധികം. സെമി ഫൈനലിന്റെ രണ്ടാം പാദം ഏപ്രിൽ ആറിന് ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചുവരവിന് ശ്രമിക്കുക എന്ന വലിയ ദൗത്യമാകും ഗോവയിൽ മനോലോയെയും ടീമിനെയും കാത്തിരിക്കുന്നത്.

രണ്ടാം സെമി ഫൈനലിൽ നാളെ ജംഷഡ്പൂർ എഫ്‌സി, നിലവിലെ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ സ്വന്തം ഹോമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നേരിടും.