മുംബൈയെ പരാജയപ്പെടുത്തി 131ആം സീസണിൽ ജേതാക്കളായി ബെംഗളൂരു എഫ്‌സി

ഡ്യൂറൻഡ് കപ്പിന്റെ 131ആം സീസണിൽ ജേതാക്കളായി ബെംഗളൂരു എഫ്‌സി. ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്താണ് ബെംഗളൂരു എഫ്‌സി ജേതാക്കളായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ശിവശക്തി, അലൻ കോസ്റ്റ എന്നിവർ ബെംഗളൂരു എഫ്‌സിക്കായി ഗോളുകൾ നേടിയപ്പോൾ, അപ്പൂയയാണ് മുംബൈക്കായി ഗോൾ നേടിയത്.

ഐ ലീഗ് ടീമായ മൊഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ സിറ്റി ഫൈനലിലെത്തിയത്. നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയെ പാജയപ്പെടുത്തിയായിരുന്നു  ബെംഗളൂരു എഫ്സി ഫൈനലിൽ എത്തിയത്.

വിജയം നേടുകയെന്ന ലക്ഷ്യത്തിൽ മികച്ച നിരയെ തന്നെയാണ് ഇരു ടീമുകളും കളത്തിലിറക്കിയത്.

മുംബൈ എഫ്‌സി നിര: ലാചെൻപ, ചാംഗ്തെ, ജാഹു, സ്റ്റാലിൻ, വിനിത്, മന്ദർ, ഗ്രിഫിത്സ്, സ്റ്റുവാർട്ട്, ഫാൾ, ബിപിൻ, ലാലെഗ്മാവിയ

ബെംഗളൂരു എഫ്സി നിര: ഗുർപ്രീത്, ജിങ്കൻ, ജൊവാനോവിച്ച്, അലൻ കോസ്റ്റ, റാമിറസ്, ജയേഷ് റാണ, ഛേത്രി, കൃഷ്ണ, റോഷൻ, പ്രബീർ, ശിവശക്തി

കളിയുടെ ആദ്യ നിമിഷങ്ങളിൽ സ്വാധീനം ചെലുത്താൻ മുംബൈക്കായിരുന്നു. എന്നാൽ മത്സരത്തിന്റെ പതിനൊന്നാം മിനുറ്റിൽ ബെംഗളൂരു എഫ്‌സി താരം ശിവശക്തി ആദ്യ ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ മുംബൈ സിറ്റി മുപ്പതാം മിനിറ്റിൽ സമനില ഗോൾ നേടി. ആദ്യ പകുതി സമനിലയിൽ കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമണത്തിൽ മുംബൈയായിരുന്നു മുന്നിൽ. എന്നാൽ അറുപത്തിയൊന്നാം മിനുറ്റിൽ ഒരു മികച്ച ഹെഡറിലൂടെ അലൻ കോസ്റ്റ ബെംഗളുരുവിനായി രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുറ്റിൽ വീണ്ടും ലീഡ് ഉയർത്താൻ ബെംഗളൂരുവിന് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സുനിൽ ഛേത്രിക്കായില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ബെംഗളൂരു എഫ്‌സി കിരീടം സ്വന്തമാക്കി.

 

Your Comments

Your Comments