ഫൈനലില് ബെംഗളൂരു എഫ്സിയെ നേരിടാൻ എടികെ മോഹന് ബഗാൻ!

ഹൈദരാബാദിനെ പെനാലിറ്റി ഷൂട്ടൗട്ടിൽ തകർത്ത് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-2023 ഫൈനലില്‍ പ്രവേശിച്ച് എടികെ മോഹന്‍ ബഗാൻ. ലീഗ് ഘട്ടത്തിൽ നടന്ന മത്സരങ്ങളിൽ ഇരുടീമുകളും ഹോം ഗ്രൗണ്ടില്‍ വിജയിച്ചിരുന്നു. മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മന്‍വീര്‍ സിങ്, പ്രീത് കോട്ടാല്‍ എന്നിവര്‍ ഗോൾ നേടിയപ്പോൾ ഹൈദരാബാദിനായി ജാവോ വിക്ടര്‍, രോഹിത് ദാനു, റീഗന്‍ സിങ് എന്നിവര്‍ വലകുലുക്കി.

 സെമിഫൈനലിലെ ആദ്യ റൗണ്ട് മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് ബെംഗളൂരു എഫ്സി ഫൈനലിൽ പ്രവേശിച്ചിരുന്നു. ലീഗ് ഘട്ട റാങ്കിങ്ങിലെ ആദ്യ സ്ഥാനങ്ങളിലെത്തിയ രണ്ടു ടീമുകളും ഇത്തവണ ഫൈനലിൽ ഇടം നേടിയില്ല.

ഹൈദരാബാദും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടിയ ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതിനാൽ രണ്ടാം പാദ മത്സരം നിര്‍ണായകമായിരുന്നു. മാർച്ച് പതിമ്മൂന്ന് തിങ്കളാഴ്ച കൊല്‍ക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ വച്ചു നടന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് ഹൈദരാബാദിനെതിരെ എടികെ മോഹന്‍ ബഗാൻ വിജയിച്ചത്. ആദ്യ പാദ സെമി ഫൈനലില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

ഇരു ടീമുകളും മികച്ച പ്രകടനമാണ് തുടക്കം മുതൽ പുറത്തെടുത്തത്. ഇരു ടീമുകളുടെയും മികച്ച പ്രതിരോധം ഗോൾ പിറക്കുന്നതിന് തടസമായി. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. മന്‍വീറിന്റെ മികച്ചൊരു ഷോട്ട് 23ആം മിനിറ്റില്‍ പോസ്റ്റിലിടിച്ച് പുറത്തേക്ക് തിരിച്ചപ്പോൾ ഒരു മികച്ച വസരമാണ് മോഹൻ ബഗാന് നഷ്ടമായത്. ഫിനിഷിംഗിലെ അപാകതകൾ രണ്ടാം പകുതിയിലും ഗോൾ നേട്ടത്തിന് ഇരു ടീമുകൾക്കും തിരിച്ചടിയായി. മത്സരത്തിന്റെ നിശ്ചിത സമയത്തിലും പിന്നീടനുവദിച്ച അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടർന്നാണ് മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പെനാലിറ്റി ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്ത ഹൈദരാബാദിന്റെ ജാവോ വിക്ടർ കിക്ക് അനായാസം വലയിലെത്തിച്ചു. മോഹന്‍ ബഗാനുവേണ്ടി ആദ്യ കിക്കെടുത്ത പെട്രറ്റോസും ഗോൾ നേടി. രണ്ടാം കിക്കെടുത്ത ഹൈദരാബാദിന്റെ സിവേറിയോയുടെ കിക്ക് ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയകറ്റി. ശേഷം വന്ന മോഹന്‍ ബഗാൻ താരം ഗല്ലെഗോ ടീമിനായി ഗോൾ നേടി. എടികെ ടീം 2-1 ന് മുന്നിലെത്തി. മൂന്നാം കിക്കെടുത്ത ഓഗ്‌ബെച്ചെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. മോഹന്‍ ബഗാന് വേണ്ടി മൂന്നാം കിക്കെടുത്ത മന്‍വീര്‍ സിങ്ങും ലക്‌ഷ്യം കണ്ടു.

ഹൈദരാബാദിനായി നാലാം കിക്കെടുത്ത രോഹിത് ദാനു ഗോൾ നേടി. നാലാം കിക്കെടുത്ത മോഹന്‍ ബഗാന്റെ ബ്രെണ്ടന്‍ ഹാമിലിന് അവസരം നഷ്ടമായി. ഹൈദരാബാദിനായി അഞ്ചാം കിക്കെടുത്ത റീഗന്‍ സിങ് ഗോൾ നേടിയതോടെ സ്‌കോര്‍ 3-3 ആയി. മോഹന്‍ ബഗാന് വേണ്ടി അവസാന കിക്കെടുത്ത ക്യാപ്റ്റൻ പ്രീതം കോട്ടാല്‍ ഗോൾ നേടിയതോടെ മോഹന്‍ ബഗാന്‍ ഫൈനലിൽ പ്രവേശിച്ചു.

മോഹന്‍ ബഗാന്റെ അഞ്ചാം ഐ.എസ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്. മാർച്ച് പതിനെട്ടിന് നടക്കുന്ന ഫൈനലില്‍ ബെംഗളൂരു എഫ്സിയും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും.

Your Comments

Your Comments