കൊൽക്കത്തൻ ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ തളച്ച് എടികെ മോഹൻ ബഗാൻ!

ഐഎസ്എല്ലിലെ ആദ്യ കൊൽക്കത്ത ഡെർബിയിൽ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ വിജയം. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ എടികെ മോഹൻ ബഗാൻ തകര്‍ത്തത്. രണ്ടാം പകുതിയിൽ റോയ് കൃഷ്ണ, മാന്‍വീര്‍ സിംഗ് എന്നിവർ നേടിയ ഗോളുകളാണ് എടികെയെക്ക് വിജയം നേടിക്കൊടുത്തത്. മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. എന്നാല്‍ എടികെയുടെ പ്രതിരോധനിരയെ തകർക്കാൻ സാധിക്കാത്തതായിരുന്നു ഈസ്റ്റ് ബംഗാളിന്റെ പ്രധാന വെല്ലുവിളി.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. റോയ് കൃഷ്‌ണയുടെ ശ്രദ്ധേയമായ പ്രകടനം ടീമിന് ശക്തമായ മുതൽക്കൂട്ടായി.  എടികെ നിരയില്‍ പ്രധാനമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് അന്റോണിയോ ലോപ്പസ് ടീമിനെ കളത്തില്‍ ഇറക്കിയത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തളച്ച ടീമിലെ അംഗങ്ങളായിരുന്ന പ്രണോയ് ഹാള്‍ഡറും എഡു ഗാര്‍സിയയും ഇത്തവണ പുറത്തിരുന്നു. പകരം ജയേഷ് റാണയും ഡേവിഡ് വില്യംസും ടീമിലിടം പിടിച്ചു. പരിക്കേറ്റ മൈക്കിള്‍ സൂസൈരാജിന് പകരം സുഭാഷിഷ് ബോസും ടീമില്‍ ഇടംപിടിച്ചു. മത്സരത്തില്‍ അവസാനം വരെ എടികെയുടെ പ്രതിരോധം മികച്ചു നിന്നു.

എന്നാൽ ആദ്യ പകുതിയില്‍ പന്തടക്കം കൊണ്ട് ഈസ്റ്റ് ബംഗാളാണ് മുന്‍തൂക്കം നേടിയത്. ഏത് നിമിഷവും അവര്‍ ഗോള്‍ നേടുമെന്ന പ്രതീക്ഷ നൽകിയ പ്രകടനമായിരുന്നു ടീമിന്റേത്. ആന്റണി പില്‍കിണ്‍റ്റണ്‍ മത്സത്തില്‍ ആദ്യ ഗോള്‍ നേടേണ്ടതായിരുന്നുവെങ്കിലും ഫിനിഷിംഗിലെ അപാകത ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. 36ആം മിനുട്ടില്‍ എടികെയുടെ ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഗോൾ നേടാനുള്ള ശ്രമവും പാളിയിരുന്നു.

Your Comments

Your Comments