ബംഗളുരുവിനെ തകർത്ത് ഹീറോ ഐഎസ്എൽ ചാമ്പ്യന്മാരായി എടികെ മോഹൻ ബഗാൻ!

ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ ഫൈനലിൽ ബെംഗളൂരു എഫ്‌സിയെ തകർത്ത് കിരീടം സ്വന്തമാക്കി എടികെ മോഹൻ ബാഗാൻ. നിശ്ചിത സമയത്തും തുടർന്നനുവദിച്ച അധിക സമയത്തും രണ്ടു വീതം ഗോളുകളുടെ സമനില തുടർന്നതിനാൽ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും  4-3ന് എടികെ മോഹൻ ബാഗാൻ വിജയിയികളാകുകയുമായിരുന്നു. എടികെ മോഹൻ ബാഗാന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കിരീടമാണിത്. (മോഹൻ ബഗാനുമായി ലയിക്കുന്നതിന് മുൻപ് എടികെ ഐഎസ്എൽ കിരീടം നേടിയിരുന്നു.)

മത്സരത്തിന്റെ നിശ്ചിത സമയത്ത് ദിമിത്രി പെട്രറ്റോസ് എടികെ മോഹൻ ബഗാനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ, മറുവശത്ത് സുനിൽ ഛേത്രിയും, റോയ് കൃഷ്ണയും ബെംഗളൂരുവിനായി ഓരോ ഗോൾ വീതം നേടി.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ശിവശക്തി നാരായണൻ സ്‌ട്രെച്ചർ ഓഫ് ചെയ്‌തതിനെ തുടർന്ന് സുനിൽ ഛേത്രിയെ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ കളത്തിലിറക്കാൻ ബെംഗളൂരു എഫ്‌സി നിർബന്ധിതരായി. പതിമൂന്നാം മിനിറ്റിൽ ലഭിച്ച കോർണറിൽ പെട്രാറ്റോസിൽ നിന്ന് ലഭിച്ച പന്ത് റോയ് കൃഷ്ണ കൈകാര്യം ചെയ്തത് എടികെഎംബിക്ക് സമ്മാനിച്ചത് ഒരു പെനാൽറ്റിയാണ്. ലഭിച്ച അവസരം കൃത്യമായി വിനയോഗിച്ച എടികെഎംബി ബെംഗളൂരു എഫ്‌സിയെ സമ്മർദ്ദത്തിലാക്കി. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സുനിൽ ഛേത്രി ബെംഗളുരുവിനായി സമനില ഗോൾ നേടി.

കളിയുടെ രണ്ടാം പകുതിയിൽ, എഴുപത്തിയെട്ടാം മിനിറ്റിൽ ബെംഗളുരുവിനായി റോയ് കൃഷ്ണ ഗോൾ നേടി. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ പെട്രാറ്റോസ് നേടിയ ഗോളിൽ കളി വീണ്ടും സമനിലയിലായി. എക്സ്ട്രാ ടൈമിലും വിജയ ഗോൾ നേടാൻ ഇരു ടീമുകൾക്കുമാകാത്തതിനാൽ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീണ്ടു.

പെനാൽറ്റി ഷൂട്ടൗട്ടിൽ എടികെ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റൺ കൊളാസോ, കിയാൻ നസ്രി, മൻവീർ സിംഗ് എന്നിവരുടെ ഷോട്ടുകൾ വല തുളച്ചു. ബെംഗളൂരു നിരയിൽ ബ്രൂണോ സിൽവയ്ക്കും, പാബ്ലോ പെരസിനും ഗോൾ നേടാനാകാത്തത് അവരെ തോൽവിയിലേക്ക് നയിച്ചു.

പ്രധാന സ്ഥിതിവിവരക്കണക്കുകൾ:

- മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് (6) പെട്രാറ്റോസ്

- സന്ദേശ് ജിംഗൻ 10 ക്ലിയറൻസുകളും 3 ടാക്കിളുകളും നടത്തി.

- പ്രീതം കോട്ടാൽ 7 ക്ലിയറൻസുകളും 4 ടാക്കിളുകളും നടത്തി

Your Comments

Your Comments