ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും. പ്രതീക്ഷക്കപ്പുറമാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്. ലീഗ് ഘട്ടത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയ മുംബൈയും ഹൈദരാബാദ് എഫ്‌സിയും സെമി ഫൈനൽ ഘട്ടത്തിൽ പുറത്തായിരുന്നു.

സെമിയിൽ ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ചാണ് ബെംഗളൂരു എഫ്‌സി തങ്ങളുടെ മൂന്നാം ഐഎസ്‌എൽ ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തിയാണ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എടികെ മോഹൻ ബഗാൻ ഈ സീസണിൽ ഐഎസ്എൽ ഫൈനലിൽ തിരിച്ചെത്തിയത്. ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനമായ ഈ ജനപ്രിയ ഫുട്ബോൾ മാമാങ്കം ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

ഫൈനൽ വരെയുള്ള അഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ എടികെ മോഹൻ ബഗാൻ നാല് ക്ലീൻ ഷീറ്റുകൾ നിലനിർത്തിയപ്പോൾ ആ അഞ്ച് മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് തോൽവി വഴങ്ങിയത്. സീസണിലാകെ 17 ഗോളുകൾ മാത്രം വഴങ്ങിയ ക്ലബ്ബിന്റെ പ്രതിരോധ ശേഷി പ്രകടമാണ്. ഇത് ഹൈദരാബാദ് എഫ്‌സിക്ക് ശേഷം ലീഗിലെ രണ്ടാമത്തെ ഏറ്റവും മികച്ച പ്രതിരോധ ടീമായി അവരെ മാറ്റി. പ്രീതം കോട്ടാലും ബ്രണ്ടൻ ഹാമിലുമുൾപ്പെടെയുള്ള ശക്തമായ പ്രതിരോധനിരയാണ് ടീമിനെ ഈ നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കിയത്.

“കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ, അവർ [ബെംഗളൂരു എഫ്‌സി] വളരെ മികച്ച രീതിയിൽ ആത്മവിശ്വാസത്തോടെ കളിച്ചു. കളിക്കളത്തിൽ, അവർ ഒരു മികച്ച ടീമാണ്. തുടക്കം മുതൽ മത്സരം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്. എല്ലായ്പ്പോഴും എന്നപോലെ ഇത്തവണയും ഞങ്ങളുടെ ടീമിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഞങ്ങളുടെ പദ്ധതികളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.” ഫെറാൻഡോ പറഞ്ഞു.

തുടർച്ചയായി പത്തു മത്സരങ്ങൾ വിജയിച്ചു മുന്നേറിയ ബെംഗളൂരു എഫ്‌സി സെമിയിൽ ലീഗ് ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ പെനാൽറ്റിയിൽ തോൽപ്പിച്ചെങ്കിലും രണ്ടാം പാദ മത്സരത്തിൽ ബെംഗളൂരു എഫ്‌സി ഈ വർഷത്തെ തങ്ങളുടെ ആദ്യത്തെ റഗുലേഷൻ ടൈം തോൽവി ഏറ്റുവാങ്ങി. ഹെഡ് കോച്ച് സൈമൺ ഗ്രേസൺ അവസാന മത്സരങ്ങളിൽ സുനിൽ ഛേത്രിയെ പകരക്കാരനായാണ് ഉപയോഗിച്ചത്, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ, 38 കാരനായ അദ്ദേഹം മൂന്ന് തവണ സുപ്രധാന ഗോളുകൾ നേടി. ഇത്തവണയും ബെഞ്ചിലാകും സുനിൽ ഛെത്രിയുടെ സ്ഥാനം. റോയ് കൃഷ്ണയും ശിവശക്തി നാരായണനും ആദ്യ ഇലവനിൽ ഇടം നേടും.

“അയാളുടെ നിലവാരവും അനുഭവപരിചയവും പ്രൊഫഷണലിസവുമുള്ള ഒരാളെ ഉപേക്ഷിക്കുന്നത് വളരെ കഠിനമായ തീരുമാനമാണ്. പക്ഷേ, ഒരു പരിശീലകനെന്ന നിലയിൽ, അത് സുനിൽ ഛേത്രിയോ രോഹിത് കുമാറോ ആകട്ടെ, ശരിയായ തീരുമാനമെന്ന് എനിക്ക് തോന്നുന്നത് ഞാൻ എടുക്കണം." ഗ്രേസൺ പറഞ്ഞു.

“എടികെ മോഹൻ ബഗാൻ പ്രതിരോധപരമായി വളരെ ദൃഢമാണ്, അവർക്ക് ചില നല്ല ഡിഫൻഡർമാരുണ്ട്, നല്ല പോരാട്ടവും കാഴ്ചവക്കാറുണ്ട്. ഞങ്ങൾ എതിരാളികളെ ബഹുമാനിക്കും, ഞങ്ങളുടെ ടീമിലും മികച്ച ചില കളിക്കാർ ഉണ്ടെന്ന് അവർക്കറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. മത്സരത്തിന് ശേഷം ഞങ്ങൾ സംസാരിക്കുമ്പോൾ, അത് ഐ‌എസ്‌എല്ലിനും ഇന്ത്യൻ ഫുട്‌ബോളിനും ഒരു മികച്ച പരസ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാന ആറ് ഹീറോ ഐഎസ്എൽ മത്സരങ്ങളിൽ ഒരു തവണ മാത്രമേ ബെംഗളൂരു എഫ്‌സി എടികെ മോഹൻ ബഗാനെ തോൽപ്പിച്ചിട്ടുള്ളൂ, കഴിഞ്ഞ മാസം വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയ മത്സരത്തിലായിരുന്നുവത്. എഎടികെ മോഹൻ ബഗാൻ നാലു തവണ ബംഗളുരുവിനെ തോൽപ്പിച്ചിട്ടുണ്ട്.

ഹെഡ് റ്റു ഹെഡ്

ഇരു ടീമുകളും ആറ് മത്സരങ്ങളിലാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്.  ഇതിൽ നാലു മത്സരങ്ങൾ  എടികെ മോഹൻ ബഗാൻ വിജയിച്ചപ്പോൾ ബെംഗളൂരു എഫ്‌സി  ഒരു മത്സരത്തിൽ വിജയിച്ചു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.

സാധ്യതാനിര

എടികെ മോഹൻ ബഗാൻ (4-2-3-1)

വിശാൽ കൈത്ത് (ജികെ), ആശിഷ് റായ്, പ്രീതം കോട്ടാൽ, സ്ലാവ്കോ ദംജാനോവിച്ച്, സുഭാഷിഷ് ബോസ്, ഗ്ലാൻ മാർട്ടിൻസ്, കാൾ മക്ഹഗ്, മൻവീർ സിംഗ്, ഹ്യൂഗോ ബൗമസ്, ലിസ്റ്റൺ കൊളാക്കോ, ദിമിത്രി പെട്രാറ്റോസ്

ബെംഗളൂരു എഫ്‌സി (5-3-2)

ഗുർപ്രീത് സിംഗ് സന്ധു (ജികെ), പ്രബീർ ദാസ്, ബ്രൂണോ റാമിറസ്, സന്ദേശ് ജിംഗൻ, അലക്‌സാണ്ടർ ജോവനോവിച്ച്, നൗറെം റോഷൻ സിംഗ്, സുരേഷ് വാങ്ജാം, രോഹിത് കുമാർ, ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ, ശിവശക്തി നാരായണൻ

ടെലികാസ്റ്റ് വിവരങ്ങൾ

മാർച്ച് 18 ശനിയാഴ്ച ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിലാണ് എടികെ മോഹൻ ബഗാനും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ ഫൈനൽ മത്സരം. കിക്ക്-ഓഫ് സമയം 7:30 PM IST. മത്സരം  സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും, Disney+HotStar, JioTV എന്നിവയും മത്സരം സ്ട്രീം ചെയ്യും.