മലപ്പുറത്തിന്റെ അഭിമാനതാരം ആഷിക്ക് കുരുണിയന് ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്. വരുമാനത്തിനുമപ്പുറം ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഒരു കളിക്കാരൻ മാത്രമാകാതെ താൻ ജനിച്ചു കളിച്ചു വളർന്ന നാട്ടിൽ എകെ 22 എന്ന പേരിൽ ഒരു ഫുട്ബോൾ അക്കാദമിയും ആഷിക് നടത്തുന്നുണ്ട്. കുറ്റ്യാടി, കൂട്ടിലങ്ങാടി, നാദാപുരം എന്നിവിടങ്ങളിൽ ഫുട്ബോൾ പരിശീലനം നൽകുന്ന അക്കാദമിയിൽ നിലവിൽ നൂറോളം പേരുണ്ട്. അക്കാദമിക്ക് സ്വന്തമായി മൈതാനമില്ലാത്തതിനാൽ ടർഫുകളുപയോഗിച്ചാണ് പരിശീലനം നൽകുന്നത്. മികവു പുലർത്തുന്ന ഇരുപതോളം പേരുടെ പരിശീലനം സൗജന്യമായാണ് നൽകുന്നത്. പുറത്തുനിന്നുള്ള ഒരു പരിശീലകനെ കൊണ്ടുവരാനും പരിശീലനം പൂർണമായി സൗജന്യമാനുമായി ഒരു സ്പോൺസറെ തേടുകയാണ് അദ്ദേഹമിപ്പോൾ.

എടികെ മോഹൻ ബഗാൻ ഒൻപതാം സീസണിലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ പരിക്കായിട്ടും തന്റെ ഭാഗം കൃത്യമായി പൂർത്തിയാക്കിയതിന്റെ എല്ലാ സംതൃപ്തിയോടെയും ആഷിക്ക് സംസാരിച്ചു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.  "ഫൈനലിന് 12 ദിവസം മാത്രമുള്ളപ്പോഴാണ് ഇടതു കാലിനു പരിക്കേറ്റത്. ലിഗ്മെന്റിനായിരുന്നു പരിക്ക്. ഒന്നരമാസമെങ്കിലും വിശ്രമം വേണ്ടി വരും. കളിക്കാൻ പറ്റില്ലെന്നു തന്നെയായിരുന്നു വിചാരം. എന്നാൽ ടീം എന്നെ മുംബൈയിലെ ഒരു ആശുപത്രിയിലേക്കയച്ച് ഒരാഴ്ചയോളം പ്രത്യേക ചികിത്സ നൽകി. ഫൈനലിനു തൊട്ടു മുൻപുള്ള ദിവസം ടീമിനൊപ്പം പരിശീലിച്ചപ്പോൾ നല്ല വേദനയുണ്ടായിരുന്നു. പക്ഷേ, ഫൈനലിൽ 45 മിനിറ്റെങ്കിലും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബെഞ്ചിലിരുന്ന്, കപ്പടിക്കുമ്പോൾ മൈതാനത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ ഒരു സുഖമില്ലല്ലോ. എന്റെ ആഗ്രഹത്തിനു ടീം പിന്തുണ നൽകിയതിനാൽ ഫൈനലിൽ കളിക്കാനായി."

എടികെ മോഹൻ ബഗാൻ കോച്ച് യുവാൻ ഫെർണാൻഡോയുടെ പരിശീലന രീതികളെക്കുറിച്ചും അദ്ദേഹം വാചാലനായി. കിരീട നേട്ടത്തേക്കാൾ  കൗതുകത്തോടെ ഓർക്കുന്നത് കോച്ച് യുവാൻ ഫെർണാൻഡോയുടെ പരിശീലന രീതികളാണെന്നും ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞതുമുതൽ ടീം മീറ്റിങ്ങിൽ ഫൈനൽ വരെയുള്ള ഷെഡ്യൂളുകൾ പറയുന്ന യുവാന്റെ രീതികളെക്കുറിച്ചും ക്വാർട്ടർ കടക്കുമോ, സെമി കടക്കുമോയെന്നുള്ള ചോദ്യങ്ങൾ അവിടെ അപ്രസക്തമാണെന്നും ആഷിക് പറഞ്ഞു. "ഫൈനൽ ഉറപ്പിച്ച മട്ടിലാണ് പ്ലാനിങ്. ഇത് ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകി. തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്ന കളിയും അതിനടുത്ത കളിയുമൊക്കെ ജയിച്ച് ഫൈനലിൽ കപ്പടിക്കും എന്നുറപ്പിച്ചാണ് പരിശീലകനൊപ്പം ഞങ്ങളും കളത്തിലിറങ്ങുന്നത്."

ഗ്രൂപ്പ് റൗണ്ടിൽ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരമായിരുന്നു ഐഎസ്എല്ലിൽ ഈ സീസണിൽ നേരിട്ട ഏറ്റവും കടുപ്പമേറിയ മത്സരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഞങ്ങൾ നന്നായി കളിച്ചെങ്കിലും ഗോളടിക്കാനായില്ല. കടുപ്പമേറിയ പ്രതിരോധമായിരുന്നു അവരുടേത്. ഒരു ഗോളിന് ഞങ്ങൾ തോൽക്കുകയാണുണ്ടായത്."

വരാനിരിക്കുന്ന സൂപ്പർ കപ്പിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "മലപ്പുറത്ത് ഫുട്ബോൾ മേള നടത്തിയാൽ വിജയിക്കുമെന്ന കാര്യത്തിൽ അന്യനാട്ടുകാർക്കു പോലും സംശയമില്ല. അടുത്തമാസം പയ്യനാട്ടു നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളും സൂപ്പറാക്കിക്കൊടുക്കണം. ഗാലറി നിറച്ച് ഫുട്ബോൾ ലോകത്തിനു മുൻപിൽ വീണ്ടും നമുക്ക് തലയുയർത്തി നിൽക്കണം. പരിക്കു ഭേദമായി സൂപ്പർ കപ്പ് കളിക്കണം, കപ്പടിക്കണം. കോഴിക്കോട്ടാണ് എന്റെ ടീമിന്റെ മത്സരങ്ങളെല്ലാം. നിങ്ങൾ കളി കാണാൻ വരണം. നിങ്ങളുടെ പ്രാർഥനകൾ എന്നും എന്നോടൊപ്പമുണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു."

കളിച്ചു മുന്നേറുകയെന്ന ഒരൊറ്റ ലക്ഷ്യത്തിൽ ആഷിക്ക് ഫുട്ബാളിന്റെ ലോകത്ത് തിരക്കിലാണ്, അവിടെ വിമർശനങ്ങൾക്ക് സ്ഥാനമില്ല. സൂപ്പർ കപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരിക്കട്ടെയെന്ന് ആശംസിക്കാം.