അർജന്റൈൻ താരം പേരേരയുടെ ജന്മദിനം ഇത്തവണ മഞ്ഞക്കുപ്പായത്തിൽ!

അർജന്റീന, ചിലി, മെക്സിക്കോ, ഗ്രീസ്, അസർബൈജാൻ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിൽ ആയി 267 ക്ലബ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ള അർജന്റൈൻ താരമായ ഫാകുണ്ടോ ആബേൽ പെരേരയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ട് കേരളാബ്ലാസ്റ്റേഴ്സ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം കൂടി നീട്ടുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടതാണ് കരാർ. സൈപ്രസ് ടോപ് ഡിവിഷൻ ക്ലബ് ആയ അപ്പോള്ളോൻ ലിമാസ്സോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. യൂറോപ്പ ലീഗും യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളും കോപ്പ ലിബർട്ടഡോറസും ഉൾപ്പെടുന്ന ഇന്റർനാഷണൽ കോമ്പറ്റിഷനിൽ മാത്രം 30 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് പെരേര.

117 വർഷത്തെ പാരമ്പര്യമുള്ള, 18 അർജന്റീന പ്രിമേറ ഡിവിഷൻ ലീഗ് കിരീടങ്ങളും ഒരു കോപ്പ ലിബർട്ടഡോറസും ഉൾപ്പടെ നിരവധി കിരീടങ്ങൾ നേടി ചരിത്രം കുറിച്ച, നിരവധി ഫുട്ബോൾ ഇതിഹാസങ്ങൾ നിറഞ്ഞാടിയ ” ദി അക്കാദമി ഫുട്ബോൾ” എന്ന റേസിങ് ക്ലബിനായി കളിച്ച പ്രതിഭയാണ് പെരേര. മെക്സിക്കൻ ടോപ് ഡിവിഷൻ ലീഗിലും ഗ്രീക് ടോപ് ഡിവിഷൻ ലീഗിലും താരം പന്ത് തട്ടിയിട്ടുണ്ട്. സെറ്റ്പീസുകളിൽ മികവു പുലർത്തുന്ന പെരേര, കോർണർ കിക്കുകളിലും ഫ്രീകിക്കുകളിലും വിദഗ്ദ്ധനാണ്. ലെഫ്റ്റ് ഫുട്ടഡ് ഫുട്ബോളർ ആയ പെരേരയുടെ പ്രായം 32 വയസ്സാണ്. അറ്റാക്കിങ് മിഡ്ഫീൽഡർ, സെക്കന്റ് സ്ട്രൈക്കർ, വിങ്ങർ എന്നീ പൊസിഷനുകളിൽ തിളങ്ങാൻ കഴിവുള്ള താരമാണ് പെരേര.

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ സരാട്ടെയാണ് പെരേരയുടെ സ്വദേശം. പ്രാദേശിക ക്ലബ് ആയ എസ്റ്റുഡിയാന്റസ് അണ്ടർ-20 ടീമിലൂടെയാണ് പെരേര തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. 2006-ൽ അമച്വർ ടീം ആയ എസ്റ്റുഡിയാന്റസിലൂടെ തന്റെ സീനിയർ ടീമിലെ അരങ്ങേറ്റം നടത്തിയ പെരേര 2009-ൽ ചിലി ടോപ് ഡിവിഷൻ ക്ലബ് ആയ പലെസ്തീനോയിൽ ലോണിൽ പോയിരുന്നുവെങ്കിലും 6 മത്സരങ്ങൾ കളിച്ച ശേഷം വീണ്ടും എസ്റ്റുഡിയാന്റസിൽ തിരിച്ചെത്തി. തുടർന്ന് 4 വർഷത്തോളം എസ്റ്റുഡിയാന്റസ് സീനിയർ ടീമിന്റെ ഭാഗമായിരുന്നു ഫാകുണ്ടോ പെരേര.

2011-ൽ അദ്ദേഹം ചിലിയൻ ടോപ് ഡിവിഷൻ ക്ലബ് ആയ ഓഡക്സ് ഇറ്റാലിയാനോയിൽ എത്തിയ താരം പ്രസ്തുത സീസണിൽ മിന്നും പ്രകടനം കാഴ്ചവച്ചു. അവർക്കായി 34 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും 2 അസിസ്റ്റുകളും ആണ് താരം നേടിയത്. അടുത്ത സീസണിൽ മെക്സിക്കൻ ടോപ് ഡിവിഷൻ ക്ലബ് ആയ സാൻ ലൂയിസുമായി 2 വർഷത്തെ കരാറിൽ എത്തിയ ഫാകുണ്ടോ അവർക്കായി 2012-2013 ലിഗാ എംക്സ് ക്ളാസുരയിൽ 14 മത്സരങ്ങളിൽ കളിക്കാനിറങ്ങി. ആ സീസണിൽ 3 ഗോളുകളും ഒരു അസിസ്റ്റും താരം സ്വന്തമാക്കി. തുടർന്നുള്ള സീസണിൽ സീസണിൽ സാൻ ലൂയിസ് അർജന്റീനിയൻ ക്ലബ് ആയ ജിംനേഷ്യ എൽപിയിൽ ലോണിൽ പോയ പെരേര മികച്ച പ്രകടനം കാഴ്ചവച്ചു. പെരേര ലീഗിലെ ടോപ് സ്കോറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫാകുണ്ടോ പെരേരയുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജിംനേഷ്യ എൽപി 2013-2014ലെ അർജന്റീന പ്രിമേര ഡിവിഷൻ ലീഗിലേക്ക് യോഗ്യത നേടിയതെന്നു നിസംശയം പറയാം.

പിന്നീട് പ്രശസ്ത ഗ്രീക്ക് ടീമായ പിഎഒകെ തെസ്സാലോനികിയിൽ എത്തിയ പെരേര അറ്റാക്കിങ് മിഡ്ഫീൽഡർ ആയും സെക്കന്റ് സ്ട്രൈക്കർ ആയും തിളങ്ങി. ടീമിന് വേണ്ടി 3 സീസണുകളിലായി 58 മത്സരങ്ങളിൽ കളത്തിലിറങ്ങയ പെരേര ഗ്രീക്ക് സൂപ്പർ ലീഗ് 1ൽ മാത്രം 38 മത്സരങ്ങൾ കളിച്ചു. ഈ സമയത്ത് യൂറോപ്പ ലീഗിൽ 8 മത്സരങ്ങളും യൂറോപ്പ ലീഗ് യോഗ്യതാ റൗണ്ടിൽ 2 മത്സരങ്ങളും പെരേര കളിച്ചു. 2014-2015 സീസണിൽ മാത്രം പിഎഒകെയ്ക്കായി 30 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും 4 അസിസ്റ്റുകളും നേടി ടീമിന്റെ മിന്നും താരമായി ഫാകുണ്ടോ പെരേര മാറി.

അടുത്ത 2015-2016 സീസണിൽ അസർബൈജാൻ പ്രീമിയർ ലീഗ് ക്ലബ് ആയ എഫ്കെ ഖബാലയിൽ ലോണിൽ പോയ പെരേര ടോപ് ഡിവിഷൻ ലീഗ് ആയ പ്രീമിയർ ലിഖാസിയിൽ 14 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും 4 ഗോളുകൾ നേടുകയും ചെയ്തു. പ്രസ്തുത കാലയളവിൽ എഫ്കെ ഖബാലക്കായി 5 യൂറോപ്പ ലീഗ് മത്സരങ്ങളിലും ഫാകുണ്ടോ പെരേര കളിച്ചു. 2016 സീസണിന്റെ രണ്ടാം പകുതിയിൽ 6 മാസത്തെ ലോണിൽ അർജന്റീനിയൻ ടോപ് ഡിവിഷൻ ക്ലബ് ആയ റേസിംഗ് ക്ലബിൽ എത്തിയ പെരേര, ക്ലബ്ബിനായി സൂപ്പർ ലീഗയിൽ 8 മത്സരങ്ങളിൽ കളിക്കാനിറങ്ങുകയും 2 ഗോളും 2 അസിസ്റ്റും നേടുകയും ചെയ്തു. ആ സീസണിൽ ഇന്റർനാഷണൽ ടൂർണമെന്റ് ആയ കോപ്പ ലിബർട്ടഡോറസ് കപ്പിൽ കളിക്കാനും പെരേരയ്ക്കു കഴിഞ്ഞു. ലോൺ കാലാവധി കഴിഞ്ഞ് 2016-2017 സീസണിന്റെ തുടക്കത്തിൽ വീണ്ടും ഗ്രീക്ക് ക്ലബ് ആയ പിഎഒകെയിൽ മടങ്ങിയെത്തിയ ഫാകുണ്ടോ സീസണിന്റെ ആദ്യ പകുതിയിൽ ടീമിനായി കളിക്കാനിറങ്ങി.

2017 ജനുവരിയിൽ 6 മാസത്തെ ലോണിൽ അർജന്റീനിയൻ ക്ലബ് ആയ ക്ലബ് അത്ലറ്റികോ കൊളോണിലെത്തിയ പെരേര അർജന്റീന സൂപ്പർ ലിഗയിൽ 15 മത്സരങ്ങൾ കളിക്കുകയും 3 ഗോളുകളും 1 അസിസ്റ്റും നേടുകയും ചെയ്തു. തുടർന്ന് പിഎഒകെയുമായുള്ള സ്ഥിരം കരാർ റദ്ദാക്കിയ പെരേര 6 മാസത്തെ കരാറിൽ മെക്സിക്കൻ ലിഗ എംക്സ് ക്ലബ് ആയ നെകാക്സയിൽ എത്തി 5 മത്സരങ്ങളും കോപ്പ എംഎക്സ് അപെർച്വുറയിൽ 3 മത്സരങ്ങളും കളിച്ചു. വീണ്ടും അർജന്റീനിയൻ പ്രിമേര ഡിവിഷൻ ക്ലബ് ആയ ജിംനേഷ്യയുമായി 6 മാസത്തെ കരാറിൽ പെരേര എത്തി.

തുടർന്നു 2018 ജൂലൈയിൽ ഫാകുണ്ടോ പെരേര സിപ്രിയോട്ട് ടോപ് ഡിവിഷൻ ക്ലബ് ആയ അപോള്ളോൻ ലിമാസോളുമായി 2 വർഷത്തെ കരാറിൽ എത്തുകയും അവർക്കായി ടോപ് ഡിവിഷൻ ലീഗ് ആയ പ്രോടാത്ലിമ സൈറ്റയിൽ 54 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 3 അസ്സിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കി. സിപ്രിയോട്ട് ക്ലബ്ബിനായി 3 യൂറോപ്പ ലീഗ് മത്സരങ്ങളിലും 11 യൂറോപ്പ ലീഗ് യോഗ്യതാ മത്സരങ്ങളിലും ഈ കാലയളവിൽ ഫാകുണ്ടോ പെരേര കളിച്ചു. കഴിഞ്ഞ സീസണിൽ സിപ്രിയോട്ട് ടോപ് ഡിവിഷൻ ലീഗിൽ 14 മത്സരങ്ങൾ കളിച്ച ഫാകുണ്ടോ പെരേര 3 ഗോളുകളും നേടി.

ഫുട്ബോൾ ഇതിഹാസ താരങ്ങളുടെ നാടായ അർജന്റീനയിൽ പെരേരയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിനു മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗിനും അഭിമാന നിമിഷമാണ്. കിബുവിന്റെ പടക്കൊപ്പം തിളങ്ങാൻ പെരേരക്കാകുമോയെന്ന് കാത്തിരുന്നു കാണാം.

Your Comments

Your Comments