ഇന്ത്യൻ സൂപ്പർ ലീഗ് 2024 - 25 സീസണിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്. സെമി ഫൈനലിലിന്റെ രണ്ടാം പാദത്തിൽ ജംഷഡ്പൂർ എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റം. ക്ലബ്ബിന്റെ തുടർച്ചയായ രണ്ടാമത്തെ ഫൈനൽ പ്രവേശനം കൂടിയാണിത്.

ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവി വഴങ്ങിയാണ് ഇന്ന് എംബിഎസ്ജി സ്വന്തം കാണികൾക്ക് മുന്നിലിറങ്ങിയത്. മത്സരത്തിലാകമാനം 35 ഷോട്ടുകളാണ് ആതിഥേയർ എടുത്തത്. 11 ഷോട്ടുകൾ തടഞ്ഞ് ജംഷഡ്പൂരിന്റെ ഗോൾകീപ്പർ ആൽബിനോ ഗോമസ് തിളങ്ങിയെങ്കിലും വിധിയെ മാറ്റിയെഴുതാൻ സാധിച്ചില്ല. ഈ സീസണിൽ സ്വന്തം മൈതാനത്ത് ഒരു തോൽവി പോലും നേരിടാതെയാണ് ക്ലബ്ബിന്റെ കുതിപ്പ്.

ഏപ്രിൽ 12 ന് നടക്കുന്ന ഫൈനലിൽ ഇതേ മൈതാനത്ത് നിലവിലെ ലീഗ് ഷീൽഡ് ജേതാക്കൾ കൂടിയായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ബെംഗളൂരു എഫ്‌സിയെ നേരിടും. സെമി ഫൈനലിൽ മനോളോ മാർക്വേസിന്റെ എഫ്‌സി ഗോവയെ തോൽപ്പിച്ചാണ് ബെംഗളൂരു ഫൈനലിലേക്കുള്ള ബെർത്ത് ഉറപ്പിച്ചത്.

മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്: വിശാൽ കൈത്ത്, തോമസ് ആൽഡ്രെഡ്, അനിരുദ്ധ് താപ്പ, സുഭാഷിഷ് ബോസ്, ലിസ്റ്റൺ കൊളാസൊ, ആഷിഖ് കുരുണിയൻ, ആൽബെർട്ടോ റോഡ്രിഗസ്, ജാമി മക്ലാറൻ, ജേസൺ കമ്മിംഗ്സ്, ആശിഷ് റായ്, ലാലെങ്മാവിയ റാൾട്ടെ

ജംഷഡ്പൂർ എഫ്‌സി: ലാസർ സിർകോവിച്ച്, റെയ് തച്ചിക്കാവ, ഹാവി ഹെർണാണ്ടസ്, സനാൻ മുഹമ്മദ്, സെയ്മിൻ ലെൻ ഡൗംഗൽ, പ്രോനോയ് ഹാൽഡർ, ജോർദാൻ മറെ, സൗരവ് ദാസ്, മുഹമ്മദ് ഉവൈസ്, ആൽബിനോ ഗോമസ്, നിഖിൽ ബർല

സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇരു ടീമുകളും രണ്ടാം പാദത്തെ സമീപിച്ചത്. ആദ്യ പാദത്തിൽ ജംഷഡ്പൂരിനോട് അടിയറവ് പറഞ്ഞ ടീമിൽ നിന്നും സഹൽ അബ്ദുൽ സമദിനും ഗ്രെഗ് സ്റ്റുവെർട്ടിനും ദീപക് ടാങ്രിക്കും പകരം ആഷിഖ് കുരുണിയനും ജാമി മക്ലാരനും ലാലെങ്മാവിയ റാൾട്ടെയും കളത്തിലെത്തി. മൻവീർ സിംഗ് പാകാക്കാരുടെ നിരയിലുമെത്തി. ജംഷഡ്പൂരിലാകട്ടെ സ്റ്റീഫൻ ഈസെ, അശുതോഷ് മേത്ത, ഹാവി സിവേറിയോ എന്നിവർക്ക് പകരം ലാസർ സിർകോവിച്ച്, റെയ് തച്ചിക്കാവ, സെയ്മിൻ ലെൻ ഡൗംഗൽ എന്നിവർ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നേടി. പ്രതീക് ചൗധരിയെ ബെഞ്ചിൽ ഉൾപ്പെടുത്തി.

ആദ്യ പാദത്തിൽ നേടിയ 2-1 ന്റെ ലീഡ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജംഷഡ്പൂർ കൊൽക്കത്തയിലെ എവേ മൈതാനത്ത് ഇറങ്ങിയത്. അതിനാൽ തന്നെ പുറകിലേക്ക് വലിഞ്ഞ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ടീം ആദ്യ മിനിറ്റുകളിൽ ശ്രമിച്ചത്. ലഭിക്കുന്ന അവസരങ്ങളിൽ അതിവേഗത്തിൽ പ്രത്യാക്രമണങ്ങൾ നടത്തി, വിശാൽ കൈത്തിനു തലവേദനയുണ്ടാക്കാനും മെൻ ഓഫ് സ്റ്റീൽ ശ്രമിച്ചു.

2024 - 25 സീസണിലെ ലീഗ് ഷീൽഡിൽ മുത്തമിട്ട ജോസ് മോളിനയുടെ ടീമിന് ഐഎസ്എൽ കപ്പ് കൂടി നേടി ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ പുത്തൻ താളുകൾ രചിക്കുക എന്ന ലക്ഷ്യമായിരുന്നു മുന്നിൽ. മത്സരത്തിന്റെ തുടക്കം മുതൽ പന്തവകാശം നിലനിർത്തി ആക്കത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്ത് നിർണായക ഗോളുകൾ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമമാണ് കൊൽക്കത്തൻ ക്ലബ് നടത്തിയത്.

18-ാം മിനിറ്റിൽ ആശിഷ് റായിയുടെ ഷോട്ട് ആൽബിനോ ഗോമസ് തടുത്തിട്ടു. ശേഷമുണ്ടായ കോർണറിൽ നിന്നുമെടുത്ത ഷോട്ട് ഗോമസ് വീണ്ടും തടുത്തിട്ടു, റീബൗണ്ട് ഷോട്ട് ഗോൾലൈനിൽ നിന്നും സൗരവ് ദാസ് തടഞ്ഞത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കി. തൊട്ടടുത്ത മിനിറ്റിൽ കൌണ്ടർ ആക്രമത്തിലൂടെ, മുറെ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ബോക്സിലേക്ക് എത്തിയെങ്കിലും തടയപ്പെട്ടു.

35-ാം മിനിറ്റിൽ ഇരു വിങ്ങുകളും ഉപയോഗിച്ച് ആഷിക്കിലൂടെയും ആശിഷ് റായിയിലൂടെയും നടത്തിയ എംബിഎസ്ജിയുടെ നീക്കത്തിൽ നിന്നും ലഭിച്ച പന്ത്, കമ്മിങ്സ് ബോക്സിലേക്ക് തൊടുത്തെങ്കിലും ഗോമസ് രക്ഷകനായി. സീസണിലെ നൂറാമത്തെ രക്ഷപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റേത്.

ആദ്യ പകുതിയിൽ ജംഷഡ്പൂർ പ്രതിരോധത്തെ നിരന്തരമായി പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും, എട്ടോളം വെള്ളകുപ്പായക്കാരാണ് പ്രതിരോധത്തിലേക്ക് വലിഞ്ഞു ഗോൾവലക്ക് മുന്നിൽ നിലയുറപ്പിച്ചത്. അതിനാൽ തന്നെ, കൂർമയേറിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും രൂപപെട്ടവ ലക്ഷ്യത്തിൽ എത്തിക്കുന്നതിലും കൊൽക്കത്തൻ ക്ലബ് പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ആറ് സേവുകളാണ് ഗോമസ് നടത്തിയത്.

ആദ്യ പകുതിയിലെ അശാന്ത പരിശ്രമങ്ങൾക്ക് രണ്ടാം പകുതിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് പ്രതിഫലം ലഭിച്ചു. 51-ാം മിനിറ്റിൽ മോഹൻ ബഗാനെടുത്ത കോർണർ പ്രോനായ് ഹാൽഡറിന്റെ കയ്യിൽ തട്ടിയതോടെ, റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കമ്മിങ്‌സിന് പിഴച്ചില്ല. അഗ്രഗേറ്റ് സ്കോർ 2-2.

സമനില ഗോൾ കണ്ടെത്തിയതോടെ, കൊൽക്കത്തൻ ക്ലബ് കളിയുടെ തീവ്രത കുറച്ചു. എങ്കിലും ജംഷഡ്പൂരിനു അത് മുതലെടുത്ത് കളത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗോൾ വഴങ്ങിയതോടെ അഞ്ച് മിനിറ്റിൽ നാല് മാറ്റങ്ങൾ അതിഥികൾ നടത്തി. ലെൻ ഡൗംഗലിനും മുഹമ്മദ് സനാനും റെയ് തച്ചിക്കാവക്കും നിഖിൽ ബർലക്കും പകരം വിഎസ് ശ്രീകുട്ടനും ഋതിക് ദാസും ഹാവിയർ സാവേരിയയും പ്രതിക് ചൗധരിയും മൈതാനത്തെത്തി.

മോഹൻ ബഗാൻ സൂപ്പർ ജയന്റ് നിരയിൽ പരിക്കിനാൽ വലഞ്ഞ ആഷിഖ് കുരുണിയന് പകരം മൻവീർ സിങ്ങ് എത്തി. രണ്ടാം പകുതിയിൽ വിജയ ഗോളിനായി കിണഞ്ഞു ശ്രമിച്ചു ഇരു ടീമുകളും. ക്രോസുകളും ത്രൂ പാസുകളുമായി മുന്നിൽ നിന്നത് എംബിഎസ്ജിയും. നിരന്തരമായി ഷോട്ടുകൾ ഉതിർത്ത് ജംഷഡ്പൂരിന്റെ ബോക്സിൽ അപകടങ്ങൾ ഉണ്ടാക്കിയെങ്കിലും, ആൽബിനോ ഗോമസ് ഉരുക്കുമതിൽ പോലെ വലയ്ക്ക് മുന്നിൽ ഉറച്ച നിന്നത് കൊൽക്കത്തൻ ക്ലബ്ബിനെ പ്രതിസന്ധിയിലാക്കി.

തൊണ്ണൂറു മിനിട്ടുകൾക്ക് ശേഷം, ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ ഗോമസ് എന്ന വന്മതിൽ തകർത്തത് ലാലെങ്മാവിയ റാൾട്ടെ എന്ന അപ്പുയ. സ്റ്റോപ്പേജ് സമയത്ത് അനിരുദ്ധ് താപ്പ ബോക്സിനു മുന്നിലേക്ക് നൽകിയ പാസ്, വലം കാലുകൊണ്ട് ബോക്സിലേക്ക് തൊടുത്ത ഷോട്ടിന് ഗോൾകീപ്പർക്ക് മറുപടിയുണ്ടായില്ല. സ്കോർ 2-3. മിനിട്ടുകൾക്ക് ശേഷം ഫൈനൽ വിസിൽ കൊൽക്കത്തയിൽ മുഴങ്ങുമ്പോൾ ആദ്യ പകുതിയിലെ തോൽവിയുടെ ക്ഷീണത്തിൽ നിന്നും കരകയറി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് കാലെടുത്തുവെച്ചു.