അരങ്ങേറ്റം!

2014 ഒക്ടോബർ 13 ന്  ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 45 ആം മിനുട്ടിൽ മത്സരത്തിലെ ഏക ഗോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നേടി. തുടർന്ന് ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 1-0 ന് പരാജയപ്പെട്ടു.

ഒക്ടോബർ 21 ന് ചെന്നൈയിനെതിരായ രണ്ടാം മത്സരത്തിൽ ഇയാൻ ഹ്യൂമാണ് ക്ലബിന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ ആ മത്സരത്തിലും 2-1ന് കേരളം പരാജയപ്പെട്ടു. കേരളാബ്ലാസ്റ്റേഴ്‌സ് അവരുടെ ആദ്യ വിജയം നേടുന്നത്  ആദ്യ സീസണിലെ നാലാം മത്സരത്തിൽ പൂനെ സിറ്റിയെ തോൽപ്പിച്ചാണ് . ചിനാഡോറായ് സബീത്, പെൻ ഒർജി എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ 2–1 വിജയത്തിലേക്ക് നയിച്ചത്.

ആദ്യ സീസണിൽ ആദ്യ അഞ്ച് മത്സരങ്ങൾക്കു ശേഷമനു ആദ്യ ഹോം മാച്ച് ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളിക്കുന്നത്.  2014 നവംബർ 6 ന് ഗോവയ്‌ക്കെതിരായ ആദ്യ ഹോം മത്സരത്തിൽ 49,517 ആരാധകർ സന്നിഹിതരായിരുന്നു. മിലാഗ്രസ് ഗോൺസാൽവസിന്റെ ഒരു ഗോളിന്റെ പിൻബലത്തിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരക്കണക്കിനാരാധകരെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം മാച്ച് 1-0 ന് വിജയിച്ചു. 2014 ഡിസംബർ 9 ന് പുനെ സിറ്റിക്കെതിരെ നേടിയ 1-0 ന്റെ വിജയം കേരള ബ്ലാസ്റ്റേഴ്സിന് സെമിഫൈനലിലേക്ക് സ്ഥാനം നേടിക്കൊടുത്തു.

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ സെമിഫൈനൽ മത്സരം 2014 ഡിസംബർ 13 ന് ചെന്നൈയിനെതിരെ കളിച്ചു.  ഇഷ്ഫാക്ക് അഹമ്മദ്, ഇയാൻ ഹ്യൂം, സുശാന്ത് മാത്യു എന്നിവരുടെ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് 3-0ന് ആദ്യ പാദത്തിൽ ലീഡ് നേടി.

ചെന്നൈയിൽ നടന്ന രണ്ടാം പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ചെന്നൈന് സമനില നേടാനായി. എന്നാൽ അധികസമയത്ത്, 117-ാം മിനിറ്റിൽ സ്റ്റീഫൻ പിയേഴ്സൻ നേടിയ നിർണായക ഗോൾ കേരള ബ്ലാസ്റ്റേഴ്സിനെ 4–3 ന്റെ ലീഡീൽ ഫൈനലിൽ എത്തിച്ചു. [21]

ആദ്യ സീസണിൽ തന്നെ ഫൈനലിൽ പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സ്  മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അറ്റ്ലാറ്റിക്കോ ഡി കൊൽക്കത്തയെ നേരിട്ടു. 95-ാം മിനിറ്റിൽ മുഹമ്മദ് റാഫിക് നേടിയ ഗോളിന്റെ പിൻബലത്തിൽ അറ്റ്ലാറ്റിക്കോ ഡി കൊൽക്കത്ത 1-0 ന് വിജയിച്ചു.

രണ്ടാം സീസൺ

രണ്ടാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്നു. ആദ്യ സീസണിന് സമാനമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ തന്നെയാണ് രണ്ടാം സീസണിലും ഉദഘാടന മത്സരത്തിൽ നേരിട്ടത്. മത്സരത്തിൽ  ജോസു, മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട് എന്നിവരുടെ ഗോളുകളുടെ പിൻബലത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3–1ന് വിജയിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരായ അടുത്ത മത്സരത്തിലുൾപ്പെടെ അടുത്ത നാലു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.

തുടർച്ചയായ തോൽവികൾ ഒടുവിൽ പീറ്റർ ടെയ്‌ലറെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കാൻ കാരണമായി. ആറാം മത്സരത്തിന്റെ ചുമതല അസിസ്റ്റന്റ് കോച്ച് ട്രെവർ മോർഗനായിരുന്നു. ശേഷം ടെറി ഫെലൻ രണ്ടാം സീസണിലെ പ്രധാന പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. നിർഭാഗ്യകരമായ രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

മൂന്നാം സീസൺ !

രണ്ടാം സീസണിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ക്ലബ് പുനർനിർമിക്കാനുള്ള ശ്രമത്തിൽ, മുൻ ക്രിസ്റ്റൽ പാലസ് മാനേജർ സ്റ്റീവ് കോപ്പലിനെ 2016 ജൂൺ 21 ന്  ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്ക് ശേഷം, നോർത്തേൺ അയർലൻഡ് ഇന്റർനാഷണൽ താരം ആരോൺ ഹ്യൂസ്, എബ്രഹാം സ്റ്റാക്ക്, കെർ‌വെൻസ് ബെൽ‌ഫോർട്ട്, ഡക്കൻസ് നാസോൺ, മുഹമ്മദ് റാഫി എന്നിവർ ടീമിനായി കരാറിൽ ഒപ്പിട്ടു. മുൻ കളിക്കാരായ മൈക്കൽ ചോപ്ര, സെഡ്രിക് ഹെങ്‌ബാർട്ട് എന്നിവരുടെ തിരിച്ചുവരവും ടീമിന് കരുത്ത് പകർന്നു.

ആദ്യ മത്സരം ആദ്യ രണ്ടു സീസണുകൾക്ക് സമാനമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെരെ നടന്നു. മത്സരത്തിൽ  ബ്ലാസ്റ്റേഴ്‌സ് 1-0 ന് പരാജയപ്പെട്ടു. സീസണിന്റെ രണ്ടാം പകുതിയിൽ, ബെംഗളൂരു എഫ്‌സിൽ നിന്ന് വായ്പയിൽ സികെ വിനീത് ബ്ലാസ്റ്റേഴ്സിലേക്കെത്തി. തുടർന്ന് സെമി ഫൈനലിലേക്ക് പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പാദം മത്സരം ഡിസംബർ 11 ന് കൊച്ചിയിൽ നടന്നു. കെർ‌വെൻ‌സ് ബെൽ‌ഫോർട്ട് 65-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ്  1-0ന് വിജയിച്ചു. ദില്ലിയിൽ നടന്ന രണ്ടാം ഘട്ടത്തിൽ ഡൽഹി ഡൈനാമോസ് അധികസമയത്ത് നേടിയ ഗോളിന്റെ പിൻബലത്തിൽ 2–1ന് വിജയിച്ചു. സമനിലയിൽ അവസാനിച്ചതിനാൽ, നടന്ന പെനാലിറ്റി ഷൂട്ടിൽ മൂന്ന് ഗോളുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ ഇടം നേടി.

ഫൈനലിൽ ഒന്നാം സീസണിന്റെ തനിയാവർത്തനം പോലെ അറ്റ്ലാറ്റിക്കോ ഡി കൊൽക്കത്തയെ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടു.സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിന്റെ തുടക്കത്തിൽ മുൻ‌തൂക്കം നേടിയെങ്കിലും, 4–3ന് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങി.

നാലാം സീസൺ

മൂന്നാം സീസൺ ഫൈനലിൽ തോൽവി വഴങ്ങിയതിനു ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റെനെ മ്യുലെൻസ്റ്റീനെ ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ മാനേജരായി നിയമിച്ചു. ബ്ലാസ്റ്റേഴ്സ് അവരുടെ എല്ലാ വിദേശ കളിക്കാരെയും വിട്ടയക്കുകയും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരായ ദിമിറ്റർ ബെർബറ്റോവ്, വെസ് ബ്രൗൺ, പോൾ റച്ചുബ്ക എന്നിവരുൾപ്പെടെ പുതിയ കളിക്കാരെ ഒപ്പിടുകയും ചെയ്തു. ആദ്യ സീസണിൽ ടീമിന്റെ ഭാഗമായിരുന്ന ഇയാൻ ഹ്യൂമിനെ ടീം തിരികെ കൊണ്ടുവന്നു. എന്നാൽ നാലാം സീസണിൽ ആദ്യ 8 കളികളിൽ ടീമിന് ഒരു ജയം മാത്രമേ നേടാനായുള്ളു. ഇത് മുഖ്യ പരിശീലകൻ റെനെ മ്യുലൻസ്റ്റീനെ പുറത്താക്കാൻ കാരണമായി.

ആരാധകരുടെ പ്രിയപ്പെട്ട താരം  ഡേവിഡ് ജെയിംസിനെ അവരുടെ പുതിയ മാനേജരായി അവർ തിരികെ കൊണ്ടുവന്നു. ശേഷിക്കുന്ന 10 മത്സരങ്ങളിൽ 5 വിജയങ്ങൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ്  2017-18 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആറാം സ്ഥാനത്തെത്തുകയും ചെയ്തു.

അഞ്ചാം സീസൺ

2018–19  സീസണിൽ ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്സ് 3 വർഷത്തെ കരാർ ഒപ്പിട്ടു. എന്നാൽ 12 മത്സരങ്ങളിൽനിന്ന് 1 വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഇത് ഡേവിഡ് ജെയിംസുമായുള്ള കരാർ പിൻവലിക്കാൻ കാരണമായി.

സീസണിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ബാക്കിയുള്ള 6 മത്സരങ്ങൾക്കായി നെലോ വിംഗഡയെ ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ മാനേജരായി നിയമിച്ചു. എന്നാൽ ടീമിന് വീണ്ടും ഒരു ജയം മാത്രമേ നേടാനായുള്ളൂ. ശേഷിക്കുന്ന 6 മത്സരങ്ങളിൽ 3 സമനില നേടുകയും ലീഗിൽ ഒമ്പതാം സ്ഥാനത്തെത്തുകയും ചെയ്തു.

വർത്തമാനകാലം

നിലവിലെ ആറാം സീസണിൽ ഡച്ച്കാരനായ എൽകോ ഷട്ടോരിയെബ്ലാസ്റ്റേഴ്‌സ് മുഘ്യ പരിശീലകനായി നിയമിച്ചു. അവർ മുഴുവൻ മുൻ വിദേശതാരങ്ങളെയും വിട്ടയക്കുകയും കാമറൂണിയൻ താരം റാഫേൽ മെസ്സി ബൗളി, നൈജീരിയൻ താരം ബാർത്തലോമിവ് ഒഗ്‌ബെച്ചെ എന്നിവരുൾപ്പെടെയുള്ള പുതിയ വിദേശ താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു.  സീസണിന്റെ ഉദ്ഘാടന ദിവസം ബ്ലാസ്റ്റേഴ്സ് എടികെ യെ പരാജയപ്പെടുത്തി.

സീസണിലുടനീളം പരുക്കിനെത്തുടർന്ന് ബ്രസീലിയൻ ജെയ്‌റോ റോഡ്രിഗസ്, സന്ദേഷ് ജിംഗൻ എന്നിവരെ ക്ളറ്റ്ഹിലിറക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഡച്ച്മാൻ, ഗിയാനി സുവർ‌ലൂൺ, മരിയോ ആർക്വസ് എന്നിവർക്കും ഈ സീസണിൽ പരിക്കേറ്റതിനെത്തുടർന്ന് ചില നിർണായക മത്സരങ്ങൾ നഷ്ടമായി. നിലവിൽ പതിതിനാറു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി എട്ടാം സ്ഥാനത്താണ്.

ഭാവി!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മാച്ച് ഫെബ്രുവരി പതിനഞ്ചിന് അരങ്ങേറുകയാണ്.  നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യനായ ബെംഗളൂരുവിനോടെതിരിടുമ്പോൾ ഭയക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ടീമാകില്ല  നിസംശയം  പറയാം.  യോഗ്യതാ റൗണ്ടിലേക്കുള്ള സാദ്ധ്യതകൾ അസ്തമിച്ചു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്, ഈ വിജയം തങ്ങളുടെ ഫാൻസിനു കൊടുക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണ്. അസൂയപ്പെടുത്തുന്ന ആരാധക സമൂഹം ബ്ലാസ്റ്റേഴ്സിനുണ്ട്. എല്ലാ പ്രതികൂല ഘട്ടത്തിലും ഭൂരിഭാഗം ആരാധകരും ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നിട്ടുമുണ്ട്. ഒരു മത്സരങ്ങളിലും കൊച്ചിയിലായാലും മറ്റേതു സ്റ്റേഡിയത്തിലായാലും അവരുടെ ആർപ്പുവിളികൾ ഒരു പരിധി വരെ മറ്റെല്ലാ ടീമുകളെയും അസൂയയിലാഴ്ത്താറുണ്ട്. പകരം വയ്ക്കാനില്ലാത്ത ആത്മാർത്ഥയും സഹകരണവും മഞ്ഞപ്പട നൽകാറുണ്ട്.  അത് ഇന്ത്യൻ ടീം ക്യാപ്റ്റനും ബെംഗളൂരു ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രിപോലും സമ്മതിച്ചിട്ടുണ്ട്.

എന്നാൽ നിലവിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ വിജയിച്ചാലും റാങ്ക് പട്ടികയിൽ കാര്യമായ വിത്യാസങ്ങളുണ്ടാക്കാൻ ടീമിനാകില്ല. പക്ഷെ ശനിയാഴ്ച നടക്കുന്ന മത്സരം ബ്ലാസ്റ്റേഴ്‌സ് ടീമിന് അഭിമാനപ്പോരാട്ടമാണ്. ഈ ഘട്ടത്തിൽ എന്താകും ബ്ലാസ്റ്റേഴ്‌സ് ടീം മഞ്ഞപ്പടക്കായി ബാക്കി വയ്ക്കുകയെന്നറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കാം !