കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒൻപതാം സീസൺ, ഒരു വിലയിരുത്തൽ!
മിന്നുന്ന നിമിഷങ്ങളുടെയും ചിലപ്പോഴൊക്കെ തൃപ്തികരമല്ലാത്ത പ്രകടനങ്ങളുടെയും പ്രതിഫലനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2022-23 സീസൺ. എന്നാൽ സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി രണ്ടാം തവണ പ്ലേഓഫിൽ ഇടം നേടി. ഇതിനൊപ്പം ടീം സ്വന്തമാക്കിയത് മറ്റനേകം നേട്ടങ്ങളാണ്, പരാജയമറിയാതെ ഏറ്റവുമധികം മത്സരങ്ങളിൽ മുന്നേറാനായത് അവയിൽ ഒന്ന് മാത്രം. മുൻപുണ്ടായിരുന്ന പല സീസണുകളിൽനിന്നും വിപരീതമായി ആരാധകർക്ക് പ്രതീക്ഷകളേറെ സമ്മാനിച്ച സീസണായിരുന്നു കടന്നു പോയത്.
2022-23 സീസണിലെ കണക്കുകൾ
ആകെ കളിച്ച മത്സരങ്ങൾ : 21; ജയിച്ച മത്സരങ്ങൾ: 10; സമനില നേടിയ മത്സരങ്ങൾ: 1; തോൽവി വഴങ്ങിയ മത്സരങ്ങൾ: 10; നേടിയ ഗോളുകൾ: 28; വഴങ്ങിയ ഗോളുകൾ: 29; പോയിന്റുകൾ: 31
തുടക്കം ജയത്തോടെയായിരുന്നു. പതിവുപോലെ ഹീറോ ഐഎസ്എൽ 2022-23 സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ ഭാഗമായ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിലെ സ്വന്തം ആരാധകർക്കു മുന്നിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തി. എന്നാൽ [പിന്നീടുള്ള മത്സരങ്ങളിൽ എടികെ മോഹൻ ബഗാൻ, ഒഡീഷ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകൾക്കെതിരെ തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങി. ഈ തോൽവികളിൽ വീണുപോകാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഏഴ് വിജയങ്ങളും ഒരു സമനിലയും ഉൾപ്പെടുന്ന എട്ട് മത്സരങ്ങളുടെ അപരാജിത യാത്രയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി ആരാധകരെയും മറ്റു ടീമുകളെയും ഒരുപോലെ അമ്പരപ്പിച്ചു.
അവസാന എട്ട് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ മാത്രമേ ടീമിന് നേടാനായുള്ളൂ. ഒടുവിൽ ബെംഗളുരുവിനെതിരെയുള്ള സെമി ഫൈനൽ നോക്ക് ഔട്ട് മത്സരത്തിൽ ബെംഗളുരുവിനെതിരെയുള്ള മത്സരം പൂർത്തിയാക്കാതെ സ്റ്റേഡിയം വിട്ടൊഴിഞ്ഞ് വിവാദപരമായ മടക്കവും കൂടിയായപ്പോൾ അഞ്ചാം സ്ഥാനത്തായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനിപ്പിച്ചു.
പോസിറ്റീവുകൾ
ഈ സീസണിൽ 10 വിജയങ്ങൾ രേഖപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിനായി. ഒരു ഹീറോ ഐഎസ്എൽ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന വിജയ നേട്ടമാണത്. അൽവാരോ വാസ്‌ക്വസിന്റെയും ജോർജ് പെരേര ഡയസിന്റെയും വിദേശ ടീമുകളിലേക്കുള്ള കുടിയേറ്റം ടീമിന്റെ വളർച്ചയെ ബാധിക്കാതിരിക്കാൻ, സ്‌ട്രൈക്കിംഗ് ജോഡികളായ ഡിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരെ സൈൻ ചെയ്‌ത് ഇവാൻ കുറവുകൾ കൃത്യമായി നികത്തി. ഇരുവരും ചേർന്ന് ടീമിനായി 17 ഗോൾ സംഭാവനകളാണ് ആകെ നൽകിയത്, മുൻ സീസണിൽ വാസ്‌ക്വസ് ഡയസ് ജോഡി നേടിയ 19 ഗോൾ സംഭാവനകളിൽ രണ്ടെണ്ണം കുറവ്. ഈ സീസണിൽ 28 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഹീറോ ഐഎസ്എൽ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഗോൾ നേട്ടമാണിത്.
നെഗറ്റീവുകൾ
കേരളാ ബ്ലാസ്റ്റേഴ്‌സ് 28 ഗോളുകൾ നേടിയപ്പോൾ 28 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഗോൾ വിത്യാസം കണക്കിലെടുക്കുമ്പോൾ ആറാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. പ്ലേ ഓഫിൽ ഇടം നേടാനായില്ലെങ്കിലും ഗോവയാണ് ഈ ഗണത്തിൽ ബ്ലാസ്റ്റേഴ്സിന് തൊട്ടു മുൻപിൽ അഞ്ചാം സ്ഥാനത്തുള്ളത്. സെന്റർ ബാക്ക് മാർക്കോ ലെസ്‌കോവിച്ചിന് പരിക്കിനെത്തുടർന്ന് സീസണിലെ നല്ലൊരു ഭാഗം നഷ്ടപ്പെട്ടതിനെത്തുടർന്ന് എതിർടീമിന്റെ വെല്ലുവിളികളെ തടയാൻ കഴിയുന്ന സ്ഥിരതയുള്ള ശക്തമായ പ്രതിരോധനിരയെ വിന്യസിക്കാൻ വുകൊമാനോവിച്ച് ബുദ്ധിമുട്ടിയെന്നത് വ്യക്തമാണ്.
എവേ മാച്ചുകൾ കളിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന് മികച്ച ഫോം കണ്ടെത്താനായില്ല. ഈ സീസണിൽ ടീമിന്റെ ഒമ്പത് തോൽവികളിൽ ആറെണ്ണവും എവേ മാച്ചുകളിൽ നിന്നാണ്. കൂടാതെ, ആദ്യം സ്കോർ ചെയ്തതിന് ശേഷം ലീഡ് നിലനിർത്തുന്നതിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയും ചെയ്തു. എടികെ മോഹൻ ബഗാൻ (ഹോം ആൻഡ് എവേ), ഒഡീഷ എഫ്‌സി (എവേ), ചെന്നൈയിൻ എഫ്‌സി (എവേ) എന്നിവയ്‌ക്കെതിരായ മത്സരങ്ങളിൽ ഇത്തരത്തിലാണ് പോയിന്റുകൾ നഷ്ടപ്പെട്ടത്.
മികച്ച കളിക്കാരൻ: അഡ്രിയാൻ ലൂണ
ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ ലൂണയുടെ മറ്റൊരു അസാധാരണ സീസണായിരുന്നു കഴിഞ്ഞു പോയത്. ഈ 30-കാരൻ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള തന്റെ രണ്ടാം സീസണിൽ നാല് ഗോളുകളും ആറ് അസിസ്റ്റുകളും ഉൾപ്പെടുന്ന 10 ഗോൾ സംഭാവനകൾ രേഖപ്പെടുത്തി. ഈ സീസണോടുകൂടി ഹീറോ ഐഎസ്‌എൽ ചരിത്രത്തിൽ കൊമ്പന്മാരുടെ എക്കാലത്തെയും മുൻനിര അസിസ്റ്റ് പ്രൊവൈഡറും (13 അസിസ്റ്റ്) ചാൻസ് ക്രിയേറ്ററും (105 അവസരങ്ങൾ സൃഷ്ടിച്ചു) ആയി ലൂണ മാറി.
മികച്ച യുവതാരം: ബ്രൈസ് മിറാൻഡ
23 കാരനായ ബ്രൈസ് മിറാൻഡ ബ്ലാസ്റ്റേഴ്സിനായി 12 മത്സരങ്ങളിലായി 349 മിനിറ്റ് കളിച്ചു, ഈ സമയത്തിനുള്ളിൽ രണ്ട് അസിസ്റ്റുകളും അദ്ദേഹം നൽകി നൽകി. ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള അരങ്ങേറ്റ സീസണിൽ അദ്ദേഹത്തിന്റെ പ്രതിരോധ ശേഷിയും ക്രോസുകൾ നൽകാനും വിങ്ങുകളിലൂടെ ആക്രമിക്കാനുമുള്ള വൈദഗ്ധ്യവും അദ്ദേഹത്തെ ടീമിന്റെ മുതൽക്കൂട്ടായി രേഖപ്പെടുത്തി.
വരും സീസണിലേക്കായുള്ള പ്രതീക്ഷകൾ?
ഈ സീസോണിൽ പ്രതിരോധത്തിൽ ടീം അഭിമുഖീകരിച്ച എല്ലാ പ്രശ്‌നങ്ങളെയും മറികടക്കാനാകും വരും സീസണിൽ ടീമിന്റെ ശ്രമം. 28 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് പക്ഷെ 2018-19 സീസണിനു സമാനമായി ഒരു ഹീറോ ഐഎസ്‌എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങുന്ന മൂന്നാമത്തെ മൂന്നാമത്തെ ടീമായി. ബ്ലാസ്റ്റേഴ്‌സിന്റെ ബാക്ക്‌ലൈനിൽ എല്ലാ മത്സരങ്ങളിലും ഇടംനേടിയ ഒരൊറ്റ ഡിഫൻഡറും ഉണ്ടായിരുന്നില്ല. അതിനാൽ സീസണിലുടനീളം ടീമിന്റെ ചുമതല ഏറ്റെടുക്കാനും ആധിപത്യം പുലർത്താനും കഴിയുന്ന കരുത്തനായ ഒരു താരത്തിന്റെ വിടവ് നികത്താൻ വരും സീസണിൽ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചേക്കാം.