'ക്ഷമവേണം, എല്ലാത്തിനും അതിന്റെതായ സമയമുണ്ട്', ആരാധകരോട് ഐമനും അസ്ഹറും
ആദ്യമായി സ്റ്റേഡിയത്തിൽ കളി കണ്ട ശേഷമാണ് ക്ലബ്ബിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടായത്. മുഴുവൻ മഞ്ഞ, വല്ലാത്തൊരു അനുഭവമായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ അപൂർവ സഹോദരന്മാരാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മഞ്ഞക്കുപ്പായം അണിയുന്ന ലക്ഷദ്വീപ്കാരായ മുഹമ്മദ് അസ്ഹറും മുഹമ്മദ് ഐമെനും. യുവതാരങ്ങൾക്ക് എന്നും പിന്തുണയും പോഷണവും നൽകുന്ന ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിൽ നിന്നുമായിരുന്നു കഴിഞ്ഞ സീസണിൽ ഇവരുടെ വരവ്. ഐഎസ്എല്ലിൽ ആദ്യ പതിനൊന്നിൽ ഇടം പിടിക്കുന്ന ഇരട്ടകൾ എന്ന റെക്കോർഡ് ഇവരുടെ പേരിലാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ-15 ടീം മുതൽ മുകളിലേക്ക് സ്ഥാനംകയറ്റം നേടി, റിസർവ് നിരയിലൂടെ ഇന്ന് ഇന്ത്യയുടെ ഫസ്റ്റ് ഡിവിഡൻ ലീഗിലെ താരങ്ങളാണ് ഈ ഇരട്ട സഹോദരന്മാർ. ലക്ഷദ്വീപിൽ നിന്നും യെല്ലോ ആർമിയുടെ മാച്ച് ഡേ സ്‌ക്വാഡിലേക്കുള്ള യാത്ര അവർ കേരള ബ്ലാസ്റ്റേഴ്സിന്റെ ദ യെല്ലോ വേവ് പോഡ്‌കാസ്റ്റിന്റെ എപ്പിസോഡിൽ പങ്കുവെച്ചു.
Yellow Army, this one's for you! 💛
— Kerala Blasters FC (@KeralaBlasters) December 6, 2024
Tune in to Episode 3 of ‘The Yellow Wave’ Podcast as Azhar & Aimen share their journey of grit, dreams, and determination. 🎙️
Streaming Now On | 📺 YouTube | 🎧 Spotify
Click Here to Watch : https://t.co/L3REmvk7Jd #KeralaBlasters… pic.twitter.com/tA6ncbWwyF
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളിൽ ഘട്ടം ഘട്ടമായി കളിച്ചു വളർന്ന ഐമനും അസ്ഹറും മാച്ച് മാസ്കോട് ആയും ബോൾ ബോയ് ആയും വേഷങ്ങൾ അണിഞ്ഞാണ് മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു എന്നും അതൊരു സ്വപ്നമായിരുന്നു എന്നും അവർ അറിയിച്ചു.
"ആദ്യമായി സ്റ്റേഡിയത്തിൽ കളി കണ്ട ശേഷമാണ് ക്ലബ്ബിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടായത്. മുഴുവൻ മഞ്ഞ, വല്ലാത്തൊരു അനുഭവമായിരുന്നു അത്." - അസ്ഹർ പറഞ്ഞു. "കൊച്ചിയിൽ ആദ്യത്തെ മത്സരം കണ്ട് രണ്ടു വർഷത്തിന് ശേഷം, കളിക്കളത്തിൽ താരങ്ങളുടെ കൈപിടിച്ച് പോകുമായിരുന്നു (മാച്ച് മാസ്കോട്ട്). പിന്നീട് ഒരു മത്സരത്തിൽ ബോൾ ബോയ് ആയി. അവിടെ നിന്നാണ് ക്ലബ്ബിൽ കളിക്കണമെന്ന ആഗ്രഹം വന്നത്." - ഐമെൻ വ്യക്തമായി.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനായിരുന്നു സ്പാനിഷ് താരമായ ഹോസെ പ്രിയെറ്റോ എന്ന 'ജോസു'. 2016 ൽ ടീമിനെ ഐഎസ്എൽ ഫൈനലിലെത്തിക്കാൻ അദ്ദേഹം വഹിച്ച പങ്ക് പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹത്തോടുള്ള ആരാധനയും തങ്ങളെ ടീമിനോട് കൂടുതൽ ചേർക്കാൻ കാരണമായെന്ന് അവർ വ്യക്തമാക്കി. ഒപ്പം, ടെറി ഫെലാൻ എന്ന മുൻ പരിശീലകൻ നൽകിയ ആത്മവിശ്വാസവും സഹോദന്മാർ ഓർത്തെടുത്തു.
"ഹോസുവിനെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സീനിയർ ടീമിലെ രണ്ട് താരങ്ങൾ ഇടക്ക് അക്കാദമിയിൽ വരും. അതേപോലെ, അന്നത്തെ സീനിയർ ടീമിന്റെ പരിശീലകൻ ടെറി ഫെലൻ ഇടക്ക് അക്കാദമിയിൽ വരുമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലും അയർലണ്ട് ടീമിലും കളിച്ച ആളായിരുന്നു. ഞങ്ങളെ പുറത്തേക്ക് (വിദേശത്തേക്ക്) കൊണ്ട് പോകാം എന്ന് അദ്ദേഹം പറയുമായിരുന്നു. ഒരു ആവേശത്തിന് പറയുന്നതാണെകിലും, അന്ന് ഞങ്ങൾക്കത് ആത്മവിശ്വാസം നൽകി." - അവർ പറഞ്ഞു
കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമിൽ കരാർ അവസാനിച്ച ശേഷം, പുതുക്കിയ കരാറിനായി കാത്തിരിക്കുമ്പോഴാണ് റിസർവ് നിരയിലേക്ക് ഇരുവർക്കും വിളിയെത്തുന്നത്. തങ്ങളുടെ ഫുട്ബോൾ ജീവിതത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം പരിശീലകൻ തോമസ് തോർസിന്റെയും മുൻ സീനിയർ ടീം പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെയും സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു എന്ന് അവർ വ്യക്തമാക്കി.
"ഇത്ര വേഗം എത്തുമെന്ന് കരുതിയില്ല. കോവിഡ് സമയത്ത് ഞങ്ങളെ അണ്ടർ - 15 ൽ നിന്ന് അണ്ടർ - 18 ലേക്ക് സ്ഥാനക്കയറ്റം നൽകി. ഞങ്ങൾക്കന്ന് ട്രെയിനിങ് കിട്ടിയില്ല. വരും, കുറച്ചു കളിക്കും. ബെഞ്ചിൽ ഇരിക്കും. ഞങ്ങളെ ബാംഗ്ലൂരിൽ ഒരു ക്ലബ്ബിലേക്ക് ലോണിൽ അയക്കാൻ തീരുമാനിച്ചിരിക്കെയാണ് കോവിഡിന്റെ വരവ്. ഞങ്ങൾ കരാറിന്റെ അവസാന ഘട്ടത്തിലായിരുന്നു. ടീമിലുണ്ടെങ്കിലും കോൺട്രാക്ട് കിട്ടിയിട്ടില്ല."
"അടുത്ത വർഷമാണ് തോമസ് (തോർസ്) കോച്ചിന്റെ വരവ്. അദ്ദേഹമാണ് ഞങ്ങളെ റിസർവിലേക്ക് എടുത്തത്. അന്ന് ഓഫ് സീസണിൽ റിസർവ് ടീമിലേക്ക് സെലെക്ഷൻ നടക്കുകയായിരുന്നു. ഞങ്ങൾക്കന്ന് കരാറായിട്ടില്ല. അന്ന് സൗഹൃദ മത്സരത്തിന് ഒരു ടീം വേണമെന്ന് പറഞ്ഞതിനെ തുടർന്ന്, ഞങ്ങളും നിഹാലും (സുധീഷ്) കുറച്ചു സുഹൃത്തുക്കളും അടങ്ങുന്ന ഒരു ടീമിനെ തട്ടിക്കൂട്ടി. ഞങ്ങൾ സൗഹൃദ മത്സരം കളിക്കാൻ പോയി. മറ്റുള്ള താരങ്ങളുടെ സെലക്ഷന് വേണ്ടി പോയതാണ്. പക്ഷെ, കോച്ചിന് ഞങ്ങളെ ഇഷ്ടപ്പെട്ടു. അദ്ദേഹം പിറ്റേന്ന് ഒരു സെലക്ഷന് കൂടി വരൻ പറഞ്ഞു. പിറ്റേന്ന് അദ്ദേഹം ഞങ്ങളെ ടീമിലെടുത്തു. രണ്ട് വർഷം റിസർവിൽ കളിച്ചു. രണ്ടാമത്തെ വർഷം, ഇവാൻ കോച്ച് ഞങ്ങളെ സീനിയർ ടീമിലേക്ക് വിളിച്ചു."
സീനിയർ ടീമിൽ എത്തിയത് തങ്ങൾക്കൊപ്പം കുടുംബത്തിനും സന്തോഷമുണ്ടാക്കിയെന്ന് അവർ പറഞ്ഞു. റിസർവിൽ നിന്നും സ്ഥാനക്കയറ്റം നേടിയതിനാലും ഇവിടെ പ്രൂവ് ചെയ്യേണ്ടിയിരുന്നതിനാലും ആദ്യത്തെ ട്രെയിനിന് സെഷനുകൾ സമ്മർദ്ദമുണ്ടാക്കിയെന്ന് താരങ്ങൾ കൂട്ടിച്ചേർത്തു.
"ഡ്യൂറൻഡ് കപ്പ് കഴിഞ്ഞ ശേഷം, സഹലിക്ക അടക്കമുള്ളവർ ഇന്ത്യൻ ക്യാമ്പിലേക്ക് പോയി. അപ്പോഴാണ് ഇവാൻ കോച്ചിന്റെ വിളിയെത്തുന്നത്. ആ സമയത്ത് നല്ല ടെൻഷൻ ആയിരുന്നു. ലൂണ (അഡ്രിയാൻ), ഡിമി (ഡയമന്റക്കൊസ്), ലെസ്‌കോവിച്ച് അടക്കമുള്ളവരെ ടിവിയിൽ മാത്രമല്ലെ കണ്ടിട്ടുള്ളു. അവരോടൊപ്പം ട്രെയിൻ ചെയ്യണമെന്നത് സന്തോഷത്തോടൊപ്പം നല്ല സമ്മർദ്ദം ഉണ്ടാക്കി. റിസർവിൽ നിന്നും വന്നതിനാൽ, പ്രൂവ് ചെയ്യണം. അതും ടെൻഷന് കാരണമായി. ഉമ്മക്കും ബാപ്പക്കും വലിയ സന്തോഷമുണ്ടായി ടീമിൽ കളിക്കുന്നത്."
ഇരട്ട സഹോദരന്മാരാണെങ്കിലും ഇരുവർക്കും കളിക്കളത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. കളിക്കുന്ന സ്ഥാനങ്ങളിലെ മാറ്റത്തിനൊപ്പം അഗ്രസീവ്നസിലും ആ വ്യത്യാസമുണ്ടെന്ന് അവർ അറിയിച്ചു.
"ഞാൻ അഗ്രസീവാണ്. കുറച്ചു വാശിയോട് കളിക്കും. ഇടക്ക് തോന്നുമ്പോൾ ഇവനോട് പറയും കുറച്ചു വാശിയോട് കളിക്കാൻ. സാവി കളിക്കുന്ന പോലെ കളിക്കണമെന്നാണ് എനിക്ക്." അസ്ഹർ പറഞ്ഞു. "ഞാൻ അഗ്രസീവല്ല. പണ്ട് മുതലേ കടുത്ത നെയ്മർ ആരാധകൻ ആയിരുന്നു. അദ്ദേഹത്തിന്റെ കളി അതെ പോലെ കളിക്കാനായിരുന്നു ഇഷ്ടം. റിസർവിൽ കളിക്കുമ്പോൾ ഗോളടിക്കുന്നതിനപ്പുറം, ഡ്രിബിൾ ചെയ്യാനും സ്കില്ലുകൾ ചെയ്യാനുമാണ് താല്പര്യം. സീസണിന്റെ അവസാനം സ്കില്ലുകൾക്കൊപ്പം ഗോളുകൾ പ്രധാനപ്പെട്ടവയാണ് എന്ന് പറഞ്ഞു തന്നത് തോമസ് കോച്ചാണ്. ഇവാൻ കോച്ച് എന്നോട് ഇടക്ക് പറയാറുണ്ട്, അഗ്രസീവ് ആകണമെന്ന്. എങ്കിലും ഞാൻ പൊതുവെ അഗ്രസീവ് അല്ല." - ഐമൻ പറഞ്ഞു.
ഫുട്ബോൾ കരിയറിന് ശേഷം, പരിശീലക വേഷത്തോടൊപ്പം ഫോർമേഷനുകൾ ഇല്ലാത്ത ഒരു ഫുട്ബോൾ ടാക്ടിസിനെ കുറിച്ച് പുസ്തകമെഴുതണമെന്ന ആഗ്രഹം ഐമൻ പ്രകടിപ്പിച്ചു. എന്നാൽ, ഒരു പരിശീലകനായി തീരുന്നതിനൊപ്പം ലക്ഷദ്വീപിൽ കഴിവുറ്റ കളിക്കാർക്കായി ഒരു ഫുട്ബോൾ ക്ലബ് സ്വന്തമായി വാങ്ങണമെന്ന ആഗ്രഹമാണ് അസ്‌ഹറിന്റേത്.
"വലിയ സ്ഥലങ്ങളിൽ പോയി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അതെല്ലാം കഴിഞ്ഞ ശേഷം, ഫുട്ബോളിനെ കുറിച്ച് ഒരു പുസ്തകം എഴുതണം എന്നാണ് ആഗ്രഹം. പുതിയ ടാക്ടിക്‌സുകളെ കുറിച്ച്. ഇപ്പോൾ നാല് ഡിഫെൻഡേർസ് ഉൾപ്പെടുന്ന ഫോർമേഷനുകൾ ആണല്ലോ. അത്തരം ഫോർമേഷനുകളൊന്നും ഇല്ലാത്തൊരു ഗെയിം. ഒപ്പം ഒരു പരിശീലകനും ആകണം." - ഐമൻ പറഞ്ഞു.
"എനിക്ക് ഒരു പരിശീലകൻ ആകണമെന്നാണ് ആഗ്രഹം. ഒപ്പം, ഒരു ക്ലബ് വാങ്ങണം. ഞങ്ങളുടെ നാട്ടിൽ (ലക്ഷദ്വീപ്) കുറെ കളിക്കാർ ഉണ്ട്. നല്ല കഴിവ് ഉണ്ടെങ്കിലും, ഇവിടെ എത്താൻ സാധിക്കുന്നില്ല. ആന്ത്രോത്തിലടക്കം ധാരാളം കളിക്കാറുണ്ട്. പക്ഷെ, എന്റെ വാപ്പ എടുത്ത റിസ്ക് ആർക്കും എടുക്കാൻ സാധിക്കില്ല. ഇടക്ക് ഞങ്ങളെയും വാപ്പയെയും ആളുകൾ വിളിക്കും. അവരുടെ മക്കൾക്ക് എങ്ങനെ ബ്ലാസ്റ്റേഴ്സിൽ കയറാം എന്ന അന്വേഷിച്ചിട്ട്. പക്ഷെ, ഞങ്ങളെടുത്ത കഷ്ടപ്പാടുകൾ അവർ അറിയുന്നില്ല. വാപ്പയും ഉപ്പയും ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്."
കഴിയുന്നിടത്തോളം കാലം കേരളത്തിനായി കളിക്കണമെന്ന് ആഗ്രഹം ഇരുവരും പ്രകടിപ്പിച്ചു. ഒന്നുമില്ലാത്ത സമയത്ത് പിന്തുണ നൽകിയത് ക്ലബ് ആണെന്ന് ഓർക്കാൻ പിതാവ് പറയുമായിരുന്നു എന്ന് അവർ ഓർമിച്ചു.
"ഞങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ഒരിക്കലും വാപ്പാക്ക് ഇഷ്ടപ്പെടില്ല. ഒന്നുമില്ലാത്ത ഒരു സമയത്ത് ഞങ്ങൾ സഹായിച്ചത് ബ്ലാസ്റ്റേഴ്‌സാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. "
2016 -ലെ ഐഎസ്എൽ ഫൈനലിൽ ട്രോഫി മൈതാനത്തെത്തിച്ചത് ഇരുവരും ചേർന്നാണ്. ആ ഫൈനലിൽ പക്ഷെ കേരളം തോറ്റിരുന്നു. ആ ട്രോഫി ഞങ്ങൾ നേടിയെടുക്കുമെന്ന് അവർ വ്യക്തമാക്കി.
"ഒരു ബ്ലാസ്റ്റർ എന്നാൽ, അഭിമാനമാണ്. 2016-ൽ ഫൈനലിൽ, ട്രോഫി മൈതാനത്ത് എത്തിച്ചത് ഞങ്ങളാണ്. എന്നാൽ, മത്സരം തോറ്റു. ഞങ്ങൾ ട്രോഫി വെച്ചത് കൊണ്ടാണ് ടീം തോറ്റതെന്ന് കളിയാക്കലുകൾ പിറ്റേന്ന് ക്ലാസിൽ ഉണ്ടായി. അത് ഞങ്ങളെ വേദനിപ്പിച്ചു. ഞങ്ങൽ വാപ്പയോട് പറഞ്ഞപ്പോൾ, നിങ്ങൾ കപ്പടിച്ചിട്ട് അവർക്ക് കാണിച്ചുകൊടുക്കണം എന്ന് വ്യക്തമാക്കി. ആ ഒരു വാശി ഞങ്ങൾക്കുണ്ട്. ഈ സീസണിൽ തന്നെ എടുക്കണം."
എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്ന പ്രശസ്തമായ വാക്കുകൾ കടമെടുത്താണ് ഇരുവരും ആരാധകർക്കായുള്ള സന്ദേശം നൽകിയത്. ക്ഷമ വേണമെന്നും കളിക്കാർ അവരുടെ പരമാവധി നൽകുന്നുണ്ടെന്നും അവർ അറിയിച്ചു.
"ക്ഷമ. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. മെസ്സിയുടെ കാര്യം തന്നെ എടുത്താൽ, 19-ാം വയസിൽ എംബപ്പേ കപ്പടിച്ചു. 35-ാം വയസിലാണ് മെസ്സി കപ്പ് ഉയർത്തുന്നത്. ആരാധകരുടെ വികാരം ഞങ്ങൾക്ക് മനസിലാകും. ഞങ്ങൾ പരമാവധി നൽകുന്നുണ്ട്. ട്രെയിനിങ് ചെയ്യുന്നുണ്ട്. കപ്പ്, കപ്പ് തന്നെയാണ്." - ഐമനും അസ്ഹറും പറഞ്ഞവസാനിപ്പിച്ചു.