ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മുതിർന്ന ഉദ്യോഗസ്ഥർ 2024 ജൂൺ 16-ന് നടത്തിയ മീറ്റിങ്ങിൽ സീനിയർ ഫുട്ബോൾ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ കാമ്പെയ്‌നിലെ നിരാശാജനകമായ ഫലം ചൂണ്ടിക്കാട്ടി, ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ പരിശീലകനെ നിയമിക്കുന്നത് ഉചിതമായിരിക്കുമെന്ന് അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.

എഐഎഫ്എഫ് വൈസ് പ്രസിഡന്റ് ശ്രീ. എൻ.എ. ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. മെൻല ഏത്തൻപ (അംഗം, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ചെയർപേഴ്‌സൺ, ഫിനാൻസ് കമ്മിറ്റി), അനിൽകുമാർ പ്രഭാകരൻ (അംഗം, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ചെയർപേഴ്‌സൺ, മത്സര സമിതി),  ഐ എം വിജയൻ, (എഐഎഫ്എഫ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ), ക്ലൈമാക്സ് ലോറൻസ് (എഐഎഫ്എഫ് ടെക്‌നിക്കൽ കമ്മിറ്റി അംഗം), എം സത്യനാരായണൻ (ആക്ടിംഗ് സെക്രട്ടറി ജനറൽ) എന്നിവർ പങ്കെടുത്തു.

നിലവിലെ ഹെഡ് കോച്ച് മിസ്റ്റർ ഇഗോർ സ്റ്റിമാക്കിന്റെ കരാർഅവസാനിപ്പിക്കാനുള്ള തീരുമാനം അറിയിക്കാൻ ആക്ടിംഗ് സെക്രട്ടറി ജനറൽ മിസ്റ്റർ സത്യനാരായണനെ യോഗം ചുമതലപ്പെടുത്തി.

ഇതിന് അനുസൃതമായി, എഐഎഫ്എഫ് സെക്രട്ടേറിയറ്റ് ശ്രീ. സ്റ്റിമാകിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. ദേശീയ ടീമിന് സ്റ്റിമാക്ക് നൽകിയ സേവനത്തിന് AIFF നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.