ഏഷ്യൻ കപ്പ് യോഗ്യത: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനിലക്കുരുക്ക്
ഇന്നത്തെ മത്സരത്തിൽ ജയം കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഗ്രൂപ്പിൽ ഒന്നാമെത്താൻ സാധിക്കുമായിരുന്നു.

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സമനിലയിൽ കുരുങ്ങി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വലകുലുക്കാനായില്ല.
ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെ പരിചിത മുഖമായ, ഇംഗ്ലണ്ടിന്റെ മുൻ ജൂനിയർ ടീമംഗമായിരുന്ന ഹംസ ചൗധരിയുടെ ബംഗ്ലാദേശ് ടീമിലെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച മത്സരം, ആദ്യാവസാനം ആവേശഭരിതമായിരുന്നു. ഇന്ത്യൻ നിരയിൽ ബ്രൈസൺ ഫെർണാണ്ടസും അരങ്ങേറ്റം കുറിച്ചു.
യോഗ്യത ടൂർണമെന്റിന്റെ ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ഹോങ്കോങ്ങും സിംഗപ്പൂരും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നത്തെ മത്സരത്തിൽ ജയം കണ്ടെത്താൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഗ്രൂപ്പിൽ ഒന്നാമെത്താൻ സാധിക്കുമായിരുന്നു. 185-ാം സ്ഥാനത്തുള്ള ബംഗ്ലാദേശാണ് ഗ്രൂപ്പിൽ ഫിഫ റാങ്കിങ്ങിൽ ഏറ്റവും താഴെയെന്ന വസ്തുത, മറ്റു ടീമുകൾക്കെതിരായ ഭാവി മത്സരങ്ങളെ കടുപ്പമേറിയതാക്കും, പ്രത്യേകിച്ചും ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് മാത്രമേ യോഗ്യത നേടാൻ സാധിക്കൂ എന്ന നിലയിൽ
ഇന്ത്യ: കൈത്ത് (ജികെ), ഭേകെ, ബോസ്, ജിങ്കൻ, ബോറിസ്, ഉദാന്ത, അപുയ, ലിസ്റ്റൺ, ഫാറൂഖ്, ആയുഷ് ഛേത്രി, സുനിൽ ഛേത്രി
ബംഗ്ലാദേശ്: മർമ (ജികെ), റിദായ്, മൊർസലിൻ, ഹംസ ചൗധരി, ആമിന, ഹൊസൈൻ, ബർമാൻ, മർമ, റൈഹാൻ, മുജിബാർ, ഉദ്ദീൻ
ആദ്യ മിനിറ്റ് മുതൽ ഇന്ത്യയുടെ ഫൈനൽ തേർഡിൽ അപകടം വിതച്ചാണ് ബംഗ്ലാദേശ് മത്സരം ആരംഭിച്ചത്. നീലകടുവകളുടെ ഗോൾകീപ്പർ വിശാൽ കൈത്ത് വരുത്തിയ പിഴവ് ഗോളിൽ കലാശിക്കേണ്ടതായിരുന്നു. അദ്ദേഹം ക്ലിയർ ചെയ്ത പന്തെത്തിയത്, ബംഗാൾ ടൈഗേർസിന്റെ മുന്നേറ്റ തരാം ജോണിയുടെ കാലിൽ. ആളൊഴിഞ്ഞ വലയിലേക്ക് തൊടുത്ത ഷോട്ട് പക്ഷെ ലക്ഷ്യത്തിലെത്തിയില്ല. ഷില്ലോങ്ങിൽ ഇന്ത്യക്ക് ആശ്വാസം.
കടുത്ത പ്രെസിങ് നടത്തുന്ന ബംഗ്ലാദേശ് നിരയുടെ മുന്നിൽ പതറുന്ന ഇന്ത്യൻ നിരയെയാണ് ആദ്യ മിനിറ്റുകളിൽ മത്സരത്തിൽ കാണാൻ സാധിച്ചത്. ടീമിനായി അരങ്ങേറ്റം നടത്തിയ ഹംസ ചൗധരി, മധ്യനിരയിൽ സൃഷ്ടിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ അതിഥികൾ കിണഞ്ഞു ശ്രമിച്ചു. പതിനൊന്നാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളിന് സമീപം അയൽക്കാർ എത്തിയെങ്കിലും, സുബാഷിഷ് ബോസ് രാക്ഷനായി. ഇത്തവണയും അവസരമൊരുക്കിയത് കൈത്തിന്റെ പിഴവ്. ചൗധരിയെടുത്ത കോർണർ കയ്യിലൊതുക്കി, പ്രത്യാക്രമണത്തിന് തുടക്കം കുറിക്കാനായി കൊടുത്ത പന്ത്, ബംഗ്ളാദേശ് താരത്തിന്റെ ദേഹത്ത് തട്ടി, അതിവേഗം വീണ്ടും ഇന്ത്യയുടെ ബോക്സിലേക്ക്. റിഡയിയുടെ ഷോട്ട് അത്യുജ്വല ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തും ബോസ് ടീം ജീവശ്വാസം നൽകി.
കൂർമയേറിയ പാസുകളുമായി ഇന്ത്യയുടെ മധ്യനിരയിൽ ചോദ്യങ്ങളുയർത്തി കളിയുടെ ഗതി നിയന്ത്രിച്ച, ബംഗ്ലാദേശ് പതിനെട്ടാം മിനിട്ടിലും വീണ്ടും ഗോളിനടുത്തെത്തി. അതിഥികളെടുത്ത കോർണർ വീണത്, ബോസിനും സന്ദേശ് ജിങ്കാനും ഇടയിൽ. ഇരുവർക്കുമിടയിൽ കൺഫ്യൂഷനുകൾ ഉണ്ടായെങ്കിലും സമയബന്ധിതമായെടുത്ത തീരുമാനം മത്സരത്തിൽ സമനിലയിൽ മുന്നോട്ട് നീക്കി.
22-ാം മിനിറ്റിൽ ബംഗ്ലാദേശിന് മത്സരത്തിൽ ആദ്യത്തെ തിരിച്ചടി നേരിട്ടു. പരിക്ക് മൂലം ടോപു ബർമൻ കളം വിട്ടു. പകരം റഹ്മത് രംഗത്തെത്തി. ബർമാന്റെ അഭാവവും മത്സരത്തിലുണ്ടായ ചെറിയ ഇടവേളയും ബംഗ്ലാദേശിന്റെ ആക്കത്തിന് തിരിച്ചടിയായി. ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്താൻ തുടങ്ങി. 31-ാം മിനിറ്റിൽ ഇന്ത്യക്ക് മത്സരത്തിൽ ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചു.
ഭേക്കെയും കൊളാക്കോയും ചേർന്ന് നടത്തിയ ഒരു പ്രത്യാക്രമണത്തിലൂടെ നീല കടുവകൾ, മത്സരത്തിൽ ഏറ്റവും മികച്ച അവസരം രൂപപ്പെടുത്തി. കൊളാക്കോ തൊടുത്ത ക്രോസ്, ഉദാന്തയെ കണ്ടെത്തിയെങ്കിലും, അദ്ദേഹത്തിന്റെ ഷോട്ട് ഗോളകീപ്പർ മിഥുൻ രക്ഷപ്പെടുത്തി. റീബൗണ്ടിൽ ചൗധരി കാലുവെച്ചെങ്കിലും ഷോട്ടിന് വേണ്ടത്ര ശക്തിയുണ്ടായില്ല. മിനിറ്റുകൾക്കുള്ളതിൽ മത്സരത്തിൽ ലീഡ് നേടാനുള്ള അവസരം കൊൽക്കൊക്ക് ലഭിച്ചു. കൗണ്ടർ ആക്രമണത്തിൽ പന്തുമായി ബംഗാൾ കടുവകളുടെ ബോക്സിലെത്തിയെങ്കിലും, പാസ് നൽകാൻ ആരും ലഭ്യമാകാതിരുന്നതിനാൽ, ഷോട്ട് ഉതിർക്കുകയായിരുന്നു. പക്ഷെ, അത് ഫലം നൽകിയില്ല.
നാല്പതാം മിനിറ്റിലേക്ക് കടന്നപ്പോഴും മത്സരത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞില്ല. ബംഗ്ലാദേശിന്റെ പ്രതിരോധത്തിൽ അടിക്കടി അപകടങ്ങൾ സൃഷ്ടിച്ച് കൊളാക്കോ തന്റെ കഴിവിന്റെ മിന്നലാട്ടങ്ങൾ നടത്തി. തൊട്ടടുത്ത മിനിറ്റിൽ സന്ദേശ് ജിങ്കാൻ പ്രെസ് ചെയ്ത മുന്നോട്ട് നീങ്ങിയതോടെ തുറന്നു വന്ന സ്പേസിൽ, വലത് വിങ്ങിലൂടെ ഹൊസൈൻ, ജോണിയിലേക്ക് നൽകിയ പാസ് അപകടകാരിയായി. ഗോൾകീപ്പർ മാത്രാ മുന്നിൽ നിൽക്കെ അദ്ദേഹം ബോക്സിലേക്ക് കുതിച്ചെത്തിയെങ്കിലും, ഓടിയെത്തിയ വിശാൽ കൈത്ത് ഇന്ത്യയെ ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെടുത്തി.
തുടരെ ആക്രമങ്ങളുമായി ഇരു ടീമുകളും മത്സരത്തിൽ സ്ഥാനം കണ്ടെത്തിയത് ആദ്യ പകുതിയിൽ ഷില്ലോങ്ങിൽ പുൽനാമ്പുകളിലേക്ക് തീ പകർന്നു. ഗോളിലേക്ക് എത്താൻ ഇരുവർക്കും സാധിച്ചില്ലെങ്കിലും ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ നീക്കങ്ങളും കാണികളിലേക്ക് എത്തിച്ചത്. ചൗധരി സഹതാരങ്ങൾക്കൊപ്പം ചേർന്ന് അവസരങ്ങൾ രൂപ്പപ്പെടുത്തിയെങ്കിലും, മുന്നേറ്റ നിര അവ ഫിനിഷ് ചെയ്യുന്നതിൽ പരാജയപ്പെട്ടത് അതിഥികൾക്ക് തിരിച്ചടി നൽകി.
വിശാൽ കൈത്തിന്റെ രണ്ട് പിഴവുകൾക്ക് മത്സരത്തിന്റെ ഗതി തിരിക്കാനുള്ള ശേഷിയുണ്ടായെങ്കിലും അവ മുതലെടുക്കാനും എതിർ നിരക്ക് സാധിച്ചില്ല. ആദ്യത്തെ ഇരുപത് മിനിട്ടുകൾക്ക് ശേഷം മത്സരത്തിന്റെ ആക്കം കയ്യിലെടുത്ത ഇന്ത്യ കടുത്ത പ്രെസിങ്ങിലൂടെ മുന്നോട്ട് നീങ്ങുകയും വിങ്ങുകളിലൂടെ ആക്രമണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്താണ് ആദ്യ പകുതി അവസാനിപ്പിച്ചത്.
മൽസാരത്തിൽ പൊസഷൻ നിലനിർത്തി, അധികം പ്രസ് ചെയ്യാതെ, പ്രതിരോധത്തിൽ ഉറച്ചു നിന്ന് വിങ്ങുകളിലൂടെ ആക്രമണം നടത്താനാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യ ശ്രമിച്ചത്. ബംഗ്ലാദേശ് നിരയിൽ ഹംസ ചൗധരി പ്രതിരോധത്തിലേക്ക് കൂടുതൽ ഇറങ്ങി, കളി മെനയാൻ ആരംഭിച്ചു.
58-ാം മിനിറ്റിൽ ഛേത്രി ഗോളിനടുത്തെത്തിയെങ്കിലും, കോർണറിനായി ഒപ്പം ചാടിയ ഹംസ പന്ത് തട്ടിയകറ്റി. രണ്ട് മിനിറ്റുകൾക്കുള്ളിൽ കൈത്ത് വീണ്ടും അതിഗുരുതരമായ പിഴവ് മത്സരത്തിൽ വരുത്തിയത് സുബാഷിഷ് ബോസിന്റെ ജോലി മറ്റൊരു തവണ കൂടി ഇരട്ടിയാക്കി. ബോക്സിനുള്ളിൽ പന്ത് ലഭിച്ച താരം, പെനാൽറ്റി ഏരിയക്ക് പുറത്തുള്ള ജിങ്ങാണ് നല്കാൻ ശ്രമിച്ച പാസ് ജോണി പിടിച്ചെടുത്തു. നിർണായകഘട്ടത്തിൽ ബോസ് ഇടപെട്ട് പന്ത് തട്ടിയകറ്റി.
അറുപത്തിയഞ്ച് മിനിട്ടുകൾക്ക് ശേഷം പുത്തൻ കാലുകളെ പരീക്ഷിക്കാൻ മനോലോ മാർക്വേസ് തീരുമാനിച്ചു. ഉദാന്തക്കും ആയുഷിനും പകരമായി സുരേഷും മഹേഷും കളത്തിലെത്തി. മത്സരത്തിൽ നിർണായക ഗോൾ കണ്ടെത്താൻ ഇന്ത്യ കിണഞ്ഞു ശ്രമിച്ചു. കടുത്ത പ്രെസിങ്ങുമായി ഛേത്രി ഫൈനൽ തേർഡിനെ ആക്രമിച്ചത് ബംഗ്ലാദേശിനെ അസന്തുലിതമാക്കി. പന്ത് കൈവശപ്പെടുത്തി ഫാറൂഖിന് നൽകിയെങ്കിലും, അദ്ദേഹമെടുത്ത ഷോട്ട് എതിർ നിരയിൽ തട്ടി കോർണർ രൂപപ്പെടുത്തി.
ലിസ്റ്റൻ എടുത്ത കോർണറിൽ ബോസ് കൃത്യമായി തല വെച്ചെങ്കിലും, പന്ത് ലക്ഷ്യം കണ്ടില്ല. 75 മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ ഫാറൂഖിന് പകരമെത്തി ബ്രൈസൺ ഫെർണാണ്ടസ് ദേശീയ ടീമിനായി തന്റെ അരങ്ങേറ്റം കുറിച്ചു.
82-ാം മിനിറ്റിൽ മഹേഷ് ബോക്സിലേക്ക് നൽകിയ ക്രോസ്, മാർക്ക് ചെയ്യപെടാതിരുന്ന ഛേത്രിയിലേക്കാണ് എത്തിയത്. എന്നാൽ, ഏതുവിധേനയും ലീഡ് നേടണമെന്ന ആവശ്യം ലക്ഷ്യമില്ലാത്ത ഹെഡറിലേക്ക് താരത്തെ എത്തിച്ചു. ശേഷം, താരത്തിനും ബോസിനും പകരം ആഷിഖും ഇർഫാനും കളിക്കളത്തിൽ എത്തി.
88-ാം ഇന്ത്യൻ ബോക്സിനടുത്ത് ലഭിച്ച ത്രോ ഇൻ എടുക്കാനായി റഹ്മത് പ്രതിരോധത്തിൽ നിന്നും ഓടിയെത്തി. അദ്ദേഹമെടുത്ത ത്രോ ഇന്ത്യൻ പ്രതിരോധം തട്ടിയകറ്റിയെങ്കിലും, ബംഗ്ലാദേശ് താരത്തിന്റെ കാലിലെത്തിയ പന്ത് വലയിലേക്ക് ഉതിർത്തത്, രക്ഷപ്പെട്ടുത്തി വിശാൽ കൈത്ത്. ഇഞ്ചുറി സമയത്ത് പന്തുമായി ബോക്സിലേക്ക് കുതിച്ചെത്തിയ ബ്രൈസൺ ഫെർണാണ്ടസിന്റെ ഇന്റർസെപ്റ് ചെയ്ത ചൗധരി വീണ്ടും തിളങ്ങി. വിസിൽ മുഴങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ബോക്സിൽ നിന്നും ഹൊസൈൻ എടുത്ത് പന്ത് പക്ഷെ, വലയ്ക്ക് മുകളിലൂടെ പറന്നു. മത്സരം ഗോൾ രഹിത സമനിലയിൽ. 1999 നു ശേഷം ഇന്ത്യ, ബംഗ്ലാദേശിനെതിരെ വഴങ്ങുന്ന ആദ്യത്തെ ഗോൾ രഹിത സമനില കൂടിയാണിത്.
ജൂൺ 18 ന് ഹോങ്കോങിനെതിരെയാണ് ഇന്ത്യൻ നീലകടുവകളുടെ അടുത്ത മത്സരം.