ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ച് അഡ്രിയാൻ ലൂണ
യുവതാരങ്ങളുടെ പ്രകടനത്തിൽ മതിപ്പ് പ്രകടിപ്പിച്ച് ലൂണ, ടീം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ച് ക്ലബ്ബിന്റെ നായകൻ അഡ്രിയാൻ ലൂണ. ക്ലബ്ബിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി സഹതാരങ്ങളും ക്ലബ്ബും ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15 രാത്രി 7:30-ന് ഹോം മൈതാനമായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ മത്സരത്തിന് മുന്നോടിയായി ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമനൊപ്പം കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
അവസാനത്തെ കണക്കുകൾ പ്രകാരം ഐഎസ്എൽ 2024 - 25 സീസണിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ഏക ടീമാണ് കൊൽക്കത്ത ആസ്ഥാനമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്. അവസാനത്തെ എട്ട് മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുകയാണ് സ്പാനിഷ് പരിശീലകൻ ജോസേ മോളിനയുടെ ടീം. 20 മത്സരങ്ങളിൽ കളിച്ചതിൽ തോൽവി വഴങ്ങിയത് രണ്ടെണ്ണത്തിൽ മാത്രം. ലീഗിന്റെ തുടക്കത്തിൽ ബെംഗളുരുവിനോടും ഇടക്ക് എഫ്‌സി ഗോവയോടും. 14 ജയവും 4 സമനിലയും ഉൾപ്പെടെ നേടിയത് 46 പോയിന്റുകൾ. ലീഗ് ഷീൽഡ് നിലനിർത്താനുറച്ച് കുതിക്കുന്ന മോഹൻ ബഗാനെതിരെ നിർണായക ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇറങ്ങുന്നത്.
"പട്ടികയിൽ ഒന്നാമതുള്ള ടീമിനെതിരെയാണ് കളിക്കാനിറങ്ങുന്നത്, അതിനേക്കാൾ വലിയ പ്രചോദനം ഒന്നുമില്ല," മോഹൻ ബഗാനെതിരെ കളിക്കാനിറങ്ങുമ്പോൾ ലഭിക്കുന്ന പ്രചോദനത്തെ കുറിച്ച് ക്ലബ്ബിന്റെ നായകൻ അഡ്രിയാൻ ലൂണ പറഞ്ഞു തുടങ്ങി. "പോയിന്റ് പട്ടികയിലെ ഞങ്ങളുടെ സ്ഥാനം എന്തെന്ന് എല്ലാവർക്കുമറിയാം. ഞങ്ങൾക്ക് പോയിന്റുകൾ വേണം. കഴിയുന്നത്ര പോയിന്റുകൾ നേടേണ്ടതുണ്ട്, പ്രത്യേകിച്ച് സ്വന്തം ഹോമിൽ. കാരണം ഇപ്പോൾ ഞങ്ങൾ നിൽക്കുന്നിടത്തു നിന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ പോയിന്റുകൾ കണ്ടെത്തേണ്ടതുണ്ട്. അത് വ്യക്തമാണ്."
"പരിശീലനം സാധാരണ പോലെ നടക്കുന്നു. നല്ലൊരു ട്രെയിനിങ് ആഴ്ചയായിരുന്നു. ശരീരം പരിപാലിക്കുന്നു, അതിനെ വേദനിപ്പിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കുന്നു. ഈ ഒരു ആഴ്ചയിൽ ഇതെല്ലാം ചെയ്തു. ഇന്ന് ഇനി ഒരു ട്രെയിനിങ് കൂടി ബാക്കിയുണ്ട്. ഞങ്ങൾ തയ്യാറാണ്," അദ്ദേഹം പറഞ്ഞു.
ഐഎസ്എല്ലിൽ ശരാശരി വയസ്സ് ഏറ്റവും കുറഞ്ഞ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒരു പിടി ഗോൾ സംഭാവനകളുമായി ഐഎസ്എല്ലിൽ തിളങ്ങി നിൽക്കുന്ന കോറൂ സിംഗ് മുതൽ മധ്യനിരയുടെ കടിഞ്ഞാൺ വഹിക്കുന്ന വിബിൻ മോഹനനും ഫ്രെഡി ലല്ലാമാവ്മ ഉൾപ്പെടെ ഒരുപിടി യുവതാരങ്ങളാണ് ടീമിന്റെ തട്ടകത്തിൽ ഉള്ളത്. ഓരോ താരത്തിനും മുകളിലേക്ക് കുതിച്ചെത്താനുള്ള പ്രചോദനം 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ തന്നെയാണെന്ന് ലൂണ അഭിപ്രായപ്പെട്ടു.
"എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, നിങ്ങൾക്ക് പ്രൊഫഷണൽ ഫുട്ബോളിലേക്ക് എത്തണമെങ്കിൽ 140 കോടി ജനങ്ങളുള്ള ഇന്ത്യയേക്കാൾ വലിയൊരു പ്രചോദനം ഉണ്ടാകില്ല. ഈ യുവതാരങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിലാണ് അവരെന്നറിയാം. അവരതിന് വില നൽകുകയും അവരുടെ സ്ഥാനം നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് ഇത്രയും വലിയൊരു രാജ്യത്ത്, പ്രൊഫഷണൽ ഫുട്ബോളിലേക്ക് എത്തുക എന്നത് ഒട്ടും എളുപ്പമല്ല. ഈ ക്ലബ്ബിലേക്കെത്തിയതിൽ അവർ എത്ര ഭാഗ്യവാന്മാരെന്ന് താരങ്ങൾ മനസിലാക്കണം. അവർ അവരുടെ സ്ഥാനം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ധാരാളം യുവതാരങ്ങൾ ഉയർന്നുവരുന്നുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ അവരുടെ സ്ഥാനം കളഞ്ഞേക്കാം," ക്ലബ്ബിന്റെ ക്യാപ്റ്റൻ വ്യക്തമാക്കി.
ലീഗിലും ക്ലബ്ബിലും തന്റേതായ സ്ഥാനം കണ്ടെത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 'വണ്ടർ കിഡ്' പതിനെട്ടുകാരനായ കോറൂ സിംഗ്. കളിച്ച 12 മത്സരങ്ങളിൽ 811 മിനിറ്റുകൾ മാത്രം കളിച്ച് ഒരു ഗോളും നാല് അസിസ്റ്റും ഈ മണിപ്പൂരി വിങ്ങർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രൂപപ്പെടുത്തിയതാകട്ടെ 9 അവസരങ്ങളും. ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ ഓരോ മത്സര ആഴ്ചയും ചർച്ചാ വിഷയമാകുകയാണ് ഈ യുവ വിങ്ങർ.
കോറൂ സിംഗിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് അഡ്രിയാൻ ലൂണ വ്യക്തമാക്കി. "അവന്റെ പ്രകടനം അതിശയപ്പിക്കുന്നു. ഒരു 19 - 20 വയസുകാരനെ കൊണ്ട് വന്നു ചെയ്യിപ്പിക്കാവുന്ന ഒരു പ്രകടനമല്ല അവൻ നടത്തുന്നത്. ഇങ്ങനെയുള്ള താരങ്ങൾ മുന്നോട്ട് വന്ന് ഞാനിവിടെയുണ്ട്, എന്നെയും കണക്കാക്കാം, വലിയ മത്സരങ്ങളിൽ ഒട്ടും ഭയമില്ലാതെ കളിപ്പിക്കും എന്ന നിലപാട് എടുക്കുമ്പോൾ, ഞങ്ങൾക്ക്, ക്ലബ്ബിന്, ക്ലബ്ബിന്റെ ഭാവിക്ക് അത് വളരെ പ്രധാനപ്പെട്ടതാണ്."
"തീർച്ചയായും അവൻ നന്നായി ചെയ്യുന്നുണ്ട്, ഇനിയും മെച്ചപ്പെടുത്തേണ്ടതുമുണ്ട്. അവൻ നന്നായി ചെയ്യുന്നുണ്ടെന്ന് അവൻ മനസിലാക്കേണ്ടതുണ്ട്. ഇനിയും മെച്ചപ്പെടാൻ ഞങ്ങൾ അവനെ സഹായിക്കും," യുറഗ്വായൻ താരം പറഞ്ഞു.
ആരാധകരെ സ്റ്റേഡിയത്തിലേക്ക് വരാനായി ആവശ്യപ്പെട്ട ക്യാപ്റ്റൻ അവരുടെ പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. "ആദ്യം, സ്റ്റേഡിയത്തിലേക്ക് വരൂ, നിങ്ങളുടെ പ്രോത്സാഹനം ഞങ്ങൾക്കും ടീമിനും ആവശ്യമുണ്ട്. ഞാൻ എപ്പോഴും പറയുന്നതുപോലെ, ഈ ജേഴ്‌സി ധരിച്ച് കളിക്കുന്ന ഓരോ മത്സരത്തിലും ഞങ്ങളുടെ പരമാവധി നൽകുന്നു. ഫുട്ബോളിൽ ചിലപ്പോൾ നിങ്ങൾ ജയിക്കും, ചിലപ്പോൾ തോൽക്കും. പക്ഷെ അവിടെ പരിശ്രമത്തിനും ത്യാഗത്തിനും സ്ഥാനമുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ മികച്ചതാക്കുക എന്ന ലക്ഷ്യത്തിനായി സഹതാരങ്ങളും ക്ലബ്ബും ഒരുമിച്ച് പ്രവർത്തിക്കുന്നു. ആരാധകരോട് പറയാനുള്ളത്, ഈ പിന്തുണയ്ക്ക് നന്ദി, ഇത് തുടരുക, കാരണം ഞങ്ങൾക്ക് നിങ്ങളെ വളരെയധികം ആവശ്യമുണ്ട്.