എസിഎൽ ടു: മറൈനേഴ്സിന്റെയും എഫ്‌സി ഗോവയുടെയും എതിരാളികളെ അറിയാം
അൽ നസ്റിനെതിരെ എഫ്‌സി ഗോവയിറങ്ങുമ്പോൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഗ്രൂപ്പ് സി-യിൽ ഇടം നേടി

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടുവിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിലുള്ള എഎഫ്‌സി ഹൗസിൽ നടന്നു. നിലവിലെ ഐഎസ്എൽ ഷീൽഡ് ജേതാക്കളായമോഹൻ ബഗാൻ സൂപ്പർ ജയന്റ് തുടർച്ചയായ രണ്ടാം തവണയാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അതേസമയം, ബുധനാഴ്ച നടന്ന പ്രാഥമിക റൗണ്ടിൽ ഒമാൻ ക്ലബ്ബായ അൽ സീബിനെ പരാജയപ്പെടുത്തിഎഫ്‌സി ഗോവയും ഗ്രൂപ്പ് ഘട്ടത്തിൽ സ്ഥാനം ഉറപ്പിച്ചു.
നറുക്കെടുപ്പിൽ ഗ്രൂപ്പ് സി-യിൽ ഇടം പിടിച്ച മോഹൻ ബഗാൻ സൂപ്പർ ജയന്റ ഇറാനിൽ നിന്നുള്ള ഫൂലാദ് മൊബാറകേ സെപാഹാൻ എസ്‌സി, ജോർദാനിൽ നിന്നുള്ള അൽ ഹുസൈൻ, തുർക്ക്മെനിസ്താന്റെ അഹൽ എഫ്‌സി എന്നിവർക്കെതിരെ മത്സരിക്കും.
എന്നാൽ എല്ലാ കണ്ണുകളും നീങ്ങുന്നത് ഗ്രൂപ്പ് ഡി-യിലേക്കാണ്. സൗദി അറേബ്യയിൽ നിന്നുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെയാണ് അവിടെ എഫ്‌സി ഗോവ നേരിടേണ്ടത്. ഇറാഖിൽ നിന്നുള്ള അൽ സവ്റാ എസ്‌സി, താജിക്കിസ്താന്റെ എഫ്‌സി ഇസ്തിക്‌ലോൽ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
𝘿𝙚𝙨𝙩𝙞𝙣𝙞𝙚𝙨 𝘼𝙧𝙚 𝙎𝙚𝙩 𝙏𝙤 𝘾𝙤𝙡𝙡𝙞𝙙𝙚
— #ACLElite | #ACLTwo (@TheAFCCL) August 15, 2025
The #ACLTwo Group Stage Draw reveals the path towards supremacy for 3️⃣2️⃣ sides! pic.twitter.com/PIX3gSIjFp
ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിന് സെപ്റ്റംബർ 16-ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടം 2025 ഡിസംബർ 24 വരെ നീണ്ടുനിൽക്കും. തുടർന്ന്, 2026 ഫെബ്രുവരി 10 മുതൽ 19 വരെ റൗണ്ട് ഓഫ് 16 മത്സരങ്ങളും, മാർച്ച് 3 മുതൽ 12 വരെ ക്വാർട്ടർ ഫൈനലുകളും, ഏപ്രിൽ 7 മുതൽ 15 വരെ സെമി ഫൈനലുകളും നടക്കും. ഫൈനൽ 2026 മെയ് 16-ന് നടക്കും.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പുകൾ:
ഗ്രൂപ്പ് എ: അൽ വസ്ൽ എഫ്‌സി (യുഎഇ), എസ്റ്റെഗ്ലാൽ എഫ്‌സി (ഇറാൻ), അൽ മുഹറഖ് എസ്‌സി (ബഹ്‌റൈൻ), അൽ വെഹ്ദത്ത് (ജോർദാൻ)
ഗ്രൂപ്പ് ബി: അൽ അഹ്‌ലി എസ്‌സി (ഖത്തർ), പിഎഫ്‌സി ആൻഡിജോൻ (ഉസ്ബെക്കിസ്ഥാൻ), എഫ്‌സി അർക്കാദാഗ് (തുർക്ക്മെനിസ്ഥാൻ), അൽ ഖാൽദിയ എസ്‌സി (ബഹ്‌റൈൻ)
ഗ്രൂപ്പ് സി: ഫൂലാദ് മൊബാറകേ സെപാഹാൻ എസ്‌സി (ഇറാൻ), അൽ ഹുസൈൻ (ജോർദാൻ), മോഹൻ ബഗാൻ സൂപ്പർ ജയന്റ് (ഇന്ത്യ), അഹൽ എഫ്‌സി (തുർക്ക്മെനിസ്ഥാൻ)
ഗ്രൂപ്പ് ഡി: അൽ നസ്ർ ക്ലബ് (സൗദി അറേബ്യ), അൽ സവ്റാ എസ്‌സി (ഇറാഖ്), എഫ്‌സി ഇസ്തിക്‌ലോൽ (താജിക്കിസ്ഥാൻ), എഫ്‌സി ഗോവ (ഇന്ത്യ)
ഗ്രൂപ്പ് ഇ: ബീജിംഗ് എഫ്‌സി (ചൈന), മക്കാർതർ എഫ്‌സി (ഓസ്‌ട്രേലിയ), തായ് പോ എഫ്‌സി (ഹോങ്കോങ്), കോങ് ആൻ ഹാ നോയി എഫ്‌സി (വിയറ്റ്നാം)
ഗ്രൂപ്പ് എഫ്: ഗാംബ ഒസാക്ക (ജപ്പാൻ), നാം ദിൻ എഫ്‌സി (വിയറ്റ്നാം), റാച്ചബുരി എഫ്‌സി (തായ്‌ലൻഡ്), ഈസ്റ്റേൺ എഫ്‌സി (ഹോങ്കോങ്)
ഗ്രൂപ്പ് ജി: ബാങ്കോക്ക് യുണൈറ്റഡ് (തായ്‌ലൻഡ്), സെലങ്കോർ എഫ്‌സി (മലേഷ്യ), ലയൺ സിറ്റി സെയിലേഴ്‌സ് എഫ്‌സി (സിംഗപ്പൂർ), പെർസിബ് ബാന്ദുങ് (ഇന്തോനേഷ്യ)
ഗ്രൂപ്പ് എച്ച്: എഫ്‌സി പോഹാങ് സ്റ്റീലേഴ്‌സ് (കൊറിയ), ബിജി പാത്തും യുണൈറ്റഡ് (തായ്‌ലൻഡ്), കായ എഫ്‌സി-ഇലോയിലോ (ഫിലിപ്പീൻസ്), ടാംപിൻസ് റോവേഴ്‌സ് എഫ്‌സി (സിംഗപ്പൂർ)