അബ്ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ്!

അബ്‌ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. 2024 വരെയാണ് ബ്ലാസ്റ്റേഴ്‌സ് അബ്ദുൾ ഹക്കുവുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. മലപ്പുറം സ്വദേശിയായ അബ്ദുൾ ഹക്കു 25 വയസുള്ള സെന്റർ ബാക്ക് ആണ്.

തീരെ ചെറിയ പ്രായത്തിലെ തന്നെ മലപ്പുറത്തുള്ള മറ്റേതു കുട്ടിയേയും പോലെ ഹാക്കുതും ഫുട്ബോളിനെ നെഞ്ചേറ്റി. തിരൂരിലെ സ്പോർട്സ് അക്കാഡമിയിൽ നിന്നാണ് ഹക്കു ഫുട്ബാളിലെ ആദ്യകാല പരിശീനങ്ങൾ നേടിയത്. 5 വർഷത്തോളം ഹക്കു സ്പോർട്സ് അക്കാഡമി തിരൂരിൽ ചിലവഴിച്ച ഹക്കുവിന്റെ കരിയറിൽ നിർണ്ണായക വഴിത്തിരിവായതും തിരൂരിലെ പരിശീലനം തന്നെയായിരുന്നു. ഹക്കുവിന്റെ ആദ്യ പ്രൊഫെഷണൽ അക്കാഡമി ആയിരുന്നു ഡിഎസ്കെ ശിവാജിയൻസ് അക്കാഡമി. ഡിഎസ്കെയിലെ വിദഗ്ദ്ധ പരിശീലനത്തിനു ശേഷം ഹക്കു അവർക്കു വേണ്ടി യൂത്ത് ചാംപ്യൻഷിപ്പുകളിൽ അടക്കം നിരവധി മത്സരങ്ങൾ കളിച്ചു. പിന്നീട് ഹക്കു ഡി എസ് കെ ശിവാജിയൻസ് ബി ടീമിൽ എത്തി. 2016-ൽ ഈസ്റ്റ്‌ ബംഗാളിനെതിരെ ഡിഎസ്കെക്കു വേണ്ടി ഹക്കു ഐ ലീഗിൽ അരങ്ങേറി. 2015-2016 സീസണിൽ 13 മത്സരങ്ങളിൽ ഹക്കു കളത്തിലിറങ്ങി. 3 വർഷത്തോളം ഡിഎസ്കെ ശിവജിയൻസിൽ തുടർന്ന ഹക്കു സീസൺ അവസാനം ഫത്തേഹ് ഹൈദരാബാദ് എഫ്സിയുമായി കരാറിൽ എത്തി. ഐ ലീഗ് സെക്കന്റ്‌ ഡിവിഷനിൽ ഫത്തേഹ് ഹൈദരാബാദ് എഫ്സിക്കായി മികച്ച പ്രകടനം കാഴ്ചവച്ച ഹക്കു ആ സീസണിൽ 15 മത്സരങ്ങളിൽ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

ഫത്തേഹ് ഹൈദരാബാദ് എഫ് സിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2017-2018 സീസണിൽ ഹക്കുവിനെ പ്ലയെർ ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ടീമിൽ എത്തിച്ചു. ആ സമയത്ത് എൽക്കോ ഷറ്റോറി ആയിരുന്നു ടീമിന്റെ സഹ പരിശീലകൻ.

നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനായി ജാംഷെഡ്പൂർ എഫ് സിക്കെതിരെ എമേർജിങ് പ്ലെയർ പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു ഹക്കുവിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റം. നിർഭാഗ്യവശാൽ പരിക്ക് വേട്ടയാടിയ ഹക്കുവിന് ആ സീസണിൽ 4 മത്സരങ്ങൾ മാത്രമേ നോർത്ത് ഈസ്റ്റിനായി കളിക്കാനയൊള്ളു. നാലു മത്സരങ്ങളിൽ നിന്നായി 12 ക്ലിയറൻസ് നടത്തിയ ഹക്കു 102 പാസ്സുകളും നൽകി.

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണിൽ 4 മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളു എങ്കിലും കളിക്കാനിറങ്ങിയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ഹക്കുവിനു സാധിച്ചു.

2018/2019 സീസണിൽ ആണ് ഹക്കു നോർത്ത് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2 വർഷത്തേക്കായിരുന്നു കരാർ. പ്രസ്തുത സീസണിൽ 2 മത്സരങ്ങളിലായി വെറും 30 മിനിറ്റുകൾ മാത്രം ആണ് ഹക്കുവിനു കളിക്കാൻ കഴിഞ്ഞത്.  പരിക്ക് സീസണിൽ ഹക്കുവിനു തിരിച്ചടിയായി.  2019/ 2020 സീസണിൽ 5 മത്സരങ്ങളിൽ 307 മിനിറ്റുകൾ ആണ് ഹക്കു കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയത്. സീസണിൽ ഹക്കു 5 ടാക്കിളുകളൂം 51 ക്ലിയറൻസും 138 പാസ്സുകളും 209 ടച്ചുകളും ഹക്കു നടത്തി. കിട്ടിയ അവസരങ്ങൾ ഹക്കു പരമാവധി മുതലാക്കി എന്നു കണക്കുകളിൽ നിന്നും വ്യക്തമാണ്.

ക്ലിയറൻസിൽ മിടുക്കൻ ആണ് ഹക്കു. മാൻ മാർക്കിങ്‌ എബിലിറ്റിയും ഏരിയൽ ബോളുകളിൽ അപകടം ഒഴിവാക്കാനുള്ള പ്രത്യേക കഴിവും ഹക്കുവിനുണ്ട്. ഏതവസ്ഥയിലും സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിയുന്നു എന്നതും ഹക്കുവിന്റെ പ്ലസ് പോയിന്റ് ആണ്. കഴിഞ്ഞ സീസണിൽ സമ്മർദ്ദ ഘട്ടങ്ങളിൽ അനായാസമായി കളിക്കുന്ന ഹക്കുവിനെ നമ്മൾ കണ്ടതാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ മത്സര പ്രാധാന്യത്തെപ്പറ്റിയും കളിക്കാരൻ എന്ന നിലയിൽ സ്ഥിരത പുലർത്തേണ്ടതിനെക്കുറിച്ചും ഹക്കുവിനു നല്ല ബോധ്യം ഉണ്ട്. തികഞ്ഞ അർപ്പണ ബോധമുള്ള ഹക്കു ഈ കോവിഡ് കാലത്തും തന്റെ ശാരീരിക ക്ഷമത നിലനിർത്തുന്നതിനും തന്റെ പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള കഠിന പ്രയത്നത്തിൽ ആണ്.

സന്ദേശ് ജിങ്കന്റെ അഭാവത്തിൽ വരുന്ന സീസണിൽ ഹക്കുവിനു കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നുറപ്പാണ്. യുവ താരങ്ങളുടെ പൊട്ടൻഷ്യൽ മനസ്സിലാക്കി കൂടുതൽ അവസരങ്ങൾ നൽകുന്ന കിബു വികുന എന്ന സ്പാനിഷ് പരിശീലകൻ ഹക്കുവിനു കൂടുതൽ അവസരങ്ങൾ നൽകും എന്നു തന്നെ പ്രതീക്ഷിക്കാം.

Your Comments

Your Comments