ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു!
ഖത്തറിനെതിരായ FIFA ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് 2027 പ്രാഥമിക സംയുക്ത യോഗ്യതാ രണ്ടാം റൗണ്ട് മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു.
ഇന്ത്യൻ സീനിയർ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്, 2024 ജൂൺ 8 ശനിയാഴ്ച, ഖത്തറിനെതിരായ FIFA ലോകകപ്പ് 2026, AFC ഏഷ്യൻ കപ്പ് 2027 പ്രാഥമിക സംയുക്ത യോഗ്യതാ രണ്ടാം റൗണ്ട് മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകീട്ട് കൊൽക്കത്തയിൽ നിന്ന് ദോഹയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ ടീം 2024 ജൂൺ 11 ചൊവ്വാഴ്ച അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ നേരിടും.
വ്യാഴാഴ്ച കുവൈത്തുമായി 0-0ന് ഗോൾ രഹിത സമനില വഴങ്ങിയ ഇന്ത്യ -3 എന്ന ഗോൾ വ്യത്യാസത്തിൽ അഞ്ച് പോയിന്റുമായി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. അഫ്ഗാനിസ്ഥാൻ ഖത്തറുമായി 0-0 സമനില വഴങ്ങുകയും -10 എന്ന ഗോൾ വ്യത്യാസത്തിൽ മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
നാല് പോയിന്റുമായി കുവൈത്ത് റാങ്കിങ്ങിൽ അവസാന സ്ഥാനത്താണ്. ഖത്തർ ഇതിനകം തന്നെ മൂന്നാം റൗണ്ടിൽ ഇടം നേടിയിട്ടുണ്ട്. മറ്റ് മൂന്ന് ടീമുകൾ മൂന്നാം റൗണ്ടിലേക്കുള്ള രണ്ടാമത്തെയും അവസാനത്തെയുമായ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ തുടരുകയാണ്.
ഖത്തറിനെ തോൽപിക്കുകയും അതേ ദിവസം കുവൈത്തിനെ നേരിടുന്ന അഫ്ഗാനിസ്ഥാനുമായുള്ള ഗോൾ-വ്യത്യാസത്തിന്റെ മുൻതൂക്കം നിലനിർത്തുകയും ചെയ്താൽ ഇന്ത്യ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. അഫ്ഗാനിസ്ഥാനും കുവൈത്തും സമനിലയിൽ അവസാനിച്ചാൽ ഇന്ത്യക്ക് യോഗ്യതക്കായി ഒരു പോയിന്റ് നേടിയാൽ മതിയാകും. എന്നാൽ ഖത്തറിനെതിരായ തോൽവി മറ്റ് ഫലം പരിഗണിക്കാതെ തന്നെ ഇന്ത്യയുടെ പ്രവേശന പ്രതീക്ഷകൾക്ക് അറുതി വരുത്തും.
ഖത്തറിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ 23 അംഗ ടീം:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: അൻവർ അലി, ജയ് ഗുപ്ത, മെഹ്താബ് സിങ്, നരേന്ദർ, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ജീക്സൺ സിംഗ് തൗണോജം, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, നന്ദകുമാർ സെക്കർ, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം.
ഫോർവേഡുകൾ: മൻവീർ സിംഗ്, റഹീം അലി, വിക്രം പ്രതാപ് സിംഗ്, ഡേവിഡ് ലാൽലൻസംഗ.