ഇവാൻ വുകൊമാനോവിച്ച് വരും സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ RFDL ടീമിൽ കളിക്കാരെ തിരഞ്ഞെടുത്തേക്കും: ടോമസ് ടോർസ്

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ (ആർഎഫ്‌ഡിഎൽ) പങ്കെടുത്ത ക്ലബ്ബിന്റെ യുവ താരങ്ങളെ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് താൽപ്പര്യം പ്രകടിപ്പിച്ചു. RFDL ലീഗ് ഘട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും യുണൈറ്റഡ് കിംഗ്ഡത്തിൽ അരങ്ങേറുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യൂത്ത് ഡെവലപ്‌മെന്റ് ടീം പരിശീലകൻ ടോമസ് ടോർസ് ആർഎഫ്‌ഡിഎൽ മീഡിയ ടീമുമായി നടത്തിയ ചർച്ചയിൽ ആർഎഫ്‌ഡിഎല്ലിന് ലഭിച്ച ശ്രദ്ധ വെളിപ്പെടുത്തി. ഹീറോ ഐ‌എസ്‌എല്ലിന്റെ മറ്റൊരു സീസണിലേക്കായി മടങ്ങിയെത്തുന്നതിന് മുമ്പായി കുടുബത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ്. അദ്ദേഹം ആർ‌എഫ്‌ഡി‌എൽ ലീഗ് സംഘടിപ്പിക്കപ്പെട്ടതിനെ പ്രശംസിച്ചു.

പുതിയ സീസണിലേക്കായി യുവതാരങ്ങളെ തിരഞ്ഞെടുക്കാനുള്ള ജോലികൾ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.

“ലീഗിന്റെ ഓർഗനൈസേഷനിലും ഗെയിമുകളുടെ ഗുണനിലവാരത്തിലും ഞങ്ങളുടെ ടീമിന്റെ പ്രകടനത്തിലും കോച്ച് ഇവാൻ വുകോമാനോവിച്ചിന് വളരെയധികം മതിപ്പുണ്ട്. കൂടാതെ ഹീറോ ഐ‌എസ്‌എല്ലിന്റെ അടുത്ത സീസണിൽ പ്രീ-സീസണിൽ ചേരാൻ സാധ്യതയുള്ള കളിക്കാരെ കണ്ടെത്താനുള്ള തിരക്കിലാണ് അദ്ദേഹം. 2001-നു ശേഷം ജനിച്ച ധാരാളം യുവ താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ”ആർഎഫ്‌ഡിഎൽ മീഡിയ ടീമിന് നൽകിയ അഭിമുഖത്തിൽ ടോമസ് ടോർസ് പറഞ്ഞു.

“ഞങ്ങൾ യുവാക്കൾക്ക് ലീഗിൽ ഏറ്റവും കൂടുതൽ മിനിറ്റുകൾ നൽകി. എന്നാൽ ഇപ്പോൾ നിലവിലുള്ള ടീമിനെ സംബന്ധിച്ചിടത്തോളം, ഞാൻ തെറ്റിദ്ധരിച്ചിട്ടില്ലെങ്കിൽ, അത് 2002ൽ ജനിച്ച ഗിവ്‌സൺ മാത്രമായിരുന്നു. അടുത്ത സീസണിൽ ഞങ്ങൾക്ക് പ്രമോട്ട് ചെയ്യാൻ കഴിയുന്ന കുറഞ്ഞത് മൂന്ന് കളിക്കാരെയെങ്കിലും ഞങ്ങൾക്ക് ആവശ്യമാണ്. അതുകൊണ്ടാണ് അവർ ഞങ്ങളുടെ ഗെയിമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.” ടോമസ് ടോർസ് കൂട്ടിച്ചേർത്തു.

ആദ്യ സീസണിൽ യുവാക്കളിൽ വലിയ വിശ്വാസം അർപ്പിച്ച വുകൊമാനോവിച്ച് ഹീറോ ഐഎസ്‌എൽ 2022-23 കാമ്പെയ്‌നിലേക്കായി വീണ്ടും യുവാക്കൾക്കായി തയ്യാറെടുക്കുകയാണ്. 

RFDL-ൽ മികച്ച പ്രകടനം കാഴ്ചവച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവകളിക്കാർ അടുത്ത സീസണിൽ ഹീറോ ഐഎസ്‌എല്ലിൽ ഇടം നേടിയാൽ അതിശയിക്കാനില്ല.

Your Comments