ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം വാരത്തിലെ ആദ്യ കളിയിൽ പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിൽ പൂനെ സിറ്റി എഫ്‌സിയുമായി ഏറ്റു മുട്ടിയ ഡൽഹി ഡൈനാമോസ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പൂനെ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി.

ഇരു ടീമിനും മറുപക്ഷത്തെ ഗോൾ വല ചലിപ്പിക്കുന്നതിന് കഴിയാതിരുന്ന ആദ്യ പകുതിയിൽ കളി ഏറെക്കുറെ ഇഴഞ്ഞ മട്ടിലായിരുന്നു. എന്നാൽ വിജയദാഹത്തിന്റെ വീറോടെ രണ്ട് ടീമുകളും രണ്ടാം പകുതിയിൽ പൊരുതിത്തുടങ്ങുന്ന കാഴ്ചയാണ് പിന്നീട് സ്‌റ്റേഡിയം കണ്ടത്. ആ ആദ്ധ്വാനത്തിന് ഏറെത്താമസിയാതെ ഫലം കണ്ടു. 46-ാം മിനിറ്റിൽ ബ്രസീൽ താരം പൗളീ്ഞ്ഞ്യാ ഡയസും 54-ാം മിനിറ്റിൽ മുൻനിരതാരം ലാലിൻസുവാല ചാങ്‌ദേയും 65-ാം മിനിറ്റിൽ ഉറുഗ്വേയിൽ നിന്നുള്ള മധ്യനിരതാരം മത്യാസ് മിറാബ്‌ജെയും ഡൽഹിക്കു വേണ്ടി ഗോൾ നേടി. 3 ഗോളുകൾക്ക് പിന്നിലായപ്പോയതിന്റെ നിരാശ തൂത്തു കളഞ്ഞ് പൂനെ പൊരുതാനുളള വ്യഗ്രത വിടാതെ കളി തുടർന്നു. 67-ാം മിനിറ്റിൽ അവർക്ക് ആഹ്ലാദിക്കാനുളള വക നൽകിക്കൊണ്ട് ഉറുഗ്വെയിൽ നിന്നുള്ള മുൻനിര താരം എമിലിയാനോ അൽഫാരോ ഡൽഹി പ്രതിരോധത്തെ തകർത്ത് പന്ത് ഗോൾവലയത്തിലെത്തിച്ച് പൂനെയ്ക്ക് മടങ്ങി വരവിനുളള പ്രതീക്ഷകൾക്ക് ചിറക് നൽകി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സ്പാനീഷ് മിഡ്ഫീൽഡർ മാർക്കോസ് ടെബാർ ഡൈനോമോസ് ഗോളിയെ പരാജയപ്പെടുത്തി (3-2).

കിക്കോഫ് കഴിഞ്ഞയുടൻ തന്നെ പൂനെയുടെ ജൂവൽ രാജയ്ക്ക് പേശിക്കേറ്റ പരുക്കിനെത്തുടർന്ന് പന്ത് സ്പർശിക്കുന്നതിന് മുൻപായി കളം വിടേണ്ടി വന്നു. പകരം ബൽജിത് സാഹ്‌നി ഇറങ്ങി. മൂന്നാം മിനിറ്റിൽ ജോനാഥൻ ലൂക്കയുടെ എതിർ ഗോൾ മുഖത്തേക്ക് മികച്ചൊരു ഷോട്ട് തൊടുത്തുവെങ്കിലും അപകടമൊന്നും സൃഷ്ടിച്ചില്ല. നാലാം മിനിറ്റിൽ ഡൽഹിക്ക് ആദ്യ കോർണർ ലഭിച്ചുവെങ്കിലും ഗോൾ മണം സൃഷ്ടിച്ചില്ല. അടുത്ത മിനിറ്റിൽ ബൽജിത് സാഹ്‌നി നൽകിയ ഒരു ക്രോസുയർത്തിയ ഗോൾ ഭീഷണി ഡൽഹി കോർണറിലൂടെ ഒഴിവാക്കി.

22-ാം മിനിറ്റിൽ ലഭിച്ച ഒരു ക്രോസ് ഗോളിലേക്കുളള ഹെഡ്ഡറാക്കി മാറ്റുന്നതിന് അൽഫാരോ പരാജയപ്പെട്ടപ്പോൾ, മാഴ്‌സലീഞ്ഞ്യോ അതിസുന്ദരമായി നൽകിയ പന്ത് ഗോൾ പോസ്റ്റ് കടത്തുന്നതിന് ബൽജിത് സാഹ്‌നി പരാജയപ്പെട്ടു. ഒൻപത് മിനിറ്റുകൾക്ക് ശേഷം, ഡൽഹിയുടെ പ്രതിരോധത്തെ തകർത്ത് അൽഫാരോ മുന്നേറി. പന്തിനും ഗോളിനുമിടയിൽ ഡൽഹിയുടെ ഗോൾ കീപ്പർ ആൽബിനോ ഗോമസ് മാത്രം. എന്നാൽ, വേഗത്തിൽ മുന്നോട്ടിറങ്ങി ആൽബിനോ അപകടം ഒഴിവാക്കി. കളി പുരോഗമിക്കുമ്പോൾ പന്ത് കൈവശപ്പെടുത്തുന്നതിൽ പൂനെ മുൻതൂക്കം നേടുന്നതായി കണ്ടു. എന്നാൽ, അർദ്ധ പകുതിയുടെ വിസിൽ മുഴങ്ങുന്നതിന് മുൻപേയായി യഥാർത്ഥ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു.

രണ്ടാം പകുതിയിൽ ഇരുപക്ഷങ്ങളും പുത്തൻ തന്ത്രങ്ങൾ പയറ്റുന്നതിനുളള പദ്ധതികളോടെയാണ് എത്തിയത്.

രണ്ടാം പകുതിയുടെ കിക്കോഫിനു തൊട്ടു പിന്നാലെ, ഇടതുവിംഗിൽ നിന്നും സെന റാൽട്ടയുടെ പാസിൽ കോർണർ ഫ്‌ളാഗിനു മുന്നിൽ വെച്ചു ചാങ്ങ്‌ദേ ഉയർത്തിവിട്ട പന്ത്, പൂനെയുടെ ഗോൾമുഖ കാവൽഭടൻ കമൽജീത് സിംഗ് നിസ്സഹായനായി നോക്കി നിൽക്കെ ഹെഡ്ഡറിലൂടെ പൗളിഞ്ഞ്യോ വലകുലുക്കിയത് ഡൽഹിക്ക് 1-0 ലീഡ് നൽകി.

മത്യാസ് മിറാബ്‌ജെയുടെ ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിക്ക് ഉടൻ തന്നെ ലീഡ് ഇരട്ടിപ്പിക്കുന്നതിന് സാധിച്ചേനെ. അടുത്ത മിനിറ്റിൽ ഗുയോൺ ഫെർണാണ്ടസിന്റെ ശ്രമം പോസ്റ്റിനരുകിലൂടെ പുറത്തേക്ക്.
ചടുലമായ, തളർച്ചയില്ലാത്ത, നിരന്തരമായ ഇടതു വിംഗുകളിലൂടെയുള്ള നീക്കങ്ങളിലൂടെ യുവ ഇന്ത്യൻ താരം ലാലിൻസുവാല ചാങ്‌ദേ കളിക്കളത്തിൽ നിറഞ്ഞു നിന്നു. 54-ാം മിനിറ്റിൽ, പ്രതിഭാധനനായ ഈ മിസോറാം സ്വദേശിയുടെ ആക്രമണങ്ങൾക്ക് ഫലം. ഒറ്റയ്ക്ക് പന്തുമായി കുതിച്ച ചാങ്‌ദേയെ തടയാനെത്തിയ പൂനെ ഗോളിയെ മാത്രം സാക്ഷിയാക്കി അദ്ദേഹം പന്ത് വലയിലേക്കു പ്ലേസ് ചെയ്തപ്പോൾ ഡൽഹിക്ക് ഗോൾനിലയിൽ വീണ്ടും മുന്നേറ്റം (2-0).

ആരും മാർക്ക് ചെയ്യാതെ ബോക്‌സിനുളളിൽ നിന്ന് മത്യാസ് മിറാബ്‌ജെയ്ക്ക് സ്‌കോർ മുന്നോട്ടേക്ക് ചലിപ്പിക്കാൻ മറ്റൊരു സുന്ദര അവസരം വീണു കിട്ടിയെങ്കിലും ഹെഡ്ഡർ ചെന്നെത്തിയത് ഗോൾ കീപ്പറുടെ കൈകളിൽ തന്നെയായിരുന്നു.

എന്നാൽ 65-ാം മിനിറ്റിൽ മിറാബ്‌ജെയുടെ അടുത്ത ഗോളിന് വേണ്ടിയുളള അന്വേഷണം, ലയൺസിന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡ് നേടിക്കൊടുത്തു. ഈ സീസണിലെ ഗോൾ എന്ന് ഏറെക്കുറെ വിശേഷിപ്പിക്കാവുന്ന ഒരു ഗോളിന്റെ സുന്ദര മുഹൂർത്തം സൃഷ്ടിച്ചു കൊണ്ട് ബോക്‌സിന് പുറത്തു നിന്ന് അദ്ദേഹം ഇടതു കാലിൽ നിന്ന് തൊടുത്ത പന്ത് വലയിലാകുക തന്നെ ചെയ്തു (3-0).

രണ്ട് മിനിട്ടുകൾക്ക് ശേഷം, അൽഫാരോ നടത്തിയ ചില അതിവേഗ ആക്രമണങ്ങൾക്കാടുവിൽ, മൂന്ന് പ്രതിരോധ നിര താരങ്ങളെ കീഴ്‌പ്പെടുത്തി അദ്ദേഹം ബോക്‌സിന് തൊട്ടരുകിൽ നിന്നായി പന്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത് പൂനെയുടെ മുറിവേറ്റ അഭിമാനത്തിന് ആശ്വാസം പകർന്നു.

72-ാം മിനിറ്റിൽ ഡൽഹിയുടെ ലീഡ് പിന്നെയും മുൻപോട്ടേക്കെത്തിക്കുന്നതിന് കാലു ഉചെ നടത്തിയ ശ്രമം പാഴായി. ഇടതു ഭാഗത്ത് നിന്നും പൂനെയുടെ ഗോൾമുഖത്ത് അപകടകരമായെത്തിയ പന്ത് തല കൊണ്ട് ഗോൾ പോസ്റ്റിനുളളിലേക്ക് തട്ടിയിടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇത് പൂനെയ്ക്ക് മടങ്ങി വരവിനും ഗോൾ വ്യത്യാസം കുറയ്ക്കുന്നതിനുമുളള ഒരു അവസരം നൽകി. ഇഞ്ച്വറി ടൈമിൽ, വലതു ഭാഗത്തു നിന്നുമുളള മാഴ്‌സലീഞ്ഞ്യോയുടെ ക്രോസ് സ്വീകരിച്ച മുൻ ഡൽഹി മിഡ്ഫീൽഡർ മാർക്കസ് ടെബാർ, ക്ലോസ് റേഞ്ചിൽ ഡൽഹി ഗോൾ കീപ്പറെ പരാജപ്പെടുത്തി പൂനെ കാണികൾക്ക് ആവേശത്തിരകളിളക്കി. എന്നാൽ സീസണിലെ ആദ്യത്തെ പരാജയം നികത്തുന്നതിന് പൂനെ സിറ്റി എഫ്‌സിയ്ക്ക് പിന്നീട് ഏറെ സമയം ബാക്കിയുണ്ടായിരുന്നില്ല.
പുനെ സിറ്റി എഫ്‌സി ഇനി 26-ന് കൊൽക്കത്തയിൽ നടക്കന്ന അടുത്ത മത്സരത്തിൽ ആതിഥേയരായ എടികെ-യെയും ഡൽഹി 28-ന് ബംഗളൂരുവിൽ ആതിഥേയരായ ബംഗളൂരു എഫ്‌സി-യേയും നേരിടും.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: ഡൽഹി ഡൈനാമോസ്

മൊമന്റ് ഓഫ് ദ് മാച്ച് അവാർഡ്: മത്യാസ് മിറാബ്‌ജെ

വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്: ലാലിൻസുവാല ചാങ്‌ദേ

ഐഎസ്എൽ എമേർജിംഗ് പ്ലെയർ: സാർതക് ഗോലുയി

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: ലാലിൻസുവാല ചാങ്‌ദേ