മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ ഐഎസ്എല്ലിൽ ചരിത്രപരമായ ഇരട്ടക്കിരീടങ്ങളിലേക്ക് നയിക്കുകയും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഈ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തതോടെ, പ്രതിരോധ താരം സുഭാഷിഷ് ബോസിന് ഇത് അവിസ്മരണീയമായൊരു വർഷമായി മാറി.

"അതെ, ഈ വർഷം എനിക്ക് വ്യക്തിപരമായി മികച്ചതായിരുന്നു. ഇത്തരം സീസണുകൾ ഏതൊരു കളിക്കാരന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല. ഇത് കൂടുതൽ കഠിനാധ്വാനം ചെയ്യാനും സ്വയം മെച്ചപ്പെടാനും പ്രചോദനമേകുന്നു, അതുവഴി രാജ്യത്തിനായി ഏറ്റവും മികച്ചത് നൽകാൻ എനിക്ക് സാധിക്കും. ഞങ്ങൾക്ക് മുന്നിൽ രണ്ട് സുപ്രധാന അന്താരാഷ്ട്ര മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യക്ക് അനുകൂലമായ ഫലങ്ങൾ നേടാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," കൊൽക്കത്തയിലെ പരിശീലനത്തിനിടെ ബോസ് മാധ്യമങ്ങളോട് പറഞ്ഞു.

ജൂൺ നാലിന് തായ്ലൻഡിനെതിരെ സൗഹൃദ മത്സരവും, പത്തിന് എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോങ്കോങിനെതിരായ മത്സരവും കളിക്കാനൊരുങ്ങുന്ന ഇന്ത്യൻ ദേശീയ പുരുഷ ഫുട്ബോൾ ടീം കൊൽക്കത്തയിലെ എഐഎഫ്എഫ് നാഷണൽ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനം ആരംഭിച്ചു.

സീനിയർ ദേശീയ ടീമിനായി ഇതുവരെ 42 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സുഭാഷിഷ് ബോസ്, തുടർച്ചയായ മൂന്നാം തവണയും എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 23-ാം വയസ്സിൽ 2019-ൽ യുഎഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും മുഴുവൻ മിനിറ്റുകളിലും ഗോൾവലക്ക് മുന്നിലുണ്ടായിരുന്ന താരം, കഴിഞ്ഞ ഏഴ് വർഷമായി ദേശീയ ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ്.

"രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനായി കരുതുന്നു. എല്ലാ മത്സരങ്ങളും ഒരുപോലെയല്ല, പക്ഷേ എല്ലാം പ്രധാനമാണ്. ചിലപ്പോൾ നിങ്ങൾ നന്നായി ചെയ്യുന്നു, ചിലപ്പോൾ ഇല്ല. അത് കളിയുടെ ഭാഗമാണ്. ഏറ്റവും പ്രധാനം നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഒരു യൂണിറ്റായി കളിക്കുകയും ചെയ്യുക എന്നതാണ്, അങ്ങനെയെങ്കിൽ നമുക്ക് ക്ലീൻ ഷീറ്റുകൾ നേടാൻ മാത്രമല്ല, ഗോളുകൾ നേടാനും കഴിയും," അദ്ദേഹ ഓർമിപ്പിച്ചു.

ഐഎസ്എല്ലിന്റെ 2024-25 സീസണിൽ ഏറ്റവുമധികം ഗോൾ നേടിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് സുഭാശിഷ് ബോസ്. മുന്നിലുള്ളത് ബെംഗളൂരു എഫ്‌സിയുടെ ഇതിഹാസ നായകൻ സുനിൽ ഛേത്രിയും ഈ സീസണിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ബ്രൈസൺ ഫെർണാണ്ടസും മാത്രം. പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ പോലെ ചുക്കാൻ പിടിക്കുന്ന ലെഫ്റ്റ് ബാക്ക് സീസണിൽ നേടിയത് ആറ് ഗോളുകൾ. ദേശീയ ടീമിനായി വലകുലുക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും വരും മത്സരങ്ങളിൽ ആ നേട്ടവും സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. അടുത്ത രണ്ട് മത്സരങ്ങളിലും മികച്ച ഫലങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.

"ഗോളടിക്കാൻ കഴിവുള്ള പ്രതിഭാശാലികളും സർഗ്ഗാത്മകരുമായ നിരവധി കളിക്കാർ ഞങ്ങൾക്കുണ്ട്. സുനിൽ (ഛേത്രി) ഭായിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, അടുത്ത രണ്ട് മത്സരങ്ങളിലും ഞങ്ങൾ ഗോളുകൾ നേടുമെന്നും, ഒത്തിണക്കത്തോടെ പ്രതിരോധിച്ച് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്," അദ്ദേഹം പറഞ്ഞു.

പുതിയ മുഖ്യ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ കളിച്ച ആറ് മത്സരങ്ങളിൽ ഇന്ത്യക്ക് ഒരു ജയം മാത്രമാണ് നേടാനായത്. അഞ്ച് സൗഹൃദ മത്സരങ്ങളും ഉൾപ്പെടുന്ന ഈ ഘട്ടത്തിൽ, അതിനിർണായകമായ എഎഫ്‌സി യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരെ വഴങ്ങിയ സമനില നിരാശയുണ്ടാക്കി.

"കഴിഞ്ഞ ചില മത്സരങ്ങളിൽ ഞങ്ങളുടെ ഭാഗത്തുനിന്ന് ചെറിയ പിഴവുകൾ സംഭവിച്ചിരിക്കാം. എന്നാൽ, അവ തിരുത്തി മുന്നോട്ടുപോകാനാണ് ഞങ്ങൾ ഇവിടെ പരിശീലിക്കുന്നത്. വരാനിരിക്കുന്ന രണ്ട് നിർണായക മത്സരങ്ങൾക്ക് മുമ്പ് ഈ പോരായ്മകൾ പരിഹരിച്ച് സ്വയം മെച്ചപ്പെടേണ്ടതുണ്ട്. പരിശീലകൻ അത്തരം കാര്യങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യുന്നുണ്ട്, ആ മേഖലകളിൽ കൂടുതൽ മികവ് പുലർത്താനാണ് ഞങ്ങൾ ഓരോരുത്തരും കഠിനമായി പരിശ്രമിക്കുന്നത്," ബോസ് വ്യക്തമാക്കി.

കാണികളിൽ വീറും വാശിയും ആവേശവും നിറച്ച സെമി ഫൈനൽ - ഫൈനൽ പോരാട്ടങ്ങളടങ്ങിയ ഐഎസ്എല്ലിന്റെ പ്ലേ ഓഫ് ഘട്ടത്തിനും, തുടർന്ന് നടന്ന കലിംഗ സൂപ്പർ കപ്പിനും ശേഷമാണ് നീലക്കുപ്പായമണിഞ്ഞ് കളിക്കാർ മാതൃരാജ്യത്തിനായി ബൂട്ട് കെട്ടുന്നത്. കൊൽക്കത്തയിൽ ഏകദേശം ഒരു ആഴ്ചക്ക് മുകളിൽ പരിശീലനം നടത്തിയ ശേഷം, ഇന്ത്യൻ ടീം തായ്‌ലൻഡിൽ ആറ് ദിവസം കൂടി പരിശീലനം തുടരും. നീണ്ടതും മത്സരങ്ങൾ നിറഞ്ഞതുമായ ആഭ്യന്തര സീസണിന് ശേഷം ചെറിയൊരു ഇടവേളയെടുത്താണ് കളിക്കാർ പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയിരിക്കുന്നത് എന്നതിനാൽ, മാർക്വേസിന്റെ കളിശൈലിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.

"സീസണിൽ ഞങ്ങൾ ഓരോരുത്തരും വ്യത്യസ്ത ക്ലബ്ബുകൾക്കായാണ് കളിച്ചത്. അവിടെ ഓരോ പരിശീലകന് കീഴിലും വ്യത്യസ്ത ഗെയിം ശൈലികളായിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരു ടീമായി ഒന്നിച്ചുചേരേണ്ടത് അത്യാവശ്യമാണ്. പരിശീലകൻ മനോലോ മാർക്വേസ് ഒരുക്കിയിട്ടുള്ള കളിരീതിയിലേക്ക് എല്ലാവരും മാറണം, എങ്കിൽ മാത്രമേ ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾക്ക് സാധിക്കൂ."

"വ്യത്യസ്ത പരിശീലകരുടെ കീഴിലും വിവിധ കളിരീതികളിലും കളിക്കുന്നത് ഓരോ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരന്റെയും കരിയറിന്റെ ഭാഗമാണ്. കുട്ടിക്കാലം മുതൽ ഞങ്ങൾ അതാണ് ശീലിക്കുന്നത്. അതുകൊണ്ടുതന്നെ, അതൊരു വലിയ വെല്ലുവിളിയായി ഞാൻ കാണുന്നില്ല. എങ്കിലും, ടീം എന്ന നിലയിൽ എല്ലാവരും ഒരേ താളത്തിൽ, ഒരേ ലക്ഷ്യത്തോടെ കളിക്കേണ്ടത് അത്യാവശ്യമാണ്," ബോസ് പറഞ്ഞുനിർത്തി.